Wear a mask while having sex, Canada’s top doctor suggests: കൊറോണ വൈറസ് ബാധിക്കുന്നതിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ചുംബനം ഒഴിവാക്കുകയും മാസ്ക് ധരിക്കുന്നത് പരിഗണിക്കുകയും ചെയ്യണമെന്ന് കാനഡയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.തെരേസ ടാം ബുധനാഴ്ച പറഞ്ഞു.
കോവിഡ് -19 ലൈംഗികമായി പകരുന്ന ഒന്നല്ല. എന്നാൽ, അസുഖലക്ഷണമുള്ള ഒരാളിൽ നിന്നും ശ്വാസകോശ സ്രവങ്ങളിലൂടെയും സ്പർശത്തിലൂടെയും മറ്റും മറ്റൊരാളിലേക്ക് അസുഖം പകരാം എന്നതിനാൽ പങ്കാളികൾ ഏറെ അടുത്ത് ഇടപഴകുന്ന സെക്സിന്റെ കാര്യത്തിലും ഒരു കരുതൽ അത്യാവശ്യമാണ്.
“കോവിഡ് കാലത്ത് അസുഖം പകരാൻ സാധ്യതയുള്ള മറ്റ് ശാരീരിക അടുപ്പങ്ങൾ ഒഴിവാക്കുന്നത് പോലെ,
ലൈംഗിക ബന്ധത്തിലും വൈറസ് പടരുന്നതിനുമുള്ള അപകടസാധ്യത കുറയ്ക്കുന്നതിന് നിങ്ങൾക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അപകടസാധ്യത കുറവുള്ള ലൈംഗിക പ്രവർത്തികളിൽ മാത്രം ഏർപ്പെടുക,” ഡോ.തെരേസ പറഞ്ഞു.
ചുംബനം ഒഴിവാക്കുക, മുഖാമുഖമുള്ള അടുപ്പം ഒഴിവാക്കുക, വായും മൂക്കും മൂടുന്ന മാസ്ക് ധരിക്കുക, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് മുൻപ്, നിങ്ങൾക്കോ നിങ്ങളുടെ പങ്കാളിക്കോ ഏതെങ്കിലും തരത്തിലുള്ള കോവിഡ് ലക്ഷണങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുക.
ലൈംഗിക ആരോഗ്യം മൊത്തത്തിലുള്ള ആരോഗ്യത്തിന്റെ ഒരു പ്രധാന ഭാഗമാണ്. മുൻകരുതൽ സ്വീകരിക്കുന്നതിലൂടെ, “കോവിഡിനെ പ്രതിരോധിക്കുന്നതിൽ നാം കൈവരിച്ച പുരോഗതി സംരക്ഷിക്കുന്നതിനൊപ്പം കനേഡിയൻ ജനതയ്ക്ക് ശാരീരിക അടുപ്പം ആസ്വദിക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്താൻ കഴിയും.” ഡോ.തെരേസ പറഞ്ഞതിങ്ങനെ.
സെപ്റ്റംബർ ഒന്നുവരെ കാനഡയിൽ 129,425 കോവിഡ് കേസുകളും 9,132 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ ദൈനംദിന കേസുകളുടെ എണ്ണം കുറവാണെങ്കിലും ചില പടിഞ്ഞാറൻ കനേഡിയൻ പ്രവിശ്യകളിൽ കൂടുതൽ കേസുകളുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
- Read More: കൊറോണക്കാലത്തെ ലൈംഗികത; അറിയേണ്ട ചില കാര്യങ്ങൾ
- Read in English: Wear a mask while having sex, Canada’s top doctor suggests