scorecardresearch
Latest News

ശരീരത്തിൽ ഹാപ്പി ഹോർമോണുകൾ കൂടുതലായി ഉത്പാദിപ്പിക്കാം, സന്തോഷത്തോടെയിരിക്കാം; ഇതാ ചില വഴികൾ

ഫീൽ ഗുഡ് ഹോർമോണുകൾ എന്നറിയപ്പെടുന്ന ഹാപ്പി ഹോർമോണുകൾക്ക് നമ്മുടെ സന്തോഷത്തെ സ്വാധീനിക്കാൻ കഴിയും

ശരീരത്തിൽ ഹാപ്പി ഹോർമോണുകൾ കൂടുതലായി ഉത്പാദിപ്പിക്കാം, സന്തോഷത്തോടെയിരിക്കാം; ഇതാ ചില വഴികൾ

ജീവിതത്തിൽ സന്തോഷം ആഗ്രഹിക്കാത്തവരുണ്ടോ? സാധ്യത കുറവാണ്. ആത്യന്തികമായി സന്തോഷം തേടിയുള്ള യാത്രതന്നെയാണ് മനുഷ്യജീവിതം. ആ യാത്രയിൽ സന്തോഷം അനുഭവിച്ചറിയാൻ നമ്മെ സഹായിക്കുന്ന കുറച്ചു ഹോർമോണുകൾ നമ്മുടെ ശരീരം തന്നെ ഉത്പാദിപ്പിക്കുന്നുമുണ്ട്. ഹാപ്പി ഹോർമോണുകൾ അല്ലെങ്കിൽ ഫീൽ ഗുഡ് ഹോർമോണുകൾ എന്നറിയപ്പെടുന്ന ഇവയുടെ ശരീരത്തിലെ അളവാണ് നമ്മുടെ സന്തോഷത്തിന്റെ അളവിനെ തന്നെ നിയന്ത്രിക്കുന്നത്. വ്യായാമം മുതൽ ആലിംഗനം വരെയുള്ള കാര്യങ്ങളിലൂടെ ഈ ഹാപ്പി ഹോർമോണുകളെ നമുക്ക് നിയന്ത്രിക്കാവുന്നതാണ്.

എതൊക്കെയാണ് ഹാപ്പി ഹോർമോണുകൾ?
ഡോപാമൈൻ, സെറോടോണിൻ, ഓക്സിടോസിൻ, എൻഡോർഫിനുകൾ എന്നിങ്ങനെ നാല് ഹോർമോണുകളെയാണ് പ്രധാനമായും ഹാപ്പി ഹോർമോണുകൾ എന്ന് വിളിയ്ക്കുന്നത്.

ഡോപമീൻ
തലച്ചോറിന്റെ റിവാർഡ് സിസ്റ്റത്തെ നിയന്ത്രിക്കുന്ന ഒരു ന്യൂറോ ട്രാൻസ്മിറ്ററാണ് ഡോപമീൻ. ആനന്ദകരമായ അല്ലെങ്കിൽ പ്രതിഫലദായകമായ സന്ദർഭങ്ങളിൽ മസ്തിഷ്കം ഇവ വർദ്ധിച്ച അളവിൽ ഉത്പാദിപ്പിക്കുകയും തത്ഫലമായി ആ വികാരങ്ങൾ നമുക്ക് അനുഭവവേദ്യമാകുകയും ചെയ്യുന്നു. ഇങ്ങനെ പ്രതിഫലദായകമായ സ്വഭാവങ്ങൾ വീണ്ടും ആവർത്തിക്കാനും ഡോപമീൻ നമ്മളെ പ്രേരിപ്പിക്കും. എന്നാൽ ഇതിന് വിപരീതമായി, കുറഞ്ഞ അളവിലെ ഡോപമീൻ നമ്മുടെ ഉത്സാഹം കുറയ്ക്കുകയും ചെയ്യും.

സെറോടോണിൻ
നിങ്ങളുടെ മാനസികാവസ്ഥ, ഉറക്കം, ദഹനം, വിശപ്പ്, ഓർമ്മശക്തി എന്നിവ നിയന്ത്രിക്കുന്ന ന്യൂറോ ട്രാൻസ്മിറ്ററാണ് സെറോടോണിൻ. സെറോടോണിന്റെ ശരീരത്തിലെ വർദ്ധിച്ച അളവ് പോസിറ്റീവ് മാനസികാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ കുറഞ്ഞ അളവ് വിഷാദത്തിന് വരെ കാരണമാകുകയും ചെയ്യാം. അതുകൊണ്ടുതന്നെ, ഉത്കണ്ഠ, വിഷാദം തുടങ്ങിയ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്ന പല മരുന്നുകളും തലച്ചോറിലെ സെറോടോണിന്റെ അളവ് വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നവയാണ്.

ഓക്സിടോസിൻ
‘ലവ് ഹോർമോൺ’ എന്നറിയപ്പെടുന്ന ഇവ ബന്ധങ്ങളിൽ വിശ്വാസം, സഹാനുഭൂതി എന്നിവ പ്രോത്സാഹിപ്പിക്കുന്നു. രക്തത്തിലെ ഉയർന്ന ഓക്സിടോസിൻ ദമ്പതികൾക്കിടയിലെ സ്നേഹം, വിശ്വാസം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്നേഹ സ്പർശനത്തിന്റെയും നോട്ടത്തിന്റെയും മറ്റും ഫലമായാണ് ഇവ ഉത്പാദിപ്പിക്കപ്പെടുന്നത്. സമ്മർദ്ദ സമയങ്ങളിൽ കോർട്ടിസോളിന്റെ പ്രഭാവത്തിനെതിരെ പ്രവർത്തിക്കാനും ഇവയ്ക്കാവും.

എൻഡോർഫിനുകൾ
വേദനസംഹാരികളായി പ്രവർത്തിക്കുന്ന ഹോർമോണുകളാണ് എൻഡോർഫിനുകൾ. കേന്ദ്ര നാഡീവ്യൂഹത്തിലേക്കുള്ള വേദനയ്ക് കാരണമായ സിഗ്നലുകളുടെ കൈമാറ്റം എൻഡോർഫിനുകൾ തടയുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഭക്ഷണം കഴിക്കുക, ജോലി ചെയ്യുക, അല്ലെങ്കിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക തുടങ്ങിയ പ്രതിഫലദായകമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലൂടെ ശരീരത്തിലെ ഇവയുടെ അളവ് വർദ്ധിച്ചേക്കാം.

എങ്ങനെ ഹാപ്പി ഹോർമോണുകൾ കൂടുതലായി ഉത്പാദിപ്പിക്കാം?
ചുരുക്കത്തിൽ സന്തോഷമായി ഇരിക്കാൻ മേൽ പറഞ്ഞ ഹാപ്പി ഹോർമോണുകളുടെ ഉത്പാദനം ഉത്തേജിപ്പിച്ചാൽ മതി.

വ്യായാമം
വ്യായാമത്തിന്റെ ശാരീരികാരോഗ്യ ഗുണങ്ങളെപറ്റി നമുക്കെല്ലാം അറിവുള്ളതാണ്. എന്നാൽ മാനസിക ആരോഗ്യം, വൈകാരിക ക്ഷേമം എന്നിവയിലും ഇവയ്ക്ക് സ്വാധീനം ചെലുത്താനാവും. വ്യായാമത്തിലൂടെ എൻഡോർഫിന്റെ ഉത്പാദനം കൂട്ടാൻ സാധിക്കും. നിങ്ങളുടെ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്ന ഏത് തരത്തിലുള്ള ചലനവും വ്യായാമവും ഒരു പോസിറ്റീവ് വികാരം നിങ്ങളിൽ ഉണ്ടാക്കാൻ പ്രാപ്‌തമാണ്.

സ്നേഹബന്ധങ്ങൾ
നിങ്ങളുടെ ചുറ്റുമുള്ള വ്യക്തികൾക്കും നിങ്ങളുടെ സന്തോഷത്തെ വളരെയധികം സ്വാധീനിക്കാനാവും. ഓക്സിടോസിന്റെ ഉത്പാദനം തന്നെ പ്രധാനമായും ഇവയെ കേന്ദ്രീകരിച്ചാണ്. കൂടാതെ, സന്തോഷകരവുമായ ഓർമ്മകളെപറ്റി ചിന്തിക്കുന്നത് സെറോടോണിൻ ഉൽപാദനത്തിന് കാരണമാകും. എൻഡോർഫിൻ, ഓക്സിടോസിൻ, ഡോപാമൈൻ ഇവയെല്ലാം ലൈംഗിക പ്രവർത്തനത്തിന്റെ ഫലമായും ഉണ്ടാകാറുണ്ട്.

ഭക്ഷണം
ഹാപ്പി ഹോർമോണുകൾ നേരിട്ട് ശരീരത്തിലേക്കെത്തിക്കുന്നതോ ഉത്പാദനം കൂട്ടുന്നതോ ആയ ഭക്ഷണങ്ങൾ വിരളമാണ്. എന്നിരുന്നാലും ഡാർക്ക് ചോക്ലേറ്റ്, കാപ്പി, മുട്ട, പാൽ, പരിപ്പ് എന്നിവയ്ക് ഒരു പരിധി വരെ ഇതിന് സാധിക്കും. ചെറിയ അളവിലുള്ള മദ്യത്തിനും എൻഡോർഫിനുകളുടെ ഉത്പാദനം കൂട്ടാൻ സാധിക്കും. എന്നാൽ, അമിതമായാൽ ഇവ വിപരീത ഫലമുണ്ടാകും.

സംഗീതം
ഒന്നിലധികം ഹാപ്പി ഹോർമോണുകളുടെ ഉത്പാദനത്തെ സ്വാധീനിക്കാൻ ശേഷിയുണ്ട് സംഗീതത്തിന്. പാട്ട് കേൾക്കുന്നതും പാടുന്നതും ഒരുപോലെ ഓക്സിടോസിന്റെ ഉത്പാദനം കൂട്ടുന്ന പ്രവർത്തികളാണ്.

ഹ്രസ്വകാല ലക്ഷ്യങ്ങൾ
നിങ്ങളുടെ ജീവിതലക്ഷ്യങ്ങളെ ചെറിയകാല-പ്രയോഗിക ലക്ഷ്യങ്ങളാക്കിമാറ്റുക. അവ ഓരോന്നും നേടിയെടുക്കാൻ ശ്രമിക്കുക. ഇത് സാധ്യമായാൽ, ഇവ ഡോപമീന്റെ ഉത്പാദനത്തെ സ്വാധീനിക്കും. അതുവഴി സന്തോഷവും ഒപ്പം ഇവ ആവർത്തിക്കാനുള്ള പ്രേരണയും ലഭിക്കും.

ഇവ കൂടാതെ യോഗ, വേഗത്തിലുള്ള നടത്തം, ധ്യാനം, മസാജ്, കോമഡി ഷോകൾ – ഇവയെല്ലാം ഹാപ്പി ഹോർമോണുകളുടെ ഉത്പാദനത്തെ സ്വാധീനിക്കാൻ ശേഷിയുള്ളവയാണ്. എന്നാൽ ഇവയ്‌ക്കെല്ലാം ശേഷവും അതിയായ അസന്തുഷ്ടി നിങ്ങളെ പിന്തുടരുന്നു എന്ന് തോന്നുന്നുവെങ്കിൽ, തീർച്ചയായും വിദഗ്ദ്ധരുടെ സഹായം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Ways to increase your happy hormones