രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന ആന്റിഓക്സിഡന്റുകളുടെയും പോഷകങ്ങളുടെയും നല്ല ഉറവിടമാണ് സ്ട്രോബെറി. മാംഗനീസ്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും വിറ്റാമിൻ സിയും ധാരാളം അവയിൽ അടങ്ങിയിട്ടുണ്ട്.
സ്ട്രോബെറിയിലെ ആന്റിഓക്സിഡന്റുകളും പോളിഫെനോളുകളും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും വിവിധ തരത്തിലുള്ള കാൻസറിനെ തടയുകയും ചെയ്യുന്നു. കൂടാതെ, ഇവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിനും നാരുകൾ ദഹനത്തെ സഹായിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഹൃദയത്തെ സംരക്ഷിക്കുന്നു
സ്ട്രോബെറിയിലെ ആന്റിഓക്സിഡന്റുകളുടെയും പോളിഫെനോളുകളുടെയും സാന്നിധ്യം ഹൃദയത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. സ്ട്രോബെറിയിൽ ആന്തോസയാനിനുകൾ (അവയുടെ ചുവന്ന നിറത്തിന് കാരണമായ ആന്റിഓക്സിഡന്റുകൾ) അടങ്ങിയിട്ടുണ്ട്. ഇവ ധമനികൾ പ്ലേഗ് അടിഞ്ഞുകൂടുന്നതിൽ നിന്ന് സംരക്ഷിക്കുകയും രക്തസമ്മർദം നിയന്ത്രിക്കുകയും ചെയ്യുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
സ്ട്രോബെറിയിൽ എലാജിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇവ ആന്റിഓക്സിഡന്റുകളോടൊപ്പം അന്നജം അടങ്ങിയ ഭക്ഷണങ്ങളുടെ ദഹനം മന്ദഗതിയിലാക്കാൻ സഹായിക്കുന്നു. അന്നജം അടങ്ങിയ ഭക്ഷണത്തിനുശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ടൈപ്പ്-2 പ്രമേഹമുള്ള വ്യക്തികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. സ്ട്രോബെറിക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്, അതായത് പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന മികച്ച ഒന്നാണ്.
കാൻസറിനെ ചെറുക്കാൻ സഹായിക്കുന്നു
വൈറ്റമിൻ സിയുടെയും നാരുകളുടെയും നല്ല ഉറവിടങ്ങളാണ് സ്ട്രോബെറി. ഇവ രണ്ടും അന്നനാളത്തിലെയും വൻകുടലിലെയും അർബുദങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു
സ്ട്രോബെറി വിറ്റാമിൻ സിയുടെ മികച്ച സ്രോതസാണ്. വൈറ്റമിൻ സി രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന ആന്റിബോഡികളെ ഉത്തേജിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവ അണുബാധകളെ ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് വർധിപ്പിക്കുന്നു.
മസ്തിഷ്കാരോഗ്യം മെച്ചപ്പെടുത്തുന്നു
സ്ട്രോബെറിയിൽ ആന്റിഓക്സിഡന്റുകളുടെ ഉയർന്ന ഉള്ളടക്കമുണ്ട്. ഇവ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന നാശത്തിൽ നിന്ന് മസ്തിഷ്ക കോശങ്ങളെ സംരക്ഷിക്കുന്നു.
ഒരു ദിവസം എത്ര സ്ട്രോബെറി കഴിക്കാം?
ഒരു ദിവസം എട്ടു സ്ട്രോബെറി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചില കാൻസറുകൾ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.