ഡയറ്റും വ്യായാമവും അടക്കം ഏതു ടെക്നിക്ക് പ്രയോഗിച്ചിട്ടും ശരീര ഭാരം കുറയുന്നില്ലേ?. എങ്കിൽ, നിങ്ങളുടെ ഫിറ്റ്നസ് ദിനചര്യ ഒന്നുകൂടി വിലയിരുത്തേണ്ട സമയമാണ്. ചില ചെറിയ മാറ്റങ്ങളിലൂടെ ശരീര ഭാരം കുറയ്ക്കുക എന്ന ലക്ഷ്യം നിങ്ങൾക്ക് കൈവരിക്കാനാകും. വെയ്റ്റ് ലോസ് കോച്ചായ സിമ്രൻ വലേച ശരീര ഭാരം കുറയ്ക്കാനുള്ള മികച്ച 5 ടിപ്സുകൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സൂപ്പും സാലഡിനും പകരം സമീകൃതാഹാരം കഴിക്കുക
സൂപ്പുകളും സാലഡുകളും അടങ്ങിയ ഭക്ഷണക്രമം വിശപ്പും പോഷകക്കുറവും മാത്രമേ ഉണ്ടാക്കൂ. അത്തരം ഒരു ഭക്ഷണക്രമം കാലക്രമേണ മുടി കൊഴിയുന്നതിനും ചർമ്മത്തിന്റെ ആരോഗ്യം മോശമാക്കുന്നതിനും ഇടയാക്കും. അതുകൊണ്ടാണ് കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കണമെന്ന് പറയുന്നത്. ഇതിലൂടെ നിങ്ങൾ സംതൃപ്തരാകുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യാം.
വ്യായാമത്തിൽ 30 മുതൽ 60 സെക്കൻഡ് വരെ കാർഡിയോ ഉൾപ്പെടുത്തുക
അങ്ങനെ ചെയ്യുന്നത് പേശികളെ വീണ്ടെടുക്കാൻ അനുവദിക്കുകയും വ്യായാമത്തിനിടയിലെ ഹൃദയമിടിപ്പ് വർധിപ്പിക്കുകയും ചെയ്യും. വ്യായാമത്തിന് ശേഷവും കൊഴുപ്പ് ഇല്ലാതാക്കുന്നുവെന്ന് ഉറപ്പ് വരുത്തുക.
ദിവസം മുഴുവൻ ശരീരം ചലിപ്പിക്കുക
വർക്ക്ഔട്ട് മണിക്കൂറിന് പുറമേ, ദിവസം മുഴുവൻ സജീവമായി തുടരുന്നത് ഉറപ്പാക്കുക. ഇത് ദീർഘകാലാടിസ്ഥാനത്തിൽ മെറ്റബോളിക് നിരക്ക് വർധിപ്പിക്കാൻ സഹായിക്കുന്നു.
ജ്യൂസുകൾക്കും സ്മൂത്തികൾക്കും പകരം പഴങ്ങൾ കഴിക്കുക
പഴങ്ങൾ ജ്യൂസ് രൂപത്തിലാക്കുന്നതിലൂടെ ശരീരത്തിൽ എത്തുന്ന അധിക പഞ്ചസാര ഒഴിവാക്കാൻ സഹായിക്കുന്നു.
പഞ്ചസാരയും പായ്ക്ക് ചെയ്ത ഭക്ഷണങ്ങളും കഴിക്കാനുള്ള ആസക്തി നിയന്ത്രിക്കുക
ജീവിതം തിരക്കേറിയതാണ്, ഈ സമയത്ത് ഏറ്റവും ആരോഗ്യകരമായ തിരഞ്ഞെടുപ്പ് നടത്തി മുന്നോട്ട് പോകുക. ഈ ഭക്ഷണങ്ങൾ ശരീരഭാരം കുറയ്ക്കാനുള്ള പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുമെന്ന് വലേച്ച പറഞ്ഞു.
ഓരോ മാസവും 2-3 കിലോ ശരീര ഭാരം കുറയ്ക്കാൻ കഴിയുമെന്ന് ന്യൂട്രീഷ്യനിസ്റ്റും ലൈഫ്സ്റ്റൈൽ എജ്യൂക്കേറ്ററുമായ കരിഷ്മ ചൗള അഭിപ്രായപ്പെട്ടു. നിങ്ങളുടെ ശരീരവും ഭക്ഷണവും തമ്മിലുള്ള ബന്ധം മനസ്സിലാക്കുക മാത്രമാണ് വേണ്ടതെന്ന് അവർ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു.
ശരീരഭാരം കുറയ്ക്കാനും കൊഴുപ്പ് ഇല്ലാതാക്കാനും ചൗള ഒരു സാംപിൾ ഡയറ്റ് പ്ലാൻ പങ്കിട്ടു.
*ഒരു വെജിറ്റബിൾ സ്മൂത്തി ഉപയോഗിച്ച് ദിവസം ആരംഭിക്കുക. ഇത് കരളിനെ വിഷാംശം ഇല്ലാതാക്കാനും ഹോർമോൺ ആരോഗ്യത്തിനും സഹായിക്കുന്നു.
*ദിവസവും രണ്ട് പഴങ്ങൾ കഴിക്കുക. കൊഴുപ്പ് കുറയ്ക്കാൻ ദിവസത്തിന്റെ ആദ്യ പകുതിയിൽ പഞ്ചസാര കുറഞ്ഞതും ഉയർന്ന നാരുകളും അടങ്ങിയ ആപ്പിൾ, പപ്പായ പോലുള്ള പഴങ്ങൾ കഴിക്കുക.
*പയർവർഗ്ഗങ്ങൾ, മുട്ട, ചിക്കൻ, മത്സ്യം, നട്സ്, വിത്തുകൾ, പ്രോട്ടീൻ പൗഡറുകൾ എന്നിങ്ങനെ പ്രോട്ടീൻ സമ്പന്നമായ ഭക്ഷണങ്ങൾ കഴിക്കുക.
*വെജിറ്റബിൾ സ്മൂത്തി, സൂപ്പ്, സലാഡുകൾ, പച്ചക്കറികൾ എന്നിവ കഴിക്കുക.
*2-3 ലിറ്റർ വെള്ളം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, ആവശ്യത്തിന് സൂര്യപ്രകാശം കൊള്ളുക.
*വയർവീർക്കൽ, ആസിഡ് റിഫ്ലക്സ്, മലബന്ധം, ഗ്യാസ് എന്നിവയ്ക്ക് കാരണമാകുന്ന ഭക്ഷണങ്ങൾ ഉപേക്ഷിക്കുക. അവ ശരീരത്തിൽ വീക്കം ഉണ്ടാക്കുന്നു.
*കുടലിനെ പരിപാലിക്കുക, പ്രോബയോട്ടിക് സപ്ലിമെന്റ് അല്ലെങ്കിൽ കുടലിലെ നല്ല ബാക്ടീരിയകൾ വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക.