/indian-express-malayalam/media/media_files/2025/11/13/weight-loss-2025-11-13-15-31-03.jpg)
Source: Freepik
ശരീരഭാരം കുറയ്ക്കുക എന്നത് മിക്കവർക്കും ഒരു ബാലികേറാമലയാണ്. ഇന്നത്തെ കാലത്ത് ഭാരം കുറയ്ക്കാനുള്ള വഴികൾ പലപ്പോഴും കഠിനമായ വ്യായാമങ്ങൾക്കും കർശനമായ ഭക്ഷണനിയമങ്ങൾക്കും ഇടയിൽപ്പെട്ട് ഉഴലുകയാണ്. ഒരു ദിവസം ജിമ്മിലെ കഠിനമായ വർക്കൗട്ടുകളെക്കുറിച്ചാണെങ്കിൽ, അടുത്ത ദിവസം അത് ഭക്ഷണം കഴിക്കുന്ന സമയത്തെക്കുറിച്ചുള്ള കടുത്ത നിയന്ത്രണങ്ങളെക്കുറിച്ചായിരിക്കും. ഈ ബഹളങ്ങൾക്കിടയിൽ വിശപ്പിന്റെ അടിസ്ഥാന സ്വഭാവവും കൃത്യമായ ദിനചര്യയും അത് പാലിക്കുന്നതിലെ സ്ഥിരതയും പലരും മറന്നുപോകുന്നു.
സമ്മർദം കൂട്ടുന്നതിലൂടെയല്ല, മറിച്ച് ലളിതമായ ശീലങ്ങളിലൂടെയാണ് സുസ്ഥിരമായ കൊഴുപ്പ് കുറയ്ക്കൽ സാധ്യമാകുന്നത്. ഫ്രീഡം ഫ്രം ഡയബറ്റിസ് സഹസ്ഥാപകനും ഒബിസിറ്റി മാനേജ്‌മെന്റ് വിദഗ്ധനുമായ ഡോ.മൽഹാർ ഗൻല ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ഈ ആശയമാണ് മുന്നോട്ടുവെക്കുന്നത്. ഏകദേശം രണ്ടര മാസം കൊണ്ട് 10 കിലോ ഭാരം കുറയ്ക്കാനുള്ള മൂന്ന് ലളിതമായ വഴികൾ അദ്ദേഹം ഇതിൽ വിവരിക്കുന്നു.
Also Read: വൈറ്റമിൻ ബി12 ഗുളികകൾ വെറും വയറ്റിൽ കഴിക്കാമോ?
കാലറി എരിച്ച് കളയുന്നതിനേക്കാൾ ഉപരിയായി, എപ്പോൾ എങ്ങനെ ഭക്ഷണം കഴിക്കുന്നു എന്നതിൽ മാറ്റം വരുത്തുന്നതിലാണ് ഡോ.ഗൻലയുടെ രീതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാനും വിശപ്പിന്റെ സൂചനകളെ പുനഃക്രമീകരിക്കാനും സഹായിക്കുന്ന മൂന്ന് ഘട്ടങ്ങൾ അദ്ദേഹം വിശദീകരിച്ചു.
ഒന്നാം ഘട്ടം: വിശപ്പിനെ അടിച്ചമർത്താതിരിക്കുക
ഭൂരിഭാഗം ആളുകളും വരുത്തുന്ന പ്രധാന തെറ്റ് വിശപ്പിനെ അവഗണിക്കുന്നതാണെന്ന് ഡോ.ഗൻല പറയുന്നു. "വിശപ്പിനെ അടിച്ചമർത്തരുത്, പകരം അതിന് പരിഹാരം കാണുക," അദ്ദേഹം പറഞ്ഞു. ശരീരത്തിന് കൃത്യസമയത്ത് ആവശ്യമായത് ലഭിക്കാതെ വരുമ്പോൾ പിന്നീട് അമിതമായ കൊതി ഉണ്ടാകുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. വിശപ്പിന്റെ സൂചനകൾ മനസിലാക്കി അതിനോട് കൃത്യമായി പ്രതികരിക്കാൻ അദ്ദേഹം നിർദേശിച്ചു. ഇതിന്റെ ഭാഗമായി അടിസ്ഥാനപരമായ സപ്ലിമെന്റുകൾ കഴിച്ചു തുടങ്ങാനും അദ്ദേഹം ഉപദേശിച്ചു. ശരീരത്തിലെ പോഷകക്കുറവുകൾ പരിഹരിക്കപ്പെടുന്നതോടെ രണ്ടാഴ്ചയ്ക്കുള്ളിൽ ഭക്ഷണത്തോടുള്ള അമിതമായ ആഗ്രഹം ഗണ്യമായി കുറയുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു. പ്രഭാതഭക്ഷണത്തിൽ മുട്ട, മുളപ്പിച്ച പയർവർഗങ്ങൾ പോലുള്ള പ്രോട്ടീൻ ഓപ്ഷനുകൾ ഉൾപ്പെടുത്താനും അദ്ദേഹം നിർദേശിച്ചു.
Also Read: രാത്രി വൈകിയുള്ള ഭക്ഷണം, പ്രോട്ടീന്റെ കുറവ്; ഫാറ്റി ലിവർ അകറ്റാൻ ഈ 3 തെറ്റുകൾ തിരുത്താം
രണ്ടാം ഘട്ടം: സ്വന്തം ഭക്ഷണം കരുതുക
രണ്ടാമത്തെ നിയമം കർശനവും എന്നാൽ ലളിതവുമായിരുന്നു. "നിങ്ങളുടെ പക്കൽ ഭക്ഷണമില്ലെങ്കിൽ, നിങ്ങൾ കഴിക്കാൻ പാടില്ല," ഡോ.ഗൻല പറഞ്ഞു. അടുത്ത രണ്ടര മാസത്തേക്ക് റസ്റ്ററന്റുകളും ഭക്ഷണശാലകളും പൂർണമായും ഒഴിവാക്കാൻ അദ്ദേഹം നിർദേശിച്ചു. നിങ്ങൾ സ്വയം തയ്യാറാക്കി കൂടെ കരുതുന്ന ഭക്ഷണം മാത്രം കഴിക്കുക എന്നതാണ് ഇതിന്റെ പിന്നിലെ ആശയം. ഭക്ഷണം ലഭ്യമല്ലെങ്കിൽ, അടുത്ത നേരത്തെ ഭക്ഷണം വരെ നിങ്ങൾ കാത്തിരിക്കണം. ചായ, കാപ്പി, നാരങ്ങാവെള്ളം എന്നിവയ്ക്ക് മാത്രമാണ് അദ്ദേഹം ഇതിൽ ഇളവ് നൽകിയത്.
Also Read: ദിവസവും ഓറഞ്ച് ജ്യൂസ് കുടിച്ചാൽ എന്ത് സംഭവിക്കും?
മൂന്നാം ഘട്ടം: മിതമായ വ്യായാമം
ഇതിൽ കഠിനമായ വ്യായാമങ്ങൾ നിർദേശിച്ചിരുന്നില്ല. ലഘുവായ നടത്തം, ലളിതമായ യോഗ തുടങ്ങിയ മിതമായ വ്യായാമങ്ങളാണ് ഡോ.ഗാൻല നിർദേശിച്ചത്. അമിതമായ വ്യായാമം വിശപ്പ് വർധിപ്പിക്കുമെന്നും അത് ഭക്ഷണക്രമത്തിലെ അച്ചടക്കം നിലനിർത്തുന്നത് പ്രയാസകരമാക്കുമെന്നും അദ്ദേഹം പറയുന്നു.
രണ്ടു മാസത്തെ അവസാന ഘട്ടത്തിൽ ലക്ഷ്യം വളരെ ലളിതമാണ്. വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക, വിശപ്പില്ലാത്തപ്പോൾ ഭക്ഷണം ഒഴിവാക്കുക എന്ന് ശീലിക്കുക. ദീർഘകാലാടിസ്ഥാനത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത് ഈ ശീലത്തിലുള്ള മാറ്റമാണെന്ന് ഡോ.ഗൻല വ്യക്തമാക്കി.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ശരീര ഭാരം കുറയ്ക്കണോ? ഈ 10 തെറ്റുകൾ ഇന്ന് തന്നെ തിരുത്താം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us