scorecardresearch
Latest News

വേദനാകരമായ ലൈംഗിക ബന്ധമാണോ പ്രശ്നം?; ഇതാവും കാരണം

സ്ത്രീകളിൽ കണ്ടുവരുന്ന വജിനിസ്‌മസ് എന്ന അവസ്ഥയെ കുറിച്ച് കൂടുതലറിയാം

വേദനാകരമായ ലൈംഗിക ബന്ധമാണോ പ്രശ്നം?; ഇതാവും കാരണം

ചില സ്ത്രീകൾക്ക് ലൈംഗികബന്ധം വേദനാജനകമായ അനുഭവമാണ് സമ്മാനിക്കാറുള്ളത്. വജിനിസ്‌മസ് (യോനി സങ്കോചം) എന്ന അവസ്ഥയാണ് ഇതിനു കാരണം. ലൈംഗിക ബന്ധത്തിന് ശ്രമിക്കുന്ന വേളയിൽ, സ്ത്രീയുടെ യോനീഭാഗത്തു സങ്കോചം ഉണ്ടാവുകയും യോനിയിൽ പ്രവേശിപ്പിക്കാൻ ശ്രമിക്കുമ്പോൾ വേദന അനുഭവപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്. വേദന മൂലം സ്ത്രീകൾ, കാലുകൾ ബലമായി അടുപ്പിക്കുന്നത് ലിംഗം യോനിയിൽ പ്രവേശിപ്പിക്കുന്നത് അസാധ്യമാക്കുകയും ചെയ്യും. വജിനിസ്‌മസ് ഉള്ളവർക്ക് ക്രമേണ ലൈംഗിക ബന്ധത്തോട് ഭയവും വിരക്തിയും തോന്നുകയും ചെയ്യുന്നത് സ്വാഭാവികമാണ്. ഇതുമൂലം പങ്കാളിക്ക് ലിംഗ ഉദ്ധാരണക്കുറവും അനുഭവപ്പെടും.

“പലപ്പോഴും ഇതൊരു രോഗാവസ്ഥയാണെന്ന് സ്ത്രീകളും അവരുടെ പങ്കാളികളും തിരിച്ചറിയുന്നില്ല. അതും പ്രശ്നത്തെ കൂടുതൽ വഷളാക്കും. വജിനിസ്‌മസ് അവസ്ഥയുള്ളവരിൽ ലിംഗം യോനിയിലേക്ക് പ്രവേശിക്കുന്ന സമയത്ത് അസ്വസ്ഥതയും വേദനയും അനുഭവപ്പെടും. മുൻപ് വേദനയില്ലാതെ ലൈംഗിക ബന്ധം ആസ്വദിച്ചവരെ പോലും കാലക്രമേണ വജിനിസ്‌മസ് ബാധിക്കാറുണ്ട്,” ഒബ്‌സ്റ്റട്രീഷ്യനും ഗൈനക്കോളജിസ്റ്റുമായ ഡോ. മധുശ്രീ വിജയകുമാർ പറയുന്നു. “

കാരണങ്ങൾ

ലൈംഗിക ദുരുപയോഗം ചെയ്യപ്പെട്ടതിന്റെ ആഘാതം
“ഏതെങ്കിലും തരത്തിലുള്ള ലൈംഗികാതിക്രമം അനുഭവിച്ചിട്ടുണ്ടെങ്കിൽ അത് വജിനിസ്‌മസിന് കാരണമാകാം. ലൈംഗിക ബന്ധത്തെ നയിക്കുന്നത് നിരവധി മാനസിക ഘടകങ്ങൾ കൂടിയാണ്. അതിനാൽ ഇത്തരം ഭീതികളിൽ നിന്നും മുക്തി നേടാൻ ഒരു കൗൺസിലറുടെ സഹായം തേടാം. മികച്ച ലൈംഗിക ജീവിതം ആസ്വദിക്കാൻ വേണ്ട നിർദ്ദേശങ്ങൾ അവർ നിങ്ങൾക്കു നൽകും,” മധുശ്രീ പറയുന്നു.

മുൻകാലങ്ങളിലെ വേദനാജനകമായ ലൈംഗിക ബന്ധങ്ങൾ
മുൻപ് വേദനാജനകമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും ഇതേ പ്രശ്നം വരാം. മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ ശരീരത്തിന്റെ പ്രതിരോധ സംവിധാനം സജീവമാക്കിരിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അതിനാൽ എന്താണ് കാരണമെന്ന് മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്. “നിങ്ങളുടെ പ്രശ്നത്തിന്റെ മൂലകാരണം കണ്ടെത്തുന്നതിനും ചികിത്സ നിർദ്ദേശിക്കുന്നതിനും മെഡിക്കൽ പരിശോധന നടത്താൻ കഴിയുന്ന ഒരു ഗൈനക്കോളജിസ്റ്റിനെ സന്ദർശിക്കുന്നതാണ് ഉചിതം.”

പേടി
യോനിയിലോ പെൽവിക് ഏരിയയിലോ വേദന അനുഭവപ്പെടുമോ എന്ന ഭയവും ഈ അവസ്ഥയിലേക്ക് നയിക്കും. നിങ്ങളുടെ ഭയത്തെ അഭിസംബോധന ചെയ്യുക, ലൈംഗികബന്ധം സ്വാഭാവികമാണെന്നും ഭയം കൂടുതൽ ദോഷമാണ് ചെയ്യുക എന്നും മനസ്സിലാക്കുക. അനാവശ്യമായ ഭയം നിങ്ങളുടെ യോനിയിലെ പേശികളിൽ കൂടുതൽ പിരിമുറുക്കമുണ്ടാക്കും, ഇത് വേദന കൂട്ടുകയേ ഉള്ളൂ.

ശസ്ത്രക്രിയ
“സമീപ കാലത്ത് പ്രത്യുൽപാദന അവയവങ്ങളിലോ യോനിയിലോ എന്തെങ്കിലും ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ടെങ്കിൽ, അതും ഇത്തരം പ്രശ്നത്തിലേക്ക് നയിക്കാം. സാധാരണഗതിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് ഏതാനും മാസങ്ങൾ കൊണ്ട് തന്നെ സ്ഥിതി മെച്ചപ്പെടും. ശസ്ത്രക്രിയ കഴിഞ്ഞതിനു ശേഷം സെക്സിനിടയിൽ വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ അവസ്ഥ മനസ്സിലാക്കി അൽപ്പം കാത്തിരിക്കുന്നതാവും ഉചിതം, ”ഡോ മധുശ്രീ കൂട്ടിച്ചേർത്തു.

പരുക്കുകൾ
യോനിയിൽ മുൻപ് ക്ഷതം സംഭവിച്ചിട്ടുണ്ടെങ്കിൽ, അത് പേശികളുടെ പിരിമുറുക്കത്തിന് കാരണമാകും. പ്രസവം കൊണ്ടും മറ്റും യോനിയിൽമുറിവുകൾ (vaginal tear) പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം സാഹചര്യത്തിൽ വിഷമിക്കേണ്ടതില്ല, ഒരു ഗൈനക്കോളജിസ്റ്റിന് നിങ്ങളെ സഹായിക്കാനാവും.

ചികിത്സ

പെൽവിക് ഏരിയയിലെ പിരിമുറുക്കമുള്ള പേശികളെ ചുറ്റിപ്പറ്റിയാണ് ചികിത്സ. ചില ക്രീമുകൾ ഉപയോഗിക്കാൻ ഗൈനക്കോളജിസ്റ്റ് നിർദ്ദേശിച്ചേക്കാം, ഇത് വേദന കുറയ്ക്കാൻ സഹായിക്കും.

“നിങ്ങളുടെ പെൽവിക് ഫ്ലോർ പേശികളെ റിലാക്സ് ചെയ്യിക്കാൻ ഡോക്ടർ ചില വ്യായാമങ്ങളും നിർദ്ദേശിച്ചേക്കാം. ലൈംഗിക ബന്ധത്തിൽ ആനന്ദം കണ്ടെത്താൻ നിങ്ങളെയും പങ്കാളിയെയും ഒരു സെക്‌സ് തെറാപ്പിസ്റ്റ് സഹായിക്കും. കപ്പിൾ തെറാപ്പിയിൽ ഒരു സൈക്യാട്രിസ്റ്റിന്റെ പങ്കും ശുപാർശ ചെയ്യപ്പെടുന്ന കാര്യമാണ്. കാരണം മനഃശാസ്ത്രപരമായ വിലയിരുത്തലുകളും ആവശ്യമാണ്.”

“വജിനിസ്‌മസ് അല്ലെങ്കിൽ യോനിയിൽ മറ്റെന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് തോന്നിയാൽ ഉടനെ ഡോക്ടറെ കണ്ട് വിദഗ്ധോപദേശം തേടുക, അതിൽ ലജ്ജിക്കേണ്ട കാര്യമില്ല,” ഡോ മധുശ്രീ പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Vaginismus health condition reason treatment sexual intercourse vagina issues