വയർ വീർക്കുന്നത് പലരെയും അസ്വസ്ഥതപ്പെടുത്തുന്ന ഒന്നാണ്. പലർക്കും ദിവസങ്ങൾ കഴിയുന്തോറും വയർ വീർക്കുന്നതായി അനുഭവപ്പെടാറുണ്ട്. ഗ്യാസ്‌ട്രബിൾ അഥവാ വായുക്ഷോഭത്തിനു പുറമേ മലബന്ധം അടക്കമുളള കാരണങ്ങൾമൂലവും വയർ വീർക്കാറുണ്ട്. നമ്മൾ കഴിക്കുന്ന ഭക്ഷണവുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഇതിനുളള പരിഹാരവും നമ്മുടെ ഡയറ്റിൽ തന്നെയുണ്ട്. വയർ വീർക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥതയിൽനിന്നു രക്ഷപ്പെടാൻ നിങ്ങളെ സഹായിക്കുന്ന ചില ഭക്ഷണ പദാർഥങ്ങളുണ്ട്.

മഞ്ഞൾ

അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത മഞ്ഞളിന് അസ്വസ്ഥമായ വയറിനെ ശമിപ്പിക്കാനുളള ശക്തിയുണ്ട്. കുർക്കുമിന്റെ സാന്നിധ്യംമൂലം മഞ്ഞളിന് ആന്റി ഇൻഫ്ലാമേറ്ററി ഗുണങ്ങളുണ്ടെന്ന് മുൻകാലങ്ങളിൽ നടത്തിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഡൈജസ്റ്റീവ് ഡിസീസസ് ആൻഡ് സയൻസസ് നടത്തിയ പഠനമനുസരിച്ച്, ക്രോണ്‍സ്‌ ഡിസീസുളളവർക്ക് (ശരീരത്തിലെ ദഹനവ്യവസ്ഥയെ സാരമായി ബാധിക്കുന്ന ഇൻഫ്ളമേറ്ററി ഡിസോഡര്‍ ആണ്‌ ക്രോണ്‍സ്‌ ഡിസീസ്‌) കുർക്കുമിൻ ഉപയോഗിച്ച് ചികിത്സിക്കുമ്പോൾ വയർ വീക്കം കുറയുന്നതായി പറയുന്നു.

Read Also: ഭക്ഷണത്തിൽനിന്നു പച്ചമുളക് ഒഴിവാക്കാൻ പാടില്ലാത്തത് എന്തുകൊണ്ട്?

വാഴപ്പഴം

വാഴപ്പഴത്തിന് വയർ വീർക്കുന്നതിനെ ചെറുക്കാൻ കഴിയും. പ്രീ-ബയോട്ടിക് ഫൈബറിന്റെ നല്ല ഉറവിടമാണ് വാഴപ്പഴമെന്ന് വിദഗ്‌ധർ പറയുന്നു. ഇത് കുടലിലെ നല്ല ബാക്ടീരിയകളെ വളർത്താൻ സഹായിക്കും. അതുവഴി ദഹനം മെച്ചപ്പെടും. ശരീരത്തിലെ സോഡിയത്തെ സന്തുലിതമാക്കുന്ന പൊട്ടാസ്യം ധാരാളം വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.

മല്ലിയില

പാചകത്തിനല്ലാതെ ഭക്ഷണ സാധനങ്ങൾ അലങ്കരിക്കുന്നതിനും മല്ലി ഇല പലരും ഉപയോഗിക്കാറുണ്ട്. പക്ഷേ വയർ വീർക്കുന്നതിനുളള നല്ലൊരു പരിഹാരമാണ് മല്ലിയില.

ഇഞ്ചി

അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. ദഹനത്തെ സഹായിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ഇഞ്ചി, പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ വർഷങ്ങളായി ഉപയോഗിക്കുന്നു. പേശികളെ വിശ്രമിക്കാൻ ഇഞ്ചി സഹായിക്കുന്നു. ഇത് അമിതമായ ഗ്യാസിനെ പുറന്തള്ളാൻ ശരീരത്തെ സഹായിക്കും. ആരോഗ്യപരമായ മറ്റ് പല ഗുണങ്ങളുളളതിനാൽ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഇഞ്ചി ഉൾപ്പെടുത്താം.

മറ്റ് ഭക്ഷണങ്ങൾ

വെള്ളരി, തക്കാളി, ക്രാൻബെറി ജ്യൂസ്, കാബേജ്, കാരറ്റ് എന്നിവ പോലുള്ള മറ്റ് പല ഭക്ഷ്യവസ്തുക്കളും നിങ്ങൾക്ക് വയറു വീർക്കുന്നതിൽനിന്ന് ആശ്വാസം നൽകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook