ഹൃദ്രോഗത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഉയർന്ന രക്തസമ്മർദ്ദം. സ്ത്രീകളിലും പുരുഷന്മാരിലും അത് മരണത്തിന് വരെ കാരണമാകുന്നു. രക്തസമ്മർദ്ദം 140/90 എംഎംഎച്ച്ജിയോ അതിൽ കൂടുതലോ ആണെങ്കിൽ, തലവേദന, ഹൃദയമിടിപ്പ്, മൂക്കിൽ നിന്ന് രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങളും പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ അതിനെ ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ ഹൈപ്പർടെൻഷൻ എന്ന് വിളിക്കുന്നു.
വർധിച്ചുവരുന്ന അമിതശരീരഭാരവും മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും, യുവതികളിൽ ഹൈപ്പർടെൻഷൻ കൂടുന്നതിന് കാരണമാകുന്നു. എന്നാൽ ചില പഠനങ്ങൾ ആർത്തവുമായി ഇതിന് ചില ബന്ധങ്ങൾ ഉള്ളതായി കാണിക്കുന്നതായി വിദഗ്ധർ പറഞ്ഞു.
“സ്ത്രീയുടെ രക്തസമ്മർദ്ദത്തിൽ ആർത്തവ സമയത്ത് മാറ്റമുണ്ടാകുന്നു. ഇത് ആർത്തവത്തിൻറെ ആരംഭത്തിൽ ഏറ്റവും ഉയരുകയും ആർത്തവചക്രത്തിന്റെ 17-26 ദിവസങ്ങളിൽ കുറയുകയും ചെയ്യുന്നു. 20 വർഷം പഴക്കമുള്ള പഠനത്തിൽ പ്രീമെൻസ്ട്രൽ സിൻഡ്രോമും (പിഎംഎസ്) രക്താതിമർദ്ദവും തമ്മിൽ ബന്ധമുണ്ടെന്ന് കാണിക്കുന്നു,” ഗുരുഗ്രാമിലെ സികെ ബിർള ഹോസ്പിറ്റലിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി ലീഡ് കൺസൾട്ടന്റ് ഡോ. അസ്ത ദയാൽ പറഞ്ഞു.
“രക്തസമ്മർദ്ദം ഉയരുമ്പോൾ അത് ഗർഭാശയത്തിലേതുൾപ്പെടെ ശരീരത്തിലെ രക്തക്കുഴലുകൾക്ക് കേടുവരുത്തും. ഈ കേടുപാടുകൾ ഗർഭാശയത്തിലേക്കും അണ്ഡാശയത്തിലേക്കുമുള്ള രക്തപ്രവാഹത്തെ ബാധിക്കും. ഇത് ക്രമരഹിതമായ ആർത്തവത്തിനും കനത്ത രക്തസ്രാവത്തിനും അല്ലെങ്കിൽ ആർത്തവവിരാമത്തിനും ഇടയാകുന്നു. ഹൈപ്പർടെൻഷൻ ഗർഭകാലത്ത് പ്രീ-എക്ലാമ്പ്സിയ പോലുള്ള സങ്കീർണതകൾക്കുള്ള സാധ്യത വർധിപ്പിക്കും,”നവി മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി കൺസൾട്ടന്റായ ഡോ ബന്ദിത സിൻഹ പറയുന്നു.
പ്രീ-മെൻസ്ട്രൽ സിൻഡ്രോം അല്ലെങ്കിൽ പിഎംഎസ് ഉള്ള സ്ത്രീകൾക്ക് “ഹൈപ്പർടെൻഷൻ ഉണ്ടാകാനുള്ള സാധ്യത 40 ശതമാനം കൂടുതലാണ്” എന്ന് ഡോ. അസ്ത പറഞ്ഞു.
“ചില പഠനങ്ങൾ പ്രകാരം, വളരെ നേരത്തെ ആർത്തവം തുടങ്ങുന്ന സ്ത്രീകളിൽ പ്രായപൂർത്തിയാകുമ്പോൾ രക്താതിമർദ്ദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഹെവി ബ്ലീഡിങ്ങ് ഉള്ള സ്ത്രീകളിൽ രക്താതിമർദ്ദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് മറ്റൊരു ദീർഘകാല പഠനത്തിൽ പറയുന്നു,”ഡോ.അസ്ത പറഞ്ഞു.
വിട്ടുമാറാത്ത രക്താതിമർദ്ദമുള്ള സ്ത്രീകൾക്ക് കൂടുതൽ ബ്ലീഡിങ്ങും ക്രമരഹിതവുമായ ആർത്തവങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതുകൂടാതെ, പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം, ഹോർമോൺ അസന്തുലിതാവസ്ഥ എന്നിവ പോലുള്ള അവസ്ഥകൾ ഉള്ളവരിൽ ക്രമരഹിത ആർത്തവചക്രങ്ങൾക്ക് കാരണമാകുന്നു.
കൂടാതെ പിന്നീടുള്ള പ്രായത്തിൽ ഉയർന്ന രക്തസമ്മർദ്ദത്തിനും കാരണമാകുന്നു. “ഉയർന്ന രക്തസമ്മർദ്ദം ആർത്തവത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും, ബീറ്റാ ബ്ലോക്കറുകൾ, ഡൈയൂററ്റിക്സ് എന്നിവ പോലുള്ള ഹൈപ്പർടെൻസിവ് വിരുദ്ധ മരുന്നുകൾ ഹോർമോണുകളെ ബാധിക്കുകയും ക്രമരഹിതമായ ആർത്തവചക്രത്തിൽ മാറ്റം വരുത്തുകയും ചെയ്യുന്നു,” ഡോ അസ്ത മുന്നറിയിപ്പ് നൽകി.
രക്തസമ്മർദ്ദത്തിനുള്ള മരുന്നുകൾ രക്തം കട്ടിയാക്കുന്നതിന് പ്രവർത്തിക്കുമെന്നും കനത്ത രക്തസ്രാവത്തിന് കാരണമാകുമെന്നും അപ്പോളോ സ്പെക്ട്ര പൂനെയിലെ ഗൈനക്കോളജിസ്റ്റായ ഡോ. നിതിൻ ഗുപ്തെ പറഞ്ഞു.
എങ്ങനെ മറികടക്കാം?
എല്ലാ സ്ത്രീകളും ആരോഗ്യകരമായ ജീവിതശൈലി ശീലമാക്കുക. പുകവലി, മദ്യം, ഉയർന്ന ഉപ്പ്, ശുദ്ധീകരിച്ച ഭക്ഷണം എന്നിവ ഒഴിവാക്കുക. ശരീരഭാരം പരിമിതപ്പെടുത്തുക, പതിവായി വ്യായാമം ചെയ്യുക, രക്തസമ്മർദ്ദം നിരീക്ഷിക്കുക എന്നിവ പ്രധാനമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
“ആർത്തവസമയത്ത് സ്ത്രീകൾ സമ്മർദ്ദം നിയന്ത്രിക്കണം. രക്തസമ്മർദ്ദം നിരീക്ഷിക്കണം, നന്നായി ഉറങ്ങണം, വെള്ളവും മറ്റ് ദ്രാവകങ്ങളും കുടിച്ച് ആവശ്യത്തിന് ജലാംശം നിലനിർത്തണം,” സൈനോവ ഷാൽബി ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ.മാധുരി മെഹൻഡേൽ പറഞ്ഞു. കഫീൻ, ആൽക്കഹോൾ, പഞ്ചസാര എന്നിവ കുറയ്ക്കുക, ആർത്തവസമയത്ത് ആരോഗ്യവാനായിരിക്കുക, ഡോ. നിതിൻ നിർദേശിച്ചു.