scorecardresearch
Latest News

മൂത്രാശയ അണുബാധ സ്ത്രീകളിൽ കൂടുതലായി കാണുന്നത് എന്തുകൊണ്ട്? എങ്ങനെ തടയാം?

മൂത്രാശയ അണുബാധയുടെ കാരണങ്ങളെക്കുറിച്ചും ലക്ഷണങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് തിരുവനന്തപുരം കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ യൂറോളജി ഡിപ്പാർട്മെന്റിലെ കൺസൾട്ടന്റ് ഡോ.ആർ.നിത്യ

മൂത്രാശയ അണുബാധ സ്ത്രീകളിൽ കൂടുതലായി കാണുന്നത് എന്തുകൊണ്ട്? എങ്ങനെ തടയാം?

യൂറിനറി ട്രാക്ക് ഇൻഫെക്ഷൻ അഥവാ മൂത്രാശയ അണുബാധ വളരെ സാധാരണമായ ബാക്ടീരിയ അണുബാധയാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത് കൂടുതലായും കാണുന്നത്. മൂത്രാശയത്തിലോ വൃക്കയിലോ മൂത്രനാളിയിലോ മൂത്രസഞ്ചിയിലോ ഉണ്ടാകുന്ന അണുബാധയാണിത്. ബാക്ടീരിയകളാണ് മൂത്രാശയ അണുബാധയുണ്ടാക്കുന്നത്. മൂത്രാശയ അണുബാധയുടെ കാരണങ്ങളെക്കുറിച്ചും ലക്ഷണങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് തിരുവനന്തപുരം കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ യൂറോളജി ഡിപ്പാർട്മെന്റിലെ കൺസൾട്ടന്റ് ഡോ.ആർ.നിത്യ.

ലക്ഷണങ്ങൾ

ഏതു ഭാഗത്താണ് അണുബാധയുണ്ടാകുന്നത് അതിന് അനുസരിച്ചാണ് ലക്ഷണങ്ങൾ. മൂത്രസഞ്ചിയിലാണ് അണുബാധയെങ്കിൽ ഇടയ്ക്കിടെ മൂത്രം ഒഴിക്കുക, മൂത്രം ഒഴിക്കുമ്പോൾ എരിച്ചിൽ അനുഭവപ്പെടുക, മൂത്രമൊഴിച്ചാലും ഇനിയും ഒഴിക്കാനുണ്ടെന്ന് തോന്നുക, അടിവയർ വേദന, മൂത്രത്തിന് ദുർഗന്ധം എന്നീ ലക്ഷണങ്ങളായിരിക്കും കൂടുതൽ അനുഭവപ്പെടുക. മൂത്രാശയ അണുബാധ ഗുരുതരമാകുമ്പോൾ കടുത്ത പനി ഉണ്ടാകാം. ചിലപ്പോൾ വൃക്കയെയും ബാധിക്കും. വൃക്കകളിൽ അണുബാധ ഉണ്ടായിട്ടുണ്ടെങ്കിൽ പനിയും കുളിരും ഉണ്ടാകാം.

കാരണങ്ങൾ

വെള്ളം കുടിക്കുന്നത് കുറയുന്നതും മൂത്രം പിടിച്ചുവയ്ക്കുന്നതുമാണ് പ്രധാന കാരണം. കാൻസർ, ഷുഗർ എന്നിവയുള്ളവർക്ക് മൂത്രാശയ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. വൃക്കയിൽ കല്ലുള്ളവർ, പ്രമേഹമുള്ളവർ, ആർത്തവ വിരാമമുള്ള സ്ത്രീകൾ, മലബന്ധമുള്ളവർ എന്നിവർക്ക് റിക്കറന്റ് യൂറിനറി ഇൻഫെക്ഷൻ (RUTI) വരാം. സ്ത്രീകളിൽ ലൈംഗിക ബന്ധവും മൂത്രാശയ അണുബാധയ്ക്ക് കാരണമാകാം.

സ്ത്രീകളിൽ കൂടുതലായി കാണുന്നത് എന്തുകൊണ്ട്?

സ്ത്രീകളുടെ മൂത്രനാളിയുടെ നീളം പുരുഷന്മാരെ അപേക്ഷിച്ച് കുറവാണ്. അതിനാൽ പുറത്തുനിന്നുള്ള ബാക്ടീരിയയ്ക്ക് പെട്ടെന്ന് മൂത്രനാളിയിലൂടെ കടന്ന് മൂത്രാശയത്തിൽ എത്താൻ എളുപ്പമാണ്. അതിനാലാണ് സ്ത്രീകളിൽ കൂടുതലായി മൂത്രാശയ അണുബാധ വരുന്നത്. ആർത്തവ വിരാമമെത്തിയ സ്ത്രീകൾക്കും മൂത്രാശയ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്. ഈ സ്ത്രീകളിൽ ഈസ്ട്രജൻ ഹോർമോണിന്റെ അളവു കുറയുന്നതിനാലാണ് അണുബാധയ്ക്കുള്ള സാധ്യത വർധിക്കുന്നത്.

രോഗനിർണയം

ലക്ഷണങ്ങളുള്ള ഒരാളുടെ മൂത്രം പരിശോധിക്കുകയാണ് സാധാരണ ചെയ്യുന്നത്. വിട്ടുമാറാത്ത യൂറിനറി ഇൻഫെക്ഷൻ ഉള്ളവർക്ക് വൃക്കയിൽ മറ്റു അസുഖങ്ങളുണ്ടോ എന്നറിയാൻ അൾട്രാസൗണ്ട് സ്കാനൻ ചെയ്യും. ഏതു ബാക്ടീരിയയാണ് അണുബാധയ്ക്ക് കാരണമെന്ന് കണ്ടെത്താൻ യൂറിൻ കൾച്ചറൽ നോക്കും. അതിനുശേഷമാണ് ആന്റിബയോട്ടിക്കുകൾ നൽകുക.

എങ്ങനെ തടയാം?

  1. ഏറ്റവും പ്രധാനം ആവശ്യത്തിന് വെള്ളം കുടിക്കുകയാണ്. ദിവസവും 6-8 ഗ്ലാസ് അല്ലെങ്കിൽ 2 ലിറ്റർ വെള്ളം നിർബന്ധമായും കുടിക്കുക. മൂത്രത്തിലെ അണുക്കളെ പുറന്തള്ളാൻ ഇത് സഹായിക്കും.
  2. കൃത്യസമയത്ത് മൂത്രം ഒഴിക്കുക, മൂത്രം ഒരിക്കലും പിടിച്ചുവയ്ക്കരുത്. ഇങ്ങനെ ചെയ്യുന്നത് മൂത്രാശയ പേശികളെ ദുർബലമാക്കുകയും മൂത്രാശയ അണുബാധയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യും. 2-3 മണിക്കൂർ കൂടുമ്പോൾ മൂത്രമൊഴിക്കുക
  3. വ്യക്തി ശുചിത്വം വളരെ പ്രധാനമാണ്. പ്രത്യേകിച്ച്, ആർത്തവ സമയങ്ങളിലും ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴും. ആർത്തവസമയത്ത് പാഡുകൾ, മെൻസ്ട്രൽ കപ്പ്, ടാംപൂണുകൾ എന്നിവ ഇടയ്ക്കിടെ മാറ്റാൻ ശ്രദ്ധിക്കുക.
  4. ലൈംഗിക ബന്ധത്തിനുശേഷം മൂത്രമൊഴിക്കുക. ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ബാക്ടീരിയ യോനീഭാഗത്തുനിന്നും മൂത്രനാളിയിലേക്ക് കടക്കാനുള്ള സാധ്യത കൂടുതലാണ്. അതിനാലാണ് ലൈംഗികബന്ധത്തിനുശേഷം മൂത്രമൊഴിക്കണമെന്ന് പറയുന്നത്. ഇതിലൂടെ ഇവയെ പുറന്തള്ളാൻ സാധിക്കും. ലൈംഗിക ബന്ധത്തിനുശേഷം ഗുഹ്യഭാഗങ്ങൾ കഴുകുക.

തുടക്കത്തിലേ ചികിത്സിച്ചില്ലെങ്കിൽ മൂത്രാശയ അണുബാധ കൂടുതൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. ചില അവസരങ്ങളിൽ വൃക്കകളെ ഗുരുതരമായി ബാധിക്കാം. ഇത് ശരീരത്തിൽ സെപ്സിസ് ഉണ്ടാക്കും, ബിപി കുറയാം, മറ്റ് അവയവങ്ങളുടെ കേടുപാടുകൾക്കും സാധ്യതയേറെയാണ്. തുടക്കത്തിൽ തന്നെ കാരണങ്ങൾ കണ്ടെത്തി ചികിത്സിക്കുക

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Urinary tract infection symptoms causes