/indian-express-malayalam/media/media_files/uploads/2023/06/Eye.jpg)
പ്രതീകാത്മക ചിത്രം
കണ്ണുകളുടെ ഭംഗിക്കായി പണ്ടുകാലം മുതൽക്കേ സ്ത്രീകൾ ഉപയോഗിക്കുന്ന ഒന്നാണ് കാജൽ. എല്ലാ ദിവസവും കാജൽ കണ്ണുകളിൽ ഉപയോഗിക്കുന്നവർ നിരവധിയാണ്. ചിലർ പ്രത്യേക അവസരങ്ങളിൽ മാത്രം ഉപയോഗിക്കുന്നു. എന്നാൽ, ചിലർക്ക് കാജൽ ഉപയോഗിച്ചില്ലെങ്കിൽ മേക്കപ്പ് പൂർണമായില്ല എന്ന തോന്നലാണുള്ളത്.
പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കിയ കാജൽ പല നേത്ര അണുബാധകൾക്കും ചികിത്സയായി ഉപയോഗിച്ചിരുന്നു. എന്നാൽ, ദിവസവും കണ്ണുകളിൽ കാജൽ പുരട്ടരുതെന്നും ജാഗ്രതയോടെയായിരിക്കണം അതിന്റെ ഉപയോഗവുമെന്നാണ് ഇന്നു വിദഗ്ധർ പറയുന്നത്.
കാജലിന്റെ ചില ദോഷകരമായ വശങ്ങളെക്കുറിച്ച് ഡെർമറ്റോളജിസ്റ്റ് ഡോ.മാധുരി അഗർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്. കാജൽ പല ദോഷഫലങ്ങളും ഉണ്ടാക്കുമെന്ന് അവർ പറയുന്നു. ചിലപ്പോൾ കണ്ണിൽ വളരെ അസ്വസ്ഥത അനുഭവപ്പെടുന്നതും അല്ലെങ്കിൽ കണ്ണുകൾ വളരെ വരണ്ടതായി അനുഭവപ്പെടുന്നതും നിങ്ങൾ ശ്രദ്ധിച്ചിരിക്കാം. ഇത് വീക്കം അല്ലെങ്കിൽ സ്റ്റൈ പോലുള്ള അണുബാധകൾക്ക് കാരണമാകുമെന്ന് അവർ പറഞ്ഞു.
എന്തുകൊണ്ടാണ് കാജൽ ഇത്രയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്?
''നമ്മുടെ താഴത്തെ കൺപോളകളിൽ ഏകദേശം 30-35 എണ്ണ ഗ്രന്ഥികൾ ഉണ്ട്, ഇത് കൂടുതൽ നേരം കണ്ണുനീർ നിലനിർത്താൻ എണ്ണ ഉത്പാദിപ്പിക്കുന്നു. ജലാംശത്തിന് കണ്ണുനീർ പ്രധാനമാണ്. ഇത് കണ്ണുകളിൽ ഒരു സംരക്ഷണ പാളി ഉണ്ടാക്കുകയും അതുവഴി കണ്ണിനെ സംരക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ കാജൽ എണ്ണ ഗ്രന്ഥികളെ തടയുന്നു, ഇത് ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു,'' അവർ പറഞ്ഞു.
കാജൽ വ്യാപകമായി പ്രചാരത്തിലുണ്ടെന്നും നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്നുവെന്നും ഗുരുഗ്രാമിലെ പരാസ് ഹെൽത്തിലെ പ്ലാസ്റ്റിക് സർജറി എച്ച്ഒഡി ഡോ.മൻദീപ് സിങ് പറഞ്ഞു. ''കണ്ണുകളിൽ അതിന്റെ സ്വാധീനം മനസിലാക്കേണ്ടത് പ്രധാനമാണ്. തെറ്റായി തയ്യാറാക്കിയതോ മലിനമായതോ ആയ കാജൽ ഉൽപ്പന്നങ്ങളിൽ ലെഡ് അല്ലെങ്കിൽ മറ്റ് ഭാരമുള്ള ലോഹങ്ങൾ പോലുള്ള ഹാനികരമായ പദാർത്ഥങ്ങൾ അടങ്ങിയിരിക്കാം. അവ കണ്ണുകൾ ആഗിരണം ചെയ്യുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. അകത്തെ കൺപോളയിലോ അല്ലെങ്കിൽ വാട്ടർലൈനിലോ പ്രയോഗിക്കുമ്പോൾ, ബാക്ടീരിയകളോ മറ്റ് സൂക്ഷ്മാണുക്കളോ കണ്ണുകളിലേക്ക് പ്രവേശിക്കും. ഇത് കൺജങ്ക്റ്റിവിറ്റിസ് പോലുള്ള നേത്ര അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു.''
വാട്ടർലൈനിലോ അകത്തെ കൺപോളയിലോ കാജൽ പ്രയോഗിക്കുന്നത് കണ്ണിന്റെ ആരോഗ്യം നിലനിർത്തുന്നതിന് ആവശ്യമായ പ്രകൃതിദത്ത ടിയർ ഫിലിമിനെ തടസപ്പെടുത്തും. ഈ തടസം വരൾച്ച, അസ്വസ്ഥത, ഡ്രൈ ഐ സിൻഡ്രോം വികസിപ്പിക്കാനുള്ള സാധ്യത എന്നിവയ്ക്ക് കാരണമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ സാധ്യതകൾ കുറയ്ക്കുന്നതിന് പ്രശസ്ത ബ്രാൻഡുകളിൽ നിന്ന് ഉയർന്ന നിലവാരമുള്ള കാജൽ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുകയും സുരക്ഷാ സർട്ടിഫിക്കേഷനുകൾ പരിശോധിക്കുകയും വേണം. സൗന്ദര്യവർധക വസ്തുക്കൾ പങ്കിടുന്നത് ഒഴിവാക്കുകയും എന്തെങ്കിലും പ്രതികൂല പ്രതികരണങ്ങൾ ഉണ്ടായാൽ ഉപയോഗം നിർത്തുകയും ചെയ്യണം. നല്ല ശുചിത്വം പാലിക്കുന്നതും ഡെർമറ്റോളജിസ്റ്റുകളിൽ നിന്നോ നേത്ര പരിചരണ വിദഗ്ധരിൽ നിന്നോ ഉപദേശം തേടുന്നതും കാജൽ ഉപയോഗവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറയ്ക്കുന്നതിന് കൂടുതൽ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.