കൊറോണ വൈറസ് വ്യാപിച്ചതോടെ ജനങ്ങളുടെ ജീവിത ശൈലിയിൽ നിരവധി മാറ്റങ്ങളാണ് വന്നത്. മിക്കവരും മാസ്ക് വച്ച് പുറത്തിറങ്ങുന്നു. പലരും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ പുറത്തിറങ്ങാറുള്ളൂ. അതിൽ പ്രധാനപ്പെട്ട മാറ്റം ഭക്ഷണം തന്നെയാണ്. കൂടുതൽ പേരും മാംസാഹാരം നിർത്തി വെജിറ്റേറിയനായി മാറിയിട്ടുണ്ട്.

എന്നാൽ ഇതിൽ പ്രത്യേകിച്ച് കാര്യമൊന്നും ഇല്ലെന്നാണ് എയിംസിലെ പ്രൊഫസർ ഡോക്ടർ ആനന്ദ് കൃഷ്ണൻ പറയുന്നത്.

“ഭക്ഷണം തിരഞ്ഞെടുക്കുന്നത് വൈറസിന്റെ വ്യാപനത്തിൽ എന്തെങ്കിലും മാറ്റമുണ്ടാക്കുമെന്നതിന് തെളിവുകളൊന്നുമില്ല. ഭക്ഷണം തീർച്ചയായും വ്യാപനത്തിന്റെ ഉറവിടമല്ല. അറവുശാലകൾക്കും മറ്റും സമീപം താമസിക്കുന്ന ആളുകളുടെ കാര്യത്തിൽ ഇത് വ്യത്യസ്തമായിരിക്കാം. എന്നാൽ നിങ്ങൾ ഇത് നിങ്ങളുടെ വീട്ടിലെ അടുക്കളയിൽ പാചകം ചെയ്ത് കഴിക്കുകയാണെങ്കിൽ ഒരു പ്രശ്നവുമില്ല. നന്നായി വേവിച്ച മാംസം ഒരിക്കലും ഒരു പ്രശ്നമല്ല,” ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

Read More: Covid 19 Live Updates:കനത്ത ജാഗ്രതയിൽ സംസ്ഥാനം, അതിർത്തികളിൽ കർശന പരിശോധന

വെളുത്തുള്ളി, മഞ്ഞൾ, തേൻ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതുകൊണ്ട് കൊറോണയെ തടയാനാകുമോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി.

“ഇതൊക്കെ വളരെ പൊതുവായവയാണ്. വർഷങ്ങളായി നമ്മൾ വെളുത്തുള്ളി കഴിക്കുന്നുണ്ട്. ഇത് ശരിക്കും അസുഖങ്ങളിൽ നിന്നും സംരക്ഷിക്കുന്നതാണെങ്കിൽ നമുക്കൊന്നും ഒരു രോഗവും വരില്ലല്ലോ. ഇത് വളരെ പൊതുവായ ഒന്നാണ്. ഒരു രോഗത്തിനും പ്രത്യേകിച്ചുള്ളതല്ല. കുറഞ്ഞ​പക്ഷം നോവൽ കൊറോണയ്ക്ക് മാത്രമായിട്ടുള്ളതല്ല,” അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കാർക്ക് ഉയർന്ന പ്രതിരോധശേഷി ഉണ്ടെന്നും അത് കൊറോണയെ ചെറുക്കാൻ സഹായിക്കുമെന്നുമുളള തരത്തിലുള്ള​ പ്രചരണങ്ങൾ വെറും അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

“കൊറോണ വൈറസിനെതിരെ ഒരു പ്രതിരോധശക്തിയുമില്ല. ഇത് ഒരു പുതിയ വൈറസ് ആയതിനാൽ രണ്ടാമതും അണുബാധ സംഭവിക്കുന്നത് അസാധ്യമാണോ എന്ന് കൃത്യമായി പറയാൻ പ്രയാസമാണ്. ചില വൈറസുകളുടെ കാര്യത്തിൽ, ആദ്യത്തെ അണുബാധയ്ക്ക് ശേഷം ഒരാൾക്ക് ആജീവനാന്ത പ്രതിരോധശേഷി ലഭിക്കുന്നു, മറ്റ് സന്ദർഭങ്ങളിൽ അത് സംഭവിക്കില്ല. എന്നാൽ ക്രോസ് ഇമ്മ്യൂണിറ്റി ഇല്ല. അതായത് മറ്റേതെങ്കിലും വൈറസ് മൂലമുണ്ടായ അണുബാധ കൊറോണ വൈറസിനെതിരെ പ്രതിരോധശേഷി നൽകില്ല,”അദ്ദേഹം വ്യക്തമാക്കി.

ചൂട് കൂടിയ പ്രദേശങ്ങളിൽ കൊറോണ വൈറസിന്റെ ആഘാതം കുറയുമെന്നും ഇല്ലെന്നുമുള്ള തർക്കങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി നടക്കുന്നുണ്ട്.

“താപനില ഉയരുമ്പോൾ വൈറസിന്റെ നിലനിൽപ്പിനുള്ള സാധ്യത കുറവായിരിക്കും, പക്ഷേ കൃത്യമായ ആഘാതം പ്രവചിക്കാൻ പ്രയാസമാണ്. എന്തുതന്നെയായാലും, ഒരു കാര്യം ഉറപ്പാണ്, അത് കഠിനമാകില്ല,” അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook