ആർത്തവം മുതൽ പ്രസവം, മുലയൂട്ടൽ വരെ സ്ത്രീയുടെ ശരീരം നിരവധി മാറ്റങ്ങൾക്കു വിധേയമാകുന്നു. അമ്മയായി കഴിയുമ്പോൾ സ്ത്രീകളിൽ വലിയ മാറ്റങ്ങളുണ്ടാവാറുണ്ട്. കുഞ്ഞിന്റെ ആരോഗ്യത്തിന് മുലപ്പാൽ വളരെ പ്രധാനമാണ്. കുഞ്ഞിന് ആറു മാസം വരെ മുലപ്പാല്‍ മാത്രം നല്‍കുന്നതാണ് നല്ലത്.
കുഞ്ഞ് ജനിച്ച് ആറാഴ്ചയ്ക്കുശേഷം വരുന്ന മുലപ്പാൽ പിങ്ക് നിറത്തിലാണെന്ന് കാണിച്ച് ഒരമ്മ ഏതാനും ദിവസം മുൻപ് സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പാൽ ഇങ്ങനെ പിങ്ക് നിറമാകുമെന്ന് തന്നോട് ആരും പറഞ്ഞിരുന്നില്ലെന്നും തന്റെ കുഞ്ഞിന് ഈ പാൽ നൽകാനാവുമോയെന്നും അവർ ചോദിച്ചിരുന്നു. ഒരു കോടിയിലധികം പേരാണ് വീഡിയോ കണ്ടത്.

മുലപ്പാൽ പിങ്ക് നിറമാകാൻ സാധ്യതയുണ്ടോ? എന്താണ് ഇതിന്റെ സത്യാവസ്ഥ? ഇക്കാര്യം അറിയാൻ ചില ഡോക്ടർമാരെ സമീപിച്ചു.
സ്തനങ്ങൾക്കുള്ളിൽ രക്തസ്രാവം ഉണ്ടെങ്കിൽ ചിലപ്പോൾ മുലപ്പാലിന് പിങ്ക് നിറമുണ്ടാകാം. ഗ്രന്ഥികളിൽ ഇൻഫെക്ഷൻ ഉണ്ടെങ്കിലും നിറമാറ്റം വരാം. ലഹരിമരുന്നുകൾ ഉപയോഗിക്കുന്നവരാണെങ്കിലും ഇങ്ങനെ സംഭവിക്കാമെന്ന് എറണാകുളം മെഡിൽക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.അശോക് പിള്ള പറഞ്ഞു.
നാഷണൽ സെന്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷൻ പ്രകാരം, സെറാറ്റിയ മാർസെസെൻസ് കൊളോണിസേഷന്റെ സാന്നിധ്യം മൂലം മുലപ്പാൽ പിങ്ക് നിറമാകാം. ഈ രോഗാണു പല രോഗങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു.
”സാധാരണയായി മഞ്ഞ, വെള്ള, തെളിഞ്ഞ, ക്രീം, ടാൻ, അല്ലെങ്കിൽ നീല-ടേൺ ആണ് മുലപ്പാൽ നിറം. ചിലപ്പോൾ സ്തനങ്ങൾക്കുള്ളിൽ രക്തസ്രാവം ഉണ്ടെങ്കിൽ നിറവ്യത്യാസം വരാം. അതുപോലെ ചില ഭക്ഷണ പദാർത്ഥങ്ങൾ കഴിച്ചാൽ മുലപ്പാലിന്റെ നിറം മാറാം. ബീറ്റ്റൂട്ട്, ഓറഞ്ച് പഴങ്ങൾ എന്നിവയൊക്കെ നിറവ്യത്യാസത്തിനു കാരണമാകാം,” എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ പീഡിയാട്രീഷ്യൻ ഡോ.ജോണി പറഞ്ഞു.
ഭക്ഷണ പദാർത്ഥങ്ങളാണ് നിറവ്യത്യാസത്തിന് കാരണമെങ്കിൽ കുഞ്ഞിന് മുലപ്പാൽ തുടർന്നും കൊടുക്കുന്നതുകൊണ്ട് പ്രശ്നമില്ല. പക്ഷേ ഇൻഫെക്ഷൻ പോലുള്ള മറ്റു കാരണങ്ങളാണെങ്കിൽ ഡോക്ടറെ കണ്ട് പരിശോധിച്ചതിനുശേഷം മുലപ്പാൽ കൊടുക്കണമെന്നും ഡോക്ടർ നിർദേശിക്കുന്നു.
മുലക്കണ്ണിൽ ചെറിയ പൊട്ടലുകളുണ്ടായിട്ടുണ്ടെങ്കിൽ അതിലൂടെയുള്ള രക്തം മുലപ്പാലുമായി ചേർന്ന് നിറവ്യത്യാസമുണ്ടാകാമെന്ന് എറണാകുളം ലക്ഷ്മി ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.വിനോദിനി പറഞ്ഞു. ചിലപ്പോൾ കുഞ്ഞ് മുലക്കണ്ണിൽ അമര്‍ത്തി കടിക്കുമ്പോള്‍ പൊട്ടല്‍ സംഭവിക്കാന്‍ ഇടയുണ്ട്. ഇത് അമ്മമാർ ചിലപ്പോൾ ശ്രദ്ധിച്ചിട്ടുണ്ടാവില്ലെന്നും ഡോക്ടർ പറഞ്ഞു.
Read More: കുട്ടികളിലെ മലബന്ധം ഒഴിവാക്കാൻ ചില വീട്ടുവൈദ്യങ്ങൾ