മുന്നറിയിപ്പൊന്നുമില്ലാതെ വിചിത്രമായ ശബ്ദത്തോടെ എത്തുന്ന ഇക്കിൾ എല്ലാവരും അനുഭവിച്ചിട്ടുണ്ടാവും. ഇക്കിൾ എങ്ങനെയാണ് ഉണ്ടാകുന്നതെന്നും അതിന്റെ കാരണമെന്താണെന്നും അറിയാമോ?. ഉദരവും നെഞ്ചും തമ്മിൽ വേർതിരിക്കുന്ന പേശിയായ ഡയഫ്രം ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നതിന്റെ താളം തെറ്റുമ്പോഴാണ് ഇക്കിളുണ്ടാകുന്നത്. സാധാരണഗതിയിൽ ഡയഫ്രത്തിന്റ ചുരുക്കവും അയയലും ശ്വസനപ്രക്രിയകളും കൃത്യമായ ഒരു താളത്തിലങ്ങനെ പോകും. പക്ഷേ ചിലപ്പോൾ ഡയഫ്രത്തിന്റെ അനിയന്ത്രിതവും പെട്ടെന്നുള്ളതുമായ സങ്കോചമാണ് (spasm) ഇക്കിളിന്റെ കാരണം.

ഇക്കിൾ ഉണ്ടാകാൻ കാരണം

ശാരീരികമായോ വൈകാരികമായോയുളള നിരവധി കാരണങ്ങൾ മൂലം ഇക്കിളുണ്ടാകാം. സാധാരണയായി കാണുന്ന ചില കാരണങ്ങൾ ഇതാണ്.

  • അളവിൽ കൂടുതൽ അല്ലെങ്കിൽ അതിവേഗം ഭക്ഷണം കഴിക്കുക
  • വല്ലാതെ ഭയക്കുമ്പോൾ
  • കാര്‍ബണേറ്റഡ് പാനീയങ്ങള്‍ കുടിക്കുമ്പോള്‍
  • കൂടുതൽ മദ്യപിക്കുമ്പോൾ
  • മാനസിക സമ്മർദം
  • പെട്ടെന്നുളള കാലാവസ്ഥ മാറ്റം
  • പെട്ടന്ന് വികാരഭരിതരാകുക
  • ക്ഷോഭം കൊള്ളുക

ഇക്കിൾ മാറ്റാനുളള വഴികൾ

വെളളം കുടിക്കുക, പഞ്ചസാര കഴിക്കുക, നാക്ക് കുറച്ചുനേരത്തേക്ക് പുറത്തേക്ക് വലിച്ചുപിടിക്കുക, ഭയപ്പെടുത്തുക എന്നിവയൊക്കെ ഇക്കിൾ മാറ്റുമെന്ന് പഴമക്കാർ പറയാറുണ്ട്. പക്ഷേ ഇവയൊക്കെ ഫലവത്താണോ എന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല.

ഒരു സ്പൂൺ പഞ്ചസാര കഴിക്കുക

ഇത് പഴക്കം ചെന്നതും ഫലവത്തായതുമായ മാർഗമാണ്. ഒരു സ്പൂൺ നിറയെ പഞ്ചസാര കഴിക്കുന്നത് ഇക്കിളിനെ വളരെ പെട്ടെന്ന് മാറ്റുമെന്ന് ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിൻ മാഗസിനിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ പറയുന്നുണ്ട്.

കുറച്ച് തേൻ

ഒരു ടീസ്പൂൺ തേൻ ചെറുചൂടുളള വെളളത്തിൽ ഇളക്കിയശേഷം നാവിന്റെ അടിഭാഗത്ത് ഒഴിക്കുക. അതിനുശേഷം അത് കുടിക്കുക. ശ്വസനം നിയന്ത്രിക്കാനും ഇക്കിൾ നിൽക്കാനും ഇത് സഹായിക്കും.

ഐസ് ഇട്ട തണുത്ത വെളളം കുടിക്കുക

ഐസ് ഇട്ട തണുത്ത വെളളം കുടിക്കുന്നതും ഇക്കിൾ മാറ്റാൻ സഹായിക്കുമെന്ന് ന്യൂയോർക്ക് സിറ്റി സ്വദേശിയായ കാർഡിയോളജിസ്റ്റ് ഡോ.മെഹ്‌മത് നിർദേശിച്ചിട്ടുണ്ട്.

നാരങ്ങ നീര് കുടിക്കുക

ഇക്കിൾ ഉണ്ടാകുമ്പോൾ നാരങ്ങ നീര് കുടിക്കുക. ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ നാരങ്ങ ഇക്കിൾ മാറ്റാൻ സഹായിക്കുമെന്ന് പറയുന്നു.

കുറച്ചുനേരം ശ്വാസം പിടിച്ചുവയ്ക്കുക

ശ്വാസം കുറച്ചുനേരത്തേക്ക് പിടിച്ചു വയ്ക്കുക. എന്നിട്ട് പതുക്കെ ശ്വാസം വിടുക. ഇങ്ങനെ കുറച്ചുനേരം ചെയ്യുക. ശ്വാസം പിടിച്ചുവയ്ക്കുന്നതിലൂടെ ഡയഫ്രത്തിന് റിലാക്സ് ആകാൻ സമയം ലഭിക്കും. അതിലൂടെ ഇക്കിൾ മാറും.

ഇക്കിൾ വരുന്നതുകൊണ്ട് ആരോഗ്യപരമായി ദോഷമൊന്നുമില്ല. ചിലപ്പോഴൊക്കെ ഇക്കിൾ വന്നാലും പെട്ടെന്ന് തന്നെ മാറാറുണ്ട്. എന്നാൽ ചിലപ്പോഴൊക്കെ ഇക്കിൾ മാറാൻ ബുദ്ധിമുട്ടേണ്ടി വരാറുണ്ട്. 48 മണിക്കൂറിലധികം ഇക്കിൾ നീണ്ടുനിൽക്കുന്നുണ്ടെങ്കിൽ വൈദ്യസഹായം തേടണം. ശ്വാസംമുട്ടല്‍, ഛര്‍ദി, വയറുവേദന, പനി, അല്ലെങ്കില്‍ രക്തസ്രാവം എന്നിവയും ഇക്കിളിനൊപ്പം ഉണ്ടെങ്കില്‍ ഉടന്‍തന്നെ ഡോക്ടറെ സമീപിക്കുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook