/indian-express-malayalam/media/media_files/2025/03/07/bKsJDRIDNKtXjoBqk2CV.jpg)
Source: Freepik
ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കുന്നതിന് കർശനമായ ദിനചര്യകളുടെയോ വിലയേറിയ ഭക്ഷണങ്ങളുടെയോ ആവശ്യമില്ല. ചില നട്സുകൾ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി. അത്തരത്തിലൊന്നാണ് ഈന്തപ്പഴം. അവയിൽ നാരുകൾ, പൊട്ടാസ്യം, മഗ്നീഷ്യം, പ്രകൃതിദത്ത പഞ്ചസാര, സംരക്ഷിത ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ മിശ്രിതം കുടലിന്റെ സുഗമമായ പ്രവർത്തനത്തിന് സഹായിക്കുന്നു, സ്ഥിരമായ ഊർജം നൽകുന്നു, കഫീനെയോ കനത്ത പ്രഭാതഭക്ഷണത്തെയോ ആശ്രയിക്കാതെ ശരീര പ്രവർത്തനത്തിന് നല്ല തുടക്കം നൽകുന്നു.
പോഷകാഹാര വിദഗ്ധയായ എഷാങ്ക വാഹിയുടെ അഭിപ്രായത്തിൽ, ശരീര പ്രവർത്തനത്തിന് ഏറ്റവും ഗുണം ചെയ്യുന്ന കാര്യങ്ങളിലൊന്നാണ് രാവിലെ വെറും വയറ്റിൽ 2 ഈന്തപ്പഴം കഴിക്കുക എന്നതാണ്. ഇതൊരു ചെറിയ കാര്യമാണെന്ന് തോന്നുമെങ്കിലും, അതിന്റെ പോഷകമൂല്യം അതിശയിപ്പിക്കുന്നതാണ്. തിരക്കേറിയ പ്രഭാതങ്ങൾ ഉള്ളവർക്ക് പോലും, ഈ ഒരൊറ്റ ശീലം ഏത് ജീവിതശൈലിയിലും ഉൾക്കൊള്ളാൻ കഴിയുമെന്ന് അവർ ചൂണ്ടിക്കാട്ടി.
Also Read: ഉറക്കം കളയാതെ കാപ്പി കുടിക്കാം: എപ്പോൾ നിർത്തണം, എപ്പോൾ തുടങ്ങണം?
എല്ലാ ദിവസവും രാവിലെ ഈന്തപ്പഴം കഴിക്കുന്നതിന്റെ ഗുണങ്ങൾ
മെച്ചപ്പെട്ട ദഹനം, മെച്ചപ്പെട്ട ഊർജ സ്ഥിരത, പ്രതിരോധശേഷിക്കുള്ള പിന്തുണ, മൊത്തത്തിലുള്ള ക്ഷേമം എന്നിങ്ങനെ ഈന്തപ്പഴം ശരീരത്തെ നാല് രീതിയിൽ സഹായിക്കുന്നു. രണ്ട് ഈന്തപ്പഴം കഴിച്ച് ദിവസം ആരംഭിക്കുമ്പോൾ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് അറിയാം.
Also Read: രാത്രിയിൽ വയറു നിറയെ ഭക്ഷണം കഴിക്കേണ്ട, ചെറിയ വിശപ്പോടെ ഉറങ്ങാം; അറിയാം ഗുണങ്ങൾ
സ്വാഭാവിക ഊർജം നൽകുന്നു: പലരും രാവിലെ ചായയോ കാപ്പിയോ കുടിക്കാനാണ് ഇഷ്ടപ്പെടുന്നത്. എന്നാൽ, ഇവ പെട്ടെന്ന് ഊർജം നൽകുമെങ്കിലും ഏതാനും മണിക്കൂറുകൾ കഴിയുമ്പോൾ ഊർജം കുറഞ്ഞു തുടങ്ങും. ഈന്തപ്പഴം ലളിതവും പ്രകൃതിദത്തവുമായ ഒരു ബദൽ വാഗ്ദാനം ചെയ്യുന്നു. ശരീരത്തിന് കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയുന്ന മൂന്ന് തരത്തിലുള്ള പ്രകൃതിദത്ത പഞ്ചസാരയായ ഗ്ലൂക്കോസ്, ഫ്രക്ടോസ്, സുക്രോസ് എന്നിവ അവയിൽ അടങ്ങിയിട്ടുണ്ട്. ഈ മിശ്രിതം ശരീരത്തിന് അമിതഭാരം നൽകാതെ സുഗമമായ ഊർജം നൽകും.
ആസക്തി നിയന്ത്രിക്കുന്നു: അപ്രതീക്ഷിതമായ വിശപ്പോ മധുരമുള്ള എന്തെങ്കിലും കഴിക്കാനുള്ള പെട്ടെന്നുള്ള ആസക്തിയോ ഏതൊരു കർശനമായ ഭക്ഷണക്രമത്തെ പോലും എളുപ്പത്തിൽ തടസപ്പെടുത്തും. രാവിലെ രണ്ട് ഈന്തപ്പഴം കഴിക്കുന്നതിലൂടെ ഇത് മറികടക്കാം. ഈന്തപ്പഴത്തിലെ നാരുകളുടെ അളവ് ദഹനത്തെ മന്ദഗതിയിലാക്കുകയും കൂടുതൽ നേരം വയറു നിറഞ്ഞിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. പെട്ടെന്ന് ലഘുഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുന്നതിനുപകരം, വിശപ്പ് നിയന്ത്രിക്കാൻ ഈന്തപ്പഴം സഹായിക്കുന്നു.
Also Read: മെലിയുകയാണോ ലക്ഷ്യം? ഈ 5 ഭക്ഷണങ്ങൾ ദിവസവും കഴിക്കണം
സുഗമമായ ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു: നാരുകളും അവശ്യ അമിനോ ആസിഡുകളും ഈന്തപ്പഴം നൽകുന്നുണ്ട്. സ്ഥിരമായ ദഹനം നിലനിർത്തുന്നതിൽ നാരുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു, അതേസമയം, അമിനോ ആസിഡുകൾ ശരീരത്തെ ഭക്ഷണം കൂടുതൽ കാര്യക്ഷമമായി തകർക്കാൻ സഹായിക്കുന്നു. ദഹനം സുഗമമാക്കുന്നതിനും, പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യുന്നതിനും സഹായകരമായ സൂക്ഷ്മാണുക്കളെ സഹായിക്കുന്നതിലൂടെ, ഗുണകരമായ കുടൽ ബാക്ടീരിയകളുടെ വളർച്ചയെയും സഹായിക്കുന്നു.
രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നു: ഈന്തപ്പഴത്തിൽ ഫ്ലേവനോയ്ഡുകൾ, കരോട്ടിനോയിഡുകൾ, ഫിനോളിക് ആസിഡുകൾ എന്നിവയുൾപ്പെടെ മൂന്ന് മികച്ച ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ദൈനംദിന ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാൻ ഈ സംയുക്തങ്ങൾ സഹായിക്കുന്നു. ഈ ആന്തരിക സമ്മർദം കുറയ്ക്കുന്നതിലൂടെ, ശക്തമായ രോഗപ്രതിരോധ പ്രവർത്തനം നിലനിർത്താൻ സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: പ്രമേഹം, ചർമ്മാരോഗ്യം, ശരീരഭാരം കുറയ്ക്കൽ; പാവയ്ക്ക ജ്യൂസിന് ഇത്രയും ഗുണങ്ങളോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us