scorecardresearch

എന്താണ് അരിവാൾ രോഗം; ചികിത്സിച്ചു മാറ്റാനാകുമോ?

അരിവാൾ രോഗം ഇല്ലാതാക്കാനുള്ള പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ

Sickle cell, Health, Union Budget

സിക്കിൾ സെൽ അനീമീയ അഥവാ അരിവാൾ രോഗം ഇല്ലാതാക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 2047ൽ ദൗത്യത്തിലേക്കെത്താനുള്ള പദ്ധതികളാണ് ധനമന്ത്രി നിർമല സീതാരാമൻ ഇന്നലെ പ്രഖ്യാപിച്ചത്. “ബോധവത്കരണം, അസുഖ ബാധിത മേഖലയിലെ 0-40 വയസ്സിനിടയിലുള്ള ഏഴ് കോടി ആളുകളിൽ പരിശോധന, കേന്ദ്ര മന്ത്രാലയങ്ങളുടെയും സംസ്ഥാന സർക്കാരുകളുടെയും സഹകരണത്തോടെയുള്ള കൗൺസിലിംഗ് തുടങ്ങിയവയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുന്നത്” ബുധനാഴ്ച ലോക്‌സഭയിൽ 2023-24 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് നിർമല സീതാരാമൻ പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ ഈ പ്രഖ്യാപനത്തെ ‘ധീരമായ ചുവടുവപ്പ്’ എന്നാണ് ആരോഗ്യ വിദഗ്ധർ വിശേഷിപ്പിച്ചത്. ഇത്തരം നടപടികൾ സമഗ്രമായ വികസനത്തിലേക്ക് നയിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. “എല്ലാ വിഭാഗക്കാരെയും ഉൾപ്പെടുത്തി കൊണ്ടുള്ള ബജറ്റാണിത്” ഷാൽബി ഹോസ്പിറ്റൽസ് പ്രസിഡന്റ് ഷാനയ് ഷാ പറഞ്ഞു.

അരിവാൾ രോഗം ഇല്ലാതാക്കാൻ കഴിയുമോ?

“അരിവാൾ രോഗം ഇല്ലാതാക്കാൻ കഴിയും പക്ഷെ അത് വളരെ ബുദ്ധിമുട്ടേറിയ ദൗത്യമായിരിക്കും. ഈ രോഗം ഉണ്ടാകാൻ സാധ്യതയുള്ള എല്ലാ വിഭാഗക്കാരെയും പരിശോധിക്കേണ്ടി വരും” പുണെയിലെ സൂര്യാ ഹോസ്പിറ്റൽസിലെ നിയോനറ്റോളജി ആൻഡ് പീഡിയാട്രിക്സ് ഇന്റൻസീവ് കെയർ യൂണിറ്റ് ഡയറക്ടർ ഡോ സച്ചിൻ ഷാ ദൗത്യത്തിന്റെ വെല്ലുവിളികളെക്കുറിച്ച് പറയുന്നു. “അരിവാൾ രോഗമുള്ളവർ തമ്മിൽ വിവാഹം കഴിക്കരുത് അങ്ങനെ ചെയ്‌താൽ കുട്ടിക്കും രോഗം വരാൻ 25 ശതമാനം സാധ്യതയുണ്ട്. അഥവാ ഗർഭം ധരിച്ചാൽ ഉടൻ തന്നെ ഗർഭസ്ഥ ശിശുവിന് രോഗമുണ്ടോയെന്ന് ടെസ്റ്റ് ചെയ്യണം. തുടർന്ന് മാതാപിതാക്കളുടെ സമ്മതത്തോടെ ഗർഭഛിദ്രം നടത്താവുന്നതാണ്” ഡോ ഷാ പറഞ്ഞു.

രോഗത്തെ ഭാഗികമായി മാത്രമെ ഇല്ലാതാക്കാനാകൂ എന്നാണ് ഹെമറ്റോളജിസ്റ്റായ സന്ദീപ് സിംഗും പറയുന്നത്. “ബോധവത്കരണത്തിലൂടെ ഭാഗികമായി ഇല്ലാതാക്കാം പക്ഷെ ഒരേ കുടുംബത്തിൽ നിന്ന് വിവാഹം ചെയ്യുന്നത് രോഗം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു” സന്ദീപ് പറഞ്ഞു.

ഇതിനെക്കുറിച്ച് അധികം അറിവില്ലാത്തവരെ സംബന്ധിച്ച് ജനിതകമായി സംഭവിക്കുന്ന രക്ത സംബന്ധമായ രോഗം മാത്രമാണ് അരിവാൾ രോഗം. ജനനസമയത്ത് മാതാപിതാക്കളിൽ നിന്ന് രോഗം കുട്ടികളിലേക്ക് കൈമാറ്റം ചെയ്യപ്പെടാം. അച്ഛനും അമ്മയും രോഗ വാഹകരായി മാറുന്നു. “അരിവാൾ കോശങ്ങൾക്ക് അധിക നാൾ ആയുസില്ല, അവ പെട്ടെന്നു തന്നെ നശിക്കുന്നു. ഇത് ചുവന്ന രക്താണുക്കളുടെ കുറവിനു കാരണമാകും. തുടർന്ന് രക്ത ധമനികൾക്കുള്ളിൽ രക്തത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നു. ഇൻഫക്ഷൻ, സ്ട്രോക്ക് എന്നിവയിലേക്ക് ഈ അവസ്ഥ നയിക്കും” വോക്ക്ഹാർഡ് ഹോസ്പിറ്റൽസിലെ കൺസൾട്ടന്റ് ഇന്റേണൽ മെഡിസിൻ ഡോ. അനികേത് മ്യൂൾ പറയുന്നു.

“ആരോഗ്യമുള്ള ചുവന്ന രക്താണുക്കൾ വൃത്താകൃതിയിലാണ് കാണപ്പെടുക.ഇവ ചെറിയ രക്തക്കുഴലുകൾ വഴി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്‌സിജൻ എത്തിക്കുന്നു. അരിവാൾ രോഗമുള്ളവരുടെ ചുവണ രക്താണുക്കൾ ഒട്ടിപ്പിടിക്കുകയും കഠിനമാവുകയും ഒടുവിൽ സി എന്ന ഇംഗ്ലീഷ് അക്ഷരത്തിനു സമാനമായ രൂപത്തിലേക്കാവുന്നു. കൃഷിക്കായി ഉപയോഗിക്കുന്ന അരിവാളിനു സീ അക്ഷരത്തിന്റെ രൂപമാണ്” ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഹെമറ്റോളജി ആൻഡ് ബോൺ മാരോ ട്രാൻസ്പ്ലാൻറ് ഡയറക്ടറും തലവനുമായ ഡോക്ടർ രാഹുൽ ഭാർഗവ വിശദീകരിച്ചു.

അരിവാൾ രോഗത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

അരിവാൾ രോഗമുള്ള കുട്ടികൾ പൊതുവെ ലക്ഷണങ്ങൾ പ്രകടിപ്പിക്കാനിടയില്ല. അമിതമായ ക്ഷീണം അല്ലെങ്കിൽ അലസത, കഠിനമായി വീർത്ത കൈകളും കാലുകളും, മഞ്ഞപ്പിത്തം എന്നിവയാണ് അരിവാൾ രോഗത്തിന്റെ ലക്ഷണങ്ങൾ. “കുഞ്ഞുങ്ങളുടെ പ്ലീഹയ്ക്ക് കേടുപാടുകൾ സംഭവിച്ചേക്കാം, ഇത് അവരുടെ പ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയും അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അരിവാൾ രോഗമുള്ള ആളുകൾക്ക് പ്രായമാകുമ്പോൾ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം, അവയവ കോശങ്ങൾക്ക് വേണ്ടത്ര ഓക്സിജൻ ലഭിക്കാത്തപ്പോഴാണ് ഇതെല്ലാം സംഭവിക്കുന്നത്, ”ഡോ മ്യൂൾ പറഞ്ഞു.

അരിവാൾ രോഗം നിർണ്ണയിക്കുന്നതിനുള്ള നടപടിക്രമം എന്താണ്?

രക്തപരിശോധനയിലൂടെ നിങ്ങൾക്ക് അരിവാൾ രോഗമുണ്ടാക്കുന്ന കോശങ്ങളുണ്ടോയെന്ന് നിർണ്ണയിക്കാനാകും. എല്ലാ സംസ്ഥാനങ്ങളും ഇപ്പോൾ സ്ക്രീനിംഗ് പ്രോഗ്രാമുകളുടെ ഭാഗമായി കുഞ്ഞുങ്ങളെ പരിശോധിക്കാറുണ്ട്. ഇത് കഴിയുന്നത്ര വേഗത്തിൽ ചികിത്സ ആരംഭിക്കാൻ സഹായിക്കുന്നു.

  • ഗർഭം ധരിക്കാൻ തയാറെടുക്കുന്ന ദമ്പതികൾ അവരുടെ കുഞ്ഞുങ്ങൾക്ക് അരിവാൾ രോഗം ഉണ്ടാകാൻ സാധ്യതയുണ്ടോയെന്ന് പരിശോധിക്കാവുന്നതാണ്.
  • ഒരു കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് അരിവാൾ രോഗ രോഗനിർണയവും നടത്താം. അമ്നിയോട്ടിക് ദ്രാവകത്തിന്റെ (ഗര്ഭപിണ്ഡത്തിന് ചുറ്റുമുള്ള സഞ്ചിയിലെ ദ്രാവകങ്ങൾ) അല്ലെങ്കിൽ പ്ലാസന്റൽ ടിഷ്യുവിന്റെ ഒരു സാമ്പിൾ ഈ പരിശോധനയിൽ ഉപയോഗിക്കുന്നു (കുഞ്ഞിന് ഓക്സിജനും പോഷകങ്ങളും എത്തിക്കുന്ന അവയവം).

അരിവാൾ രോഗം പാരമ്പര്യാമയുള്ളവർക്ക് എക്സ്റ്റൻഡഡ് ഫാമിലി സ്ക്രീനിംഗ് ശുപാർശ ചെയ്യുന്നതായും ഡോ.ഗുത്ത പറയുന്നു.

അരിവാൾ കോശ രോഗത്തിന് (എസ്‌സിഡി) എന്ത് ചികിത്സയാണ് ലഭ്യമാകുന്നത് ?

മജ്ജ അല്ലെങ്കിൽ സ്റ്റെം സെൽ ട്രാൻസ്പ്ലാൻറേഷൻ വഴി മാത്രമേ അരിവാൾ രോഗം ഭേദമാക്കാൻ കഴിയൂ, ഡോ മ്യൂൾ അഭിപ്രായപ്പെടുന്നു. “ഈ ട്രാൻസ്പ്ലാൻറുകൾ സാധാരണയായി ഗുരുതരമായ എസ്‌സി‌ഡി ഉള്ള കുട്ടികൾക്കാണ് ചെയ്യുന്നത്, കാരണം അവ അപകടകരവും പ്രതികൂല ഫലങ്ങളുള്ളവയുമാണ്. ട്രാൻസ്പ്ലാൻറ് വിജയിക്കുന്നതിന് അനുയോജ്യമായ അസ്ഥിമജ്ജ വേണം. സഹോദരനോ സഹോദരിയോയാണ് സാധാരണയായി അനുയോജ്യമായ ദാതാവാകാറുള്ളത്, ”ഡോ മ്യൂൾ പറഞ്ഞു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Union budget 2023 24 sickle cell anaemia elimination 2047 possible experts talk