വേനൽക്കാലം എന്നാൽ നമ്മളിൽ പലർക്കും ഐസ്ക്രീമുകൾ, ജെലാറ്റോകൾ, ഫ്രോസൺ ഡെസേർട്ട്സ്, തണുത്ത പാനീയങ്ങൾ എന്നിവയുടെ പര്യായമാണ്. എന്നാൽ ഇത്തരത്തിൽ നിരവധി ഉൽപന്നങ്ങൾ ലഭ്യമായതിനാൽ, ഏതാണ് കഴിക്കേണ്ടത് എന്ന കാര്യത്തിൽ ആശയക്കുഴപ്പം വന്നേക്കാം.
നിങ്ങളിൽ എത്രപേർ കുൽഫിക്ക് പകരം ഫ്രോസൺ ഡെസേർട്ടുകൾ തിരഞ്ഞെടുക്കുന്നു, ഒന്ന് മറ്റൊന്നിനേക്കാൾ മികച്ചതാണോ? അതെ എന്നാണ് ഉത്തരമെങ്കിൽ, നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങളുടെ പോഷകമൂല്യത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ അവയുടെ പാക്കേജിങ് നോക്കണമെന്ന്, ഡയറ്റീഷ്യൻ മാക് സിങ് പറയുന്നു.
“നിങ്ങൾ എന്തെങ്കിലും വാങ്ങാൻ പോകുമ്പോൾ, പാക്കേജിങ് ശ്രദ്ധിക്കുക. ഒന്നാമതായി, അതിന്റെ ചേരുവകളുടെ ലേബൽ ആദ്യം പരിശോധിക്കുക. ഉൽപ്പന്നത്തിന്റെ ആദ്യത്തെ മൂന്ന് ചേരുവകൾ നോക്കുക, ഇവയാണ് – അതിൽ ഏറ്റവും കൂടുതൽ അളവിൽ ഉള്ളത്. അവസാനം വരുന്ന ചേരുവകൾ ഏറ്റവും കുറഞ്ഞ അളവിലാണ്,” മാക് സിങ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
അങ്ങനെ നോക്കുമ്പോൾ ഫ്രോസൺ ഡെസേർട്ടിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് വെള്ളമാണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും. അതിനുശേഷം പഞ്ചസാരയും പാം ഓയിലും എന്നാൽ പാൽ ഇല്ല! വെറും 53 ഗ്രാമിൽ പഞ്ചസാരയും (12 ഗ്രാം) പാൽ ഖരപദാർഥങ്ങളും മാത്രമേ അവയിൽ അടങ്ങിയിട്ടുള്ളൂ, മാക് പറയുന്നു.
മാക് ചേരുവകളെക്കുറിച്ച് വിശദമായി പറയുന്നു
പാം ഓയിൽ: ട്രാൻസ് ഫാറ്റിനേക്കാൾ ഒരു ശതമാനം മികവ് മാത്രമാണ് പാം ഓയിലിന് ഉള്ളത്. ഇതിൽ ധാരാളം പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇവ ഹൃദയാരോഗ്യത്തെ കൂടുതൽ വഷളാക്കുക മാത്രമല്ല ഉയർന്ന കൊളസ്‌ട്രോൾ നിലയിലേക്ക് നയിക്കുകയും ചെയ്യുന്നു.
ചീത്ത കോളസ്ട്രോൾ അഥവാ എൽഡിഎൽ അളവ് വർധിക്കുന്നത് ധമനികളിൽ തടസ്സം സൃഷ്ടിക്കുന്നതിന് കാരണമാകുന്നു. ഫ്രോസൺ ഡെസേർട്ട് പാക്കേജിങ്ങിൽ 10.2 ശതമാനം വെജിറ്റബിൾ ഓയിലും വെജിറ്റബിൾ പ്രോട്ടീൻ ഉൽപ്പന്നവും അടങ്ങിയിരിക്കുന്നു.
പാൽ ഖരപദാർത്ഥങ്ങൾ: “ഫ്രോസൺ ഡെസേർട്ടിൽ യഥാർത്ഥ പാൽ അടങ്ങിയിട്ടില്ല. പാൽ ഖര, പാൽപ്പൊടിയിൽ ഓക്സിഡൈസ്ഡ് കൊളസ്ട്രോൾ അടങ്ങിയിരിക്കാൻ സാധ്യതയുണ്ട്, ഇത് രക്തക്കുഴലുകളെ തകരാറിലാക്കുകയും ഹൃദ്രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു. ഇത് തീർച്ചയായും ആരോഗ്യകരമല്ല, സ്ഥിരമായി കഴിക്കാൻ അനുയോജ്യവുമല്ല,” മാക് പറഞ്ഞു.
ലിക്വിഡ് ഗ്ലൂക്കോസ്: പഞ്ചസാരയുടെ ഉറവിടം സിന്തറ്റിക്, ലിക്വിഡ് ഗ്ലൂക്കോസ്, ഇൻവേർട്ടട് പഞ്ചസാര സിറപ്പ് പോലെയാണ്. വെജിറ്റബിൾ സോയ പ്രോട്ടീൻ, സ്റ്റെബിലൈസറുകൾ, എമൽസിഫയറുകൾ, കൃത്രിമ വാനില ഫ്ലേവർ, സിന്തറ്റിക് ഫുഡ് കളറുകൾ എന്നിവ മറ്റ് ചേരുവകളായി ഉപയോഗിക്കുന്നു.
“ഐസ്‌ക്രീമിന്റെയോ ഫ്രോസൺ ഡെസേർട്ടിന്റെയോ നിറം പലരെയും ആകർഷിക്കും, പക്ഷേ ഇത് ടാർട്രാസൈനിൽ നിന്നാണ് വരുന്നത്, അതായത് കൃത്രിമ കളറിങ് ഏജന്റ്,” മാക് അഭിപ്രായപ്പെട്ടു.
കുൽഫിയിൽ വെറും മൂന്ന് ചേരുവകളാണുള്ളത്
- കൊഴുപ്പ് നിറഞ്ഞ പാൽ
- ഏലക്ക പൊടി
- പഞ്ചസാര
അതുപോലെ ഐസ്ക്രീമും ഫ്രോസൺ ഡെസേർട്ടും തമ്മിൽ മാറിപോകരുത് എന്നതും പ്രധാനമാണ്. “രണ്ടും വ്യത്യസ്തമാണ്. പായ്ക്ക് ചെയ്ത ഐസ്ക്രീം വാങ്ങുമ്പോൾ ഇത് നിങ്ങൾ ശ്രദ്ധിക്കണം. കാരണം മിക്ക ബ്രാൻഡുകളും ഫ്രോസൺ ഡെസേർട്ടിനെ ‘ഐസ്ക്രീം’ ആയി വിൽക്കുന്നു. ഇത് ധാർമ്മികപരവും നിയമപരവുമായി തെറ്റാണ്. അതുകൊണ്ടാണ് ചേരുവകളുടെ ലേബൽ പരിശോധിക്കുക. ഐസ്ക്രീം പാൽ കൊണ്ട് നിർമ്മിച്ചതും യഥാർത്ഥ പോഷകങ്ങൾ അടങ്ങിയതുമായതിനാൽ ആരോഗ്യകരമാണ്. ഇത് സ്വയം ഒരു സമ്പൂർണ്ണ ഭക്ഷണമാണ്. മറുവശത്ത്, ഫ്രോസൺ ഡെസേർട്ടിൽ പാം ഓയിൽ, ഹൈഡ്രജൻ കൊഴുപ്പുകൾ പ്രധാന ഘടകമായി അടങ്ങിയിരിക്കുന്നു, ”മാക് പറയുന്നു.
കുൽഫിയുടെ താരതമ്യേനയുള്ള പോഷക മൂല്യം അതിൽ ഉപയോഗിക്കുന്ന ചേരുവകൾ മൂലമാണെന്ന് ഡയറ്റീഷ്യൻ ഗരിമ ഗോയ പറഞ്ഞു. “കേസർ, ബദാം, നട്‌സ് എന്നിവ ചേർക്കുന്നത് അതിനെ കൂടുതൽ പോഷിപ്പിക്കുന്നു,” ഗരിമ ഇന്ത്യൻ എക്സപ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.
മറുവശത്ത്, ഫ്രോസൺ ഡെസേർട്ടിൽ പൂരിത, ട്രാൻസ് ഫാറ്റുകളുടെ അളവ് കാരണം പോഷകങ്ങൾ കുറവാണ്. “അതിനാൽ, നട്ട് ആൻഡ് ക്രീം ട്രീറ്റിനായി, ഫ്രോസൺ ഡെസേർട്ടുകളല്ല, കുൽഫി കഴിക്കൂ. നിങ്ങളുടെ ഭക്ഷണത്തിൽ യഥാർത്ഥത്തിൽ എന്താണ് അടങ്ങിയിരിക്കുന്നതെന്ന് തിരിച്ചറിയാൻ പോഷകാഹാര ലേബൽ വായിക്കാൻ ആരംഭിക്കുക,” ഗരിമ പറഞ്ഞു.