പലരുടെയും ഇഷ്ട പാനീയങ്ങളിൽ ഒന്നാണ് കാപ്പി. ഒരു കപ്പ് ബെഡ് കോഫി കുടിച്ച് ഉറക്കമുണരാൻ ഇഷ്ടപ്പെടുന്നവരും നിരവധിയാണ്. രുചികരവും നല്ല മണവും നൽകുന്നതിനൊപ്പം കാപ്പിക്ക് മറ്റു നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്. അതിൽ ശരീര ഭാരം കുറയ്ക്കുന്നതും ഉൾപ്പെടും. കൊഴുപ്പ് എരിച്ചു കളയാനുള്ള മികച്ച പാനീയത്തിനു പുറമേ, വർക്ക്ഔട്ടിനു മുൻപ് കുടിക്കാവുന്ന മികച്ച ഒന്നുകൂടിയാണ് കാപ്പിയെന്ന് ഡയറ്റീഷ്യൻ മാക് സിങ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.
കൊഴുപ്പ് ഇല്ലാതാക്കാൻ വില കൂടിയ ഗുളികകൾ കഴിക്കുന്നതിനു പകരം, ഒരാൾ കാപ്പി കുടിച്ചാൽ മതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “കാരണം, വിപണിയിൽ ലഭ്യമായ കൊഴുപ്പ് കത്തിക്കുന്ന മിക്കവയിലും കഫീൻ പ്രധാന ഘടകമായി അടങ്ങിയിരിക്കുന്നു, ഇത് കാപ്പിയിലും സമാനമാണ്. കൊഴുപ്പ് എരിച്ചു കളയാൻ സഹായിക്കുകയും ഉപാപചയ നിരക്ക് 3-11 ശതമാനം വർധിപ്പിക്കുകയും ചെയ്യുന്ന പ്രകൃതിദത്ത പദാർത്ഥമാണ് കഫീൻ,” അദ്ദേഹം പറഞ്ഞു.
പൂജ്യം ഗ്രാം കൊഴുപ്പും പഞ്ചസാരയും കാർബോഹൈഡ്രേറ്റും അടങ്ങിയ കലോറി കുറഞ്ഞ പാനീയമാണ് കാപ്പി. നമ്മുടെ ഉപാപചയപ്രവർത്തനങ്ങളെ സ്വാധീനിച്ച് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് മാഹിമിലെ എസ്എൽ. രഹേജ ഹോസ്പിറ്റലിലെ ഡയറ്റിക്സ് ഡിപ്പാർട്ട്മെന്റ് മേധാവി രാജേശ്വരി വി.ഷെട്ടി ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു. കാപ്പി കുടിക്കുന്നത് വിശപ്പ് കുറയ്ക്കുകയും കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യുന്നു. അതിലെ കഫീൻ ഉള്ളടക്കം ഉപാപചയ നിരക്ക് വർധിപ്പിക്കുന്നു, ഇത് ശരീരഭാരം കുറയ്ക്കുന്നുവെന്ന് അവർ വ്യക്തമാക്കി.
വർക്കൗട്ടിന് ഒരു മണിക്കൂർ മുമ്പ് കാപ്പി കുടിക്കുന്നത് സഹിഷ്ണുത മെച്ചപ്പെടുത്താനും വ്യായാമത്തിന്റെ തീവ്രത വർധിപ്പിക്കാനും സഹായിക്കും. ഇത് ഡോപാമൈൻ സ്രവത്തെ വർധിപ്പിച്ച് കൂടുതൽ കലോറി എരിച്ചു കളയുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു.
ശരീരഭാരം കുറയ്ക്കുക മാത്രമല്ല, മസ്തിഷ്കാരോഗ്യത്തിനും കാപ്പി നല്ലതാണെന്ന് സിങ് പറഞ്ഞു. ”ഓർമ്മ, മാനസികാവസ്ഥ, പ്രതികരണ സമയം എന്നിവയുൾപ്പെടെ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. കാപ്പിയിൽ വിറ്റാമിനുകൾ ബി 2, ബി 5, ബി 3, മാംഗനീസ്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്. പാർക്കിൻസൺസ് രോഗം, ടൈപ്പ് 2 പ്രമേഹം, കരൾ അർബുദം ഉൾപ്പെടെയുള്ള കരൾ രോഗങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷിച്ചേക്കാം,” അദ്ദേഹം പറഞ്ഞു.
കാപ്പി കുടിക്കുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
പലപ്പോഴും ആളുകൾ കാപ്പിയിൽ പഞ്ചസാര, ക്രീം, സിറപ്പ് അല്ലെങ്കിൽ മറ്റ് ചില വസ്തുക്കൾ ചേർക്കാറുണ്ട്. ഇവ ഒരിക്കലും നല്ലതല്ല. പഞ്ചസാരയോ സിറപ്പുകളോ ചേർക്കാതെ കാപ്പി കുടിക്കണമെന്ന് മാക് നിർദേശിച്ചു. അതുപോലെ, ദിവസം 2-3 കപ്പിൽ കൂടുതൽ കാപ്പി കുടിക്കുന്നത് ചില ഹൃദ്രോഗങ്ങളിലേക്ക് നയിക്കുന്നു. ഹൈപ്പർടെൻഷൻ ഉള്ളവർ ഇത് ഒഴിവാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.