ഇന്ത്യയിൽ പ്രമേഹ ബാധിതരുടെ എണ്ണം ദിനംപ്രതിയെന്ന കണക്കിൽ ഉയരുകയാണ്. അനാരോഗ്യകരമായ ഭക്ഷണക്രമവും മോശം ജീവിതശൈലിയുമൊക്കെ പ്രമേഹരോഗികളുടെ എണ്ണം വർധിക്കാൻ കാരണമാവുന്ന ഘടകങ്ങളാണ്. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ തന്നെ ബാധിക്കുന്ന ജീവിതശൈലി രോഗം കൂടിയാണ് പ്രമേഹം.
Warning signs of Prediabetes
ഭാവിയിൽ നിങ്ങൾ പ്രമേഹരോഗിയാവാൻ സാധ്യതയുണ്ടോ? ശരീരം കാണിച്ചു തരുന്ന ചില മുന്നറിയിപ്പുകൾ പ്രമേഹ സാധ്യതയെ മുൻകൂട്ടി മനസ്സിലാക്കാൻ സഹായിക്കുമെന്നാണ് ആയുർവേദ ഡോക്ടറായ ജെസ്ന പറയുന്നത്.
“അകാരണമായ ക്ഷീണം, അകാരണമായ വിശപ്പും ദാഹവും അമിതമായ വിയർപ്പ് എന്നിവയെല്ലാം പ്രമേഹ സാധ്യതയെ കുറിച്ചു മുന്നറിയിപ്പു നൽകുന്ന അടയാളങ്ങളാണ്. അതുപോലെ, പതിവിലും കൂടുതൽ മൂത്രം ഒഴിക്കാനുള്ള പ്രവണത, കഴുത്തിനു ചുറ്റും കൂടി വരുന്ന കരുവാളിപ്പ്, കഴുത്തിനു ചുറ്റും ധാരാളം സ്കിന് ടാഗ് അഥവാ പാലുണ്ണികൾ പ്രത്യക്ഷപ്പെടുക, വായിലും തൊണ്ടയിലും കോട്ടിംഗ് പോലെ അനുഭവപ്പെടുക, വായയിൽ മധുരരസം പോലെ തോന്നുക, സ്ത്രീകൾക്ക് ഇടയ്ക്കിടയ്ക്ക് മൂത്രാശയ അണുബാധ വരിക, മുറിവുണങ്ങാൻ താമസം, ശരീരത്തിൽ പലയിടത്തും ചൊറിച്ചിൽ അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങളൊക്കെ ശരീരം മുൻകൂട്ടി കാണിച്ചു തരുന്ന പ്രമേയ സാധ്യതയാവാം,” ജെസ്ന പറയുന്നു.
ഈ അടയാളങ്ങൾ ശരീരം കാണിക്കുന്നുവെങ്കിൽ കൃത്യമായ ഇടവേളകളിൽ ഷുഗർ ടെസ്റ്റ് നടത്തിയും ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിച്ചും മുന്നോട്ടു പോവുകയാണ് വേണ്ടതെന്നും ഇതുവഴി പ്രമേഹസാധ്യതയെ അകറ്റി നിർത്താനാവുമെന്നും ജെസ്ന കൂട്ടിച്ചേർത്തു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.