കുടലിന്റെ മോശം ആരോഗ്യമാണ് പൈൽസ്, മലബന്ധം തുടങ്ങിയ ചില രോഗാവസ്ഥകൾക്ക് കാരണമാകുന്നത്. വാത ദോഷത്തിന്റെ അസന്തുലിതാവസ്ഥ മൂലമാണ് ഈ പ്രശ്നങ്ങൾ പ്രധാനമായും സംഭവിക്കുന്നതെന്നാണ് ആയുർവേദം പറയുന്നത്. ഈ ദഹനപ്രശ്നങ്ങളുടെ ചില കാരണങ്ങളെക്കുറിച്ച് ആയുർവേദ ഡോ. ദിക്സ ഭവ്സർ പറഞ്ഞിട്ടുണ്ട്.
- ഭക്ഷണം ശ്രദ്ധയോടെ കഴിക്കുന്നില്ല
- വരണ്ടതും തണുത്തതും എരിവുള്ളതും വറുത്തതും ഫാസ്റ്റ് ഫുഡും അമിതമായി കഴിക്കുന്നത്
- ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക
- ഭക്ഷണത്തിൽ ഫൈബർ കുറവ്
- മോശം ഉപാപചയപ്രവർത്തനം
- ഉറക്കമില്ലായ്മ
- വൈകിയുള്ള അത്താഴം
- ഉദാസീനമായ ജീവിതശൈലി
മലബന്ധം, പൈൽസ് അല്ലെങ്കിൽ മറ്റ് ദഹന പ്രശ്നങ്ങൾ എന്നിവ അകറ്റാനുള്ള ചില പ്രകൃതിദത്ത പരിഹാരങ്ങളും ഡോക്ടർ നിർദേശിച്ചിട്ടുണ്ട്.
പശുവിൻ നെയ്യ്
പശുവിൻ നെയ്യ് ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുന്നു. “എ, ഡി, ഇ, കെ തുടങ്ങിയ കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകൾ ആഗിരണം ചെയ്യുന്നതിന് ആവശ്യമായ ആരോഗ്യകരമായ കൊഴുപ്പ് ശരീരത്തിൽ നിലനിർത്താൻ ഇത് സഹായിക്കുന്നു,” അവർ പറഞ്ഞു. എരുമയുടെ നെയ്യ് ഡോക്ടർ നിർദേശിക്കുന്നില്ല. കാരണം “ഇത് കൊഴുപ്പ് കൂട്ടുന്നു, എല്ലാവർക്കും അനുയോജ്യമല്ല. ശരീരഭാരം വർധിപ്പിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് എരുമ നെയ്യ് നല്ലതാണ്,” അവർ പറഞ്ഞു.
ഒരു ടീസ്പൂൺ പശുവിൻ നെയ്യ് ഉറങ്ങാൻ പോകുന്നതിനു മുൻപോ രാവിലെ വെറുംവയറ്റിലോ ചെറുചൂടുള്ള വെള്ളത്തിൽ ചേർത്ത് കഴിക്കാൻ ഡോ.ഭാവ്സർ നിർദേശിച്ചു. എളുപ്പത്തിൽ ദഹിക്കുന്നതിനാൽ എല്ലാവർക്കും ഇത് നല്ലതാണെന്ന് അവർ പറഞ്ഞു.
പശുവിൻ പാൽ
മറ്റൊരു പ്രകൃതിദത്ത പ്രതിവിധി പശുവിൻ പാലാണ്. പ്രകൃതിദത്ത പോഷകഗുണമുള്ളതും ഗർഭിണികൾ ഉൾപ്പെടെ എല്ലാവർക്കും നല്ലതുമാണ്. “ഉറങ്ങുന്നതിനു മുൻപ് ഒരു ഗ്ലാസ് ചെറുചൂടുള്ള പാൽ കുടിച്ചാൽ മാത്രം മതി. പിത്ത ആധിപത്യമുള്ള ആളുകൾക്ക് മികച്ചതാണിത്. വിട്ടുമാറാത്ത മലബന്ധമുള്ള ആളുകൾക്ക് 1 ടീസ്പൂൺ പശുവിൻ നെയ്യ് ഒരു ഗ്ലാസ് ചെറുചൂടുള്ള പശുവിൻ പാലിനൊപ്പം കഴിക്കുന്നത് നല്ലതാണ്.
രാത്രി മുഴുവൻ കുതിർത്ത ഉണക്കമുന്തിരി
രാത്രി മുഴുവൻ കുതിർത്ത ഉണക്കമുന്തിരി നാരുകളാൽ സമ്പുഷ്ടമാണ്, മാത്രമല്ല സുഗമമായ മലവിസർജ്ജനത്തിന് സഹായിക്കുകയും ചെയ്യും. ഉണക്കമുന്തിരി കുതിർത്ത് കഴിക്കേണ്ടത് അത്യന്താപേക്ഷിതമാണ്, കാരണം ഉണക്കിയ ഭക്ഷണപദാർത്ഥങ്ങൾ വാതദോഷം വർദ്ധിപ്പിക്കുകയും ഉദരസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. കുതിർക്കുന്നത് അവയെ ദഹിപ്പിക്കാൻ എളുപ്പമാക്കുന്നു.
നെല്ലിക്ക
നെല്ലിക്ക മറ്റൊരു പ്രകൃതിദത്ത പോഷകമാണ്. രാവിലെ പതിവായി കഴിക്കുന്നത് മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും സഹായിക്കുന്നു. “നെല്ലിക്ക മുഴുവനായോ പൊടിയായോ കഴിക്കാം,” ഡോ.ഭാവ്സർ പറഞ്ഞു.
ഉലുവ
ഒരു ടീസ്പൂൺ ഉലുവ രാത്രി മുഴുവൻ കുതിർത്ത് രാവിലെ കഴിക്കുക. ഉറങ്ങുന്നതിനു മുൻപ് ചൂടുവെള്ളത്തിൽ ഒരു ടീസ്പൂൺ ഉലുവ ചേർത്ത് കഴിക്കാം. “അധിക വാതവും കഫവും ഉള്ള ആളുകൾക്ക് ഏറ്റവും മികച്ചത്. ഉയർന്ന പിറ്റ ഉള്ളവർ ഇത് ഒഴിവാക്കണം, ”അവർ പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.