ഭക്ഷണത്തിന്റെ അളവ് കുറച്ചാൽ ശരീര ഭാരം കുറയുമെന്ന തെറ്റിദ്ധാരണയിൽ ജീവിക്കുന്നവരാണോ നിങ്ങൾ?. ശരീരഭാരം കുറയ്ക്കാൻ കഴിയാത്തതിന്റെ ഒരു കാരണം ഇതായിരിക്കാം. അതല്ലെങ്കിൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ ശരീരഭാരം കുറയ്ക്കാമെന്നുള്ള വാഗ്ദാനങ്ങളിൽ കുടുങ്ങി പോയതാകാം. എത്ര ശ്രമിച്ചിട്ടും ശരീര ഭാരം കുറയുന്നില്ലെന്ന് പരാതിപ്പെടുന്നവർ, ആദ്യം സ്വയം ചെയ്യുന്ന തെറ്റുകൾ എന്തൊക്കെയെന്ന് തിരിച്ചറിയണം.
ഓൺലൈനിലും ചുറ്റുമുള്ളവരും പറയുന്നത് കേട്ട് ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഒരിക്കലും വിചാരിച്ച നേട്ടം കൈവരിക്കാനാവില്ല. ശരിയായ ഭക്ഷണ ക്രമം പിന്തുടർന്നാൽ മാത്രം ശരീര ഭാരം കുറയ്ക്കാനാവില്ല. നല്ല ഡയറ്റ്, മാനസികാവസ്ഥ, നല്ല ഉറക്കം, കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ, വ്യായാമം തുടങ്ങി നിരവധി ഘടകങ്ങൾ ശരീര ഭാരം കുറയ്ക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു.
ശരീര ഭാരം കുറയാൻ എളുപ്പ വഴികളോ, മാജിക് ഗുളികകളോ ഇല്ല. ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിൽ നിങ്ങൾ ചെയ്യുന്ന തെറ്റുകൾ എന്തെന്ന് മനസിലാക്കുക. ഇനി പറയുന്ന തെറ്റുകൾ നിങ്ങൾ ചെയ്യാറുണ്ടോയെന്ന് നോക്കുക.
മനോഭാവത്തിലെ പെട്ടെന്നുള്ള മാറ്റം
ശരീര ഭാരം കുറയ്ക്കാനുള്ള യാത്ര തുടങ്ങുന്നതിനു മുൻപായി, ഇതൊരു ദീർഘകാല ശ്രമമാണെന്ന് മനസിലാക്കുക. മറിച്ചായാൽ, കുറഞ്ഞതിനെക്കാൾ കൂടുതൽ ശരീര ഭാരം കൂടിയേക്കാം. നിങ്ങൾ വളരെയധികം ശ്രമം നടത്തിയശേഷം പെട്ടെന്ന് അവസാനിപ്പിച്ചാൽ ഫലമുണ്ടാകില്ല. കുറച്ചു മാസത്തേക്ക് ഡയറ്റും മറ്റു കാര്യങ്ങളും പിന്തുടരുന്നത് ശരീര ഭാരം കുറച്ചേക്കാം. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ശരീര ഭാരം നിലനിർത്താൻ കഴിയില്ല. അതിനാൽ എപ്പോഴും മനോഭാവത്തിൽ പെട്ടെന്നു മാറ്റം വരുത്താതെ ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കുന്നതുവരെ ശ്രമിക്കുക.
ആഴ്ചകൾ കൊണ്ട് ശരീര ഭാരം കുറയില്ല
ഒരാഴ്ചത്തേക്ക് ഭക്ഷണം നിയന്ത്രിക്കുകയും, പിറ്റേ ദിവസം അമിതമായി ഭക്ഷണം കഴിക്കുകയും ചെയ്യുന്നതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകില്ല. ഇത് ശരീര ഭാരം കുറയുന്നതിൽ യാതൊരുവിധ സ്വാധീനവും ഉണ്ടാക്കില്ല. എപ്പോഴും ഭക്ഷണം കഴിക്കുന്നതിൽ നിയന്ത്രണം വേണം. എല്ലാ ദിവസവും ചെറിയ അളവിൽ ഇഷ്ട ഭക്ഷണം കഴിക്കുന്നതുകൊണ്ട് യാതൊരു ദോഷവുമില്ല.
കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ
ശരീര ഭാരം കുറയാനുള്ള യാത്രയിൽ നിങ്ങൾക്കു ചുറ്റും പോസിറ്റീവ് അന്തരീക്ഷം സൃഷ്ടിക്കേണ്ടത് പ്രധാനമാണ്. നെഗറ്റീവ് കമന്റുകൾ ചിലപ്പോൾ ശരീര ഭാരം കുറയ്ക്കാനുള്ള തീരുമാനം മാറ്റാൻ നിങ്ങളെ പ്രേരിപ്പിച്ചേക്കാം. ഇത്തരം ആളുകളെ അകറ്റി നിർത്തുക. അവർ ഒരിക്കലും നിങ്ങളെ മനസിലാക്കിയവരാകില്ല. നിങ്ങൾക്ക് പിന്തുണ നൽകേണ്ടവർ, നെഗറ്റീവ് ചിന്തകളാൽ നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടെങ്കിൽ, ശരീര ഭാരം കുറയ്ക്കുക എന്നത് എത്രമാത്രം നിങ്ങൾക്ക് ആവശ്യമാണെന്നത് അവരെ പറഞ്ഞ് ബോധ്യപ്പെടുത്തുക.
സമ്മർദവും മോശം മാനസികാരോഗ്യവും
സമ്മർദം നിറഞ്ഞ ജീവിതവും മോശം മാനസികാരോഗ്യവും ശരീര ഭാരം കുറയ്ക്കാനുള്ള യാത്രയെ തടസ്സപ്പെടുത്തും. ഒരു ദിവസം ചെയ്യണമെന്ന് നിങ്ങൾ വിചാരിക്കുന്ന കാര്യങ്ങൾ ഉറക്കമില്ലായ്മ, സമ്മർദം, ക്ഷീണം എന്നിവ കാരണം നടക്കാതെ വന്നേക്കാം. നിങ്ങൾ പിന്തുടരുന്ന ഭക്ഷണക്രമം പോലും തെറ്റിയേക്കാം. മാത്രമല്ല, സമ്മർദം അമിതമായി ഭക്ഷണം കഴിക്കുന്നതിനും അനാരോഗ്യകരമായ ഭക്ഷണരീതിയിലേക്കും നിങ്ങളെ തള്ളിയിടാം. മാനസികമായും ശാരീരികമായും മോശം അവസ്ഥയിലാണെങ്കിൽ നിങ്ങൾക്ക് വർക്ക്ഔട്ട് ചെയ്യാൻ പോലും കഴിയില്ല.
മരുന്നുകൾ
ശരീര ഭാരം കുറയ്ക്കാൻ മരുന്നുകളെ ആശ്രയിക്കുന്നത് വളരെ മോശം കാര്യമാണ്. അവ ആരോഗ്യകരമല്ല, മാത്രമല്ല ദീർഘനാൾ ശരീര ഭാരം നിലനിർത്തുകയുമില്ല. സപ്ലിമെന്റുകൾ കഴിക്കുകയും എല്ലാത്തരം ഭക്ഷണങ്ങളും കഴിക്കുകയും ജോലി ചെയ്യാതിരിക്കുകയും ചെയ്യുന്നത് ഒരു ഫലവും ഉണ്ടാക്കില്ല. ശരീര ഭാരം കുറയാൻ കലോറികൾ ഒഴിവാക്കുകയും വ്യായാമം ചെയ്യുകയും വേണം. അങ്ങനെ മാത്രമേ ശാശ്വതമായി ശരീരഭാരം കുറയ്ക്കാനും നിങ്ങളുടെ അവ നിലനിർത്താനും കഴിയൂ.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.