കാപ്പി കുടിക്കുന്നൊരാളാണ് നിങ്ങളെങ്കിൽ, 160/100 mm Hg അല്ലെങ്കിൽ അതിൽ കൂടുതലുള്ള രക്തസമ്മർദ്ദം നിങ്ങൾക്ക് ഉണ്ടെങ്കിൽ, ദിവസവും രണ്ട് കപ്പിൽ കൂടുതൽ കാപ്പി കുടിച്ചാൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലമുള്ള മരണ സാധ്യത ഇരട്ടിയായിരിക്കുമെന്ന് ഒരു പഠനം പറയുന്നു. എന്നാൽ ഗ്രീൻ ടീയോ ഒരു കപ്പ് കാപ്പിയോ കുടിച്ചാൽ അതേ ഫലം ഉണ്ടാവില്ല.
അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, കാപ്പി പ്രിയരായ ഉയർന്ന രക്തസമ്മർദമുള്ള ആളുകൾക്കാണ് ഈ കണ്ടെത്തലുകൾ ബാധകം. രണ്ട് പാനീയങ്ങളിലും കഫീൻ അടങ്ങിയിട്ടുണ്ടെങ്കിലും, ഒരു ദിവസം ഒരു കാപ്പി മാത്രം കുടിക്കുകയും ദിവസവും ഗ്രീൻ ടീ കുടിക്കുകയും ചെയ്യുന്നവർക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലല്ലെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. പഠനത്തിൽ 40 മുതൽ 79 വയസ്സുവരെ പ്രായമുള്ള 6,570-ലധികം പുരുഷന്മാരെയും 12,000 സ്ത്രീകളെയുമാണ് ഉൾപ്പെടുത്തിയത്.
”കഫീൻ ഹൃദയാരോഗ്യത്തിന് ഗുണകരമോ ദോഷകരമോ എന്നത് സംബന്ധിച്ച് വർഷങ്ങളായി ഗവേഷണം നടത്തിയിട്ടുണ്ട്. എല്ലാ പഠനങ്ങളും മിതമായ അളവാണ് ശുപാർശ ചെയ്തത്. ഒരു ശരാശരി കപ്പ് കാപ്പിയിൽ ഏകദേശം 80 മുതൽ 90 മില്ലിഗ്രാം വരെ കഫീൻ ഉണ്ടാകാം. ഇത് ബിപിയും ഹൃദയമിടിപ്പും വർധിപ്പിക്കുകയും രക്തക്കുഴലുകളെ ഞെരുക്കുകയും ചെയ്യുന്നു. അതിനാൽ, ഉയർന്ന ബിപിയുള്ള രോഗികൾ അമിതമായി കാപ്പി കുടിക്കുന്നത് ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കും,” ന്യൂഡൽഹിയിലെ ബിഎൽകെ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കാർഡിയോളജി സീനിയർ ഡയറക്ടർ ഡോ.നീരജ് ഭല്ല പറഞ്ഞു.
”വളരെക്കാലമായി നമുക്കറിയാവുന്ന കാര്യങ്ങൾ ഈ പഠനം സ്ഥിരീകരിക്കുന്നു. ഹൃദ്രോഗികളും ഹൈപ്പർടെൻഷനുള്ളവരും അമിതമായി കാപ്പി കുടിക്കുന്നതിനെതിരെ ഞങ്ങൾ എപ്പോഴും മുന്നറിയിപ്പ് നൽകാറുണ്ട്. കഫീന്റെ അമിതമായ ഉപയോഗം ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, ഉത്കണ്ഠ എന്നിവ വർധിപ്പിക്കുന്നു. നേരെമറിച്ച്, ഗ്രീൻ ടീയിൽ വളരെ കുറഞ്ഞ അളവിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയമിടിപ്പിനെയോ ഉപാപചയപ്രവർത്തനത്തെയോ ദോഷകരമായി ബാധിക്കുന്നില്ല,” മാക്സ് ഹെൽത്ത് കെയറിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് റീജിയണൽ ഹെഡ് റിതിക സമദർ അഭിപ്രായപ്പെട്ടു.
”ദിവസേന രണ്ടോ അതിലധികമോ കപ്പ് കാപ്പി കുടിക്കുന്നതും ഉയർന്ന രക്തസമ്മർദമുള്ള ആളുകൾക്കിടയിൽ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ മരണനിരക്കും തമ്മിലുള്ള ബന്ധം കണ്ടെത്തുന്ന ആദ്യ പഠനമാണിത്. ഉയർന്ന രക്തസമ്മർദമുള്ള ആളുകൾ അമിതമായി കാപ്പി കുടിക്കുന്നത് ഒഴിവാക്കണമെന്ന വാദത്തെ ഈ കണ്ടെത്തലുകൾ പിന്തുണച്ചേക്കാം. ഹൈപ്പർടെൻഷനുള്ള ആളുകളിൽ കഫീന്റെ അമിത ഉപഭോഗം മരണ സാധ്യത വർധിപ്പിക്കാം,” പഠനത്തിന്റെ മുതിർന്ന രചയിതാവ് ഹിരോയാസു ഐസോ പറയുന്നു.
ഹൃദയാഘാതത്തെ അതിജീവിച്ചവരുടെ ആരോഗ്യത്തിന് ദിവസവും ഒരു കാപ്പി ഗുണം ചെയ്യുമെന്നും ആരോഗ്യമുള്ളവരിൽ ഹൃദയാഘാതം തടയുമെന്നും മുൻ പഠനങ്ങൾ സൂചിപ്പിച്ചിരുന്നു. സ്ഥിരമായി കാപ്പി കുടിക്കുന്നത് ആളുകൾക്ക് ചില വിട്ടുമാറാത്ത രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുമെന്നും വിഷാദരോഗ സാധ്യത കുറയ്ക്കാനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കുമെന്നും മറ്റ് ചില പഠനങ്ങൾ അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, ഉയർന്ന രക്തസമ്മർദമുള്ളവരിൽ കാപ്പിയുടെയും ഗ്രീൻ ടീയുടെയും ഉപയോഗത്തിന്റെ ഫലങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ കൂടുതൽ പഠനം ആവശ്യമാണെന്ന് ഗവേഷകർ പറയുന്നു.