ആരോഗ്യകരമായ ജീവിതത്തിൽ ഭക്ഷണം പ്രധാന പങ്കുവഹിക്കുന്നു. ശരീരത്തിന്റെ പോഷക ആവശ്യങ്ങൾ നിറവേറ്റുന്നതിലും ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. ഒരു വ്യക്തി ഭക്ഷണം കഴിക്കുന്ന ഭക്ഷണ ക്രമം അവരുടെ പ്രായം, ശരീരഭാരം, ഹോർമോണുകൾ തുടങ്ങിയ വിവിധ ഘടകങ്ങളെ ബാധിക്കുമെന്ന് ന്യൂട്രീഷ്യനിസ്റ്റ് പൂജ മഖീജ പറയുന്നു.
”ശരിയായ ഭക്ഷണക്രമം എപ്പോഴും ആവശ്യമാണ്, അങ്ങനെയെങ്കിൽ കാർബോഹൈഡ്രേറ്റ് പോലുള്ളവ ആളുകൾ ഒഴിവാക്കേണ്ടതില്ല. ആരോഗ്യം വർധിപ്പിക്കുന്നതിന് ഭക്ഷണ ക്രമം പരിഗണിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ്,” ന്യൂട്രീഷ്യനിസ്റ്റ് പറഞ്ഞു.
“കാർബോഹൈഡ്രേറ്റ് കഴിക്കുന്നതിനുമുമ്പ് പച്ചക്കറികളും പ്രോട്ടീനുകളും കഴിച്ചാൽ, ഇൻസുലിൻ, ഗ്ലൂക്കോസ് സ്പൈക്കുകൾ എന്നിവയിൽ 30-40 ശതമാനം കുറവുണ്ടാകും,” ന്യൂയോർക്ക് സിറ്റിയിലെ വെയിൽ കോർണൽ മെഡിക്കൽ കോളേജിൽ നിന്നുള്ള ഒരു ഗവേഷണ പ്രബന്ധത്തെ ഉദ്ധരിച്ച് അവർ പറഞ്ഞു.
“കാർബോഹൈഡ്രേറ്റുകൾ ആദ്യം കഴിച്ച സമയത്തെ അപേക്ഷിച്ച് 30, 60, 120 മിനിറ്റ് പരിശോധനയിൽ ഗ്ലൂക്കോസിന്റെ അളവ് 29%, 37%, 17% എന്നിവ കുറവാണെന്ന് ഗവേഷകർ കണ്ടെത്തി,” ഗവേഷണ ഫലങ്ങൾ പങ്കുവച്ചുകൊണ്ട് അവർ വ്യക്തമാക്കി. ഗവേഷണത്തിൽ പങ്കാളിയായവർ ആദ്യം പച്ചക്കറികളും പ്രോട്ടീനും കഴിച്ചപ്പോൾ ഇൻസുലിൻ ഗണ്യമായി കുറഞ്ഞതായി ശ്രദ്ധിക്കപ്പെട്ടു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനൊപ്പം, കാർബോഹൈഡ്രേറ്റിന് മുമ്പ് നാരുകളും പ്രോട്ടീനുകളും കഴിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് ന്യൂട്രീഷ്യനിസ്റ്റ് അഭിപ്രായപ്പെട്ടു.
- മെച്ചപ്പെട്ട ഹോർമോൺ ബാലൻസ്
- മെച്ചപ്പെട്ട പ്രത്യുൽപാദനക്ഷമത
- നല്ല ചർമ്മം
- വീക്കം കുറയ്ക്കുന്നു
- സാവധാനത്തിലുള്ള വാർധക്യം
- രോഗ സാധ്യത കുറയ്ക്കുന്നു
ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതിനൊപ്പം അവയുടെ അളവ് നിയന്ത്രിക്കേണ്ടതും പ്രധാനമാണെന്ന് ന്യൂട്രീഷ്യനിസ്റ്റ് പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.