ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഉറക്കം അനിവാര്യമാണ്. നല്ല ഉറക്കം വിട്ടുമാറാത്ത രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുകയും തലച്ചോറിനെ ആരോഗ്യകരമായി നിലനിർത്തുകയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യും.
ആരോഗ്യമുള്ള ഒരു വ്യക്തിക്ക് 7-9 മണിക്കൂർ തടസ്സമില്ലാത്ത ഉറക്കം വേണം. എന്നാൽ, ഇന്നത്തെ കാലഘട്ടത്തിൽ ഉറക്കം കിട്ടാതെ ബുദ്ധിമുട്ടുന്നവരാണ് കൂടുതലും. നല്ല ഉറക്കത്തിന് സഹായിക്കുന്ന നിരവധി മാർഗങ്ങളുണ്ട്. ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്നത് ഉൾപ്പെടെ, ചില ഭക്ഷണപാനീയങ്ങൾക്ക് ഉറക്കം പ്രോത്സാഹിപ്പിക്കുന്ന ഗുണങ്ങളുണ്ട്.
രാത്രിയിൽ സുഖമായി ഉറങ്ങാൻ സഹായിക്കുന്ന രണ്ടു ഭക്ഷണങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിക്കുകയാണ് ഡയറ്റീഷ്യൻ മൻപ്രീത്. കശുവണ്ടിയും കാമോമൈൽ ടീയും നല്ല ഉറക്കം നൽകുമെന്നാണ് അവർ പറയുന്നത്.
കശുവണ്ടി
കിടക്കുന്നതിനു മുൻപ് കുതിർത്ത ഒരു അണ്ടിപ്പരിപ്പ് കഴിക്കുക. കശുവണ്ടിയിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യത്തിന്റെ കുറവ് ഉറക്ക പ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ, എല്ലാ രാത്രിയിലും കശുവണ്ടി കഴിക്കുന്ന ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കും.
കാമോമൈൽ ചായ
ഉറങ്ങുന്നതിനു 30 മിനിറ്റ് മുൻപായി ഒരു കപ്പ് കാമോമൈൽ ചായ കുടിക്കുക. കാമോമൈൽ ടീ പ്രശസ്തമായ ഹെർബൽ ടീയാണ്. പലതരം ആരോഗ്യ ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു. കാമോമൈൽ ചായയിൽ എപിജെനിൻ അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്സിഡന്റ് ഉറക്കത്തെ പ്രോത്സാഹിപ്പിക്കുകയും ഉറക്കമില്ലായ്മ കുറയ്ക്കുകയും ചെയ്യും.
ചില ശീലങ്ങൾക്കും നല്ല ഉറക്കം നൽകാൻ സഹായിക്കും. ആദ്യത്തേത് വ്യായാമമാണ്. ഇത് ഉറക്കത്തിന്റെ മൊത്തത്തിലുള്ള ഗുണനിലവാരം മെച്ചപ്പെടുത്തുന്നു. ദിവസം മുഴുവൻ കൂടുതൽ ശാരീരികമായി സജീവമായിരിക്കുമ്പോൾ കൂടുതൽ ക്ഷീണിതരാകും. പെട്ടെന്ന് തന്നെ ശരീരം കിടക്കയിലേക്ക് വീഴാൻ ആഗ്രഹിക്കും.
ദീർഘനേരം ഉറങ്ങുന്നതിനുപകരം ചെറിയ ഉറക്കമാണ് രണ്ടാമത്തേത്. പലരും പകൽ ഉറങ്ങുന്നു, പ്രത്യേകിച്ച് കൂടുതൽ നേരം ഉറങ്ങുകയാണെങ്കിൽ രാത്രിയിൽ ഉറക്കത്തെ ബാധിക്കും. പകൽ മണിക്കൂറുകളോളം ഉറങ്ങുന്നതിനുപകരം ചെറിയ ഉറക്കമാണ് നല്ലത്. ഇങ്ങനെ ചെയ്താൽ രാത്രിയിൽ ഉറങ്ങാൻ ബുദ്ധിമുട്ടുണ്ടാകില്ല.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.