ആരോഗ്യ കാര്യത്തിൽ ജനങ്ങൾക്കിടയിൽ പൊതുവായ ചില തെറ്റിദ്ധാരണകളുണ്ട്. ഇത്തരത്തിൽ ഭക്ഷണവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിലുള്ള മൂന്നു തെറ്റിദ്ധാരണകളെക്കുറിച്ച് വിശദീകരിക്കുകയാണ് ആയുർവേദ ഡോ.ദിക്സ ഭാവ്സർ.
ചോറ് ശരീര ഭാരം കൂട്ടും, മാമ്പഴം പ്രമേഹത്തിന് കാരണമാകും, നെയ്യ് കൊളസ്ട്രോളിന് കാരണമാകും എന്നിങ്ങനെയുള്ള മൂന്നു കാര്യങ്ങളെക്കുറിച്ചാണ് ദിക്സ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചത്.
ചോറ് ശരീര ഭാരം കൂട്ടും
ദിവസവും ചോറ് കഴിച്ചാൽ ശരീര ഭാരം കൂടുമെന്ന് പൊതുവേ എല്ലാവർക്കും ഒരു ധാരണയുണ്ട്. അതിനാൽ തന്നെ ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ആദ്യം ചോറ് പൂർണമായും ഒഴിവാക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ചോറ് ശരീര ഭാരം വർധിപ്പിക്കുന്നില്ലെന്നാണ് ഡോ.ഭാവ്സർ പറയുന്നത്. ദിവസവും മിതമായ അളവിൽ ചോറ് കഴിച്ചാൽ ശരീര ഭാരം കൂടില്ല. നമ്മൾ എന്ത് കഴിക്കുന്നു, എങ്ങനെ കഴിക്കുന്നു, എത്രമാത്രം കഴിക്കുന്നു എന്നത് ഒരുപോലെ പ്രധാനമാണെന്നും അവർ പറഞ്ഞു.
ഉദാസീനമായ ജീവിതശൈലിയുള്ളവർ ബസുമതി അരി ദിവസവും കഴിക്കുന്നത് തീർച്ചയായും ശരീര ഭാരം കൂട്ടും, പ്രമേഹവും ഹൃദയസംബന്ധമായ പ്രശ്നങ്ങളും വരെ ഉണ്ടാകാം. ബ്രൗൺ-റൈസ്, റെഡ്-റൈസ് അടക്കമുള്ളവ ദഹിക്കാൻ എളുപ്പമുള്ളതും അമിതവണ്ണത്തിലേക്ക് നയിക്കാത്തതുമാണ്. അതിനാൽ നിങ്ങൾ ഉപയോഗിക്കുന്ന അരി വിവേകത്തോടെ തിരഞ്ഞെടുക്കുക.
മാമ്പഴം പ്രമേഹത്തിന് കാരണമാകും
മാമ്പഴമോ അല്ലെങ്കിൽ വാഴപ്പഴം, കസ്റ്റാർഡ് ആപ്പിൾ തുടങ്ങിയ മധുരമുള്ള പഴങ്ങളോ പ്രമേഹത്തിന് കാരണമാകുന്നില്ല. ആവശ്യത്തിലധികം ഭക്ഷണം കഴിക്കുകയും വേണ്ടത്ര വ്യായാമം ചെയ്യാതിരിക്കാനും ഉദാസീനമായ ജീവിതശൈലി നയിക്കുകയും ചെയ്യുന്നതാണ് പ്രമേഹത്തിലേക്ക് നയിക്കുന്നത്.
നെയ്യ് കൊളസ്ട്രോളിന് കാരണമാകും
നെയ്യ് കൊളസ്ട്രോളിന് കാരണമാകുമെന്ന് ഞാൻ പറയില്ല, ഞാൻ പറയും- ഇത് കൊളസ്ട്രോൾ മെച്ചപ്പെടുത്തുന്നു. നാടൻ പശുവിന്റെ നെയ്യ് നല്ല കൊളസ്ട്രോൾ (HDL) മെച്ചപ്പെടുത്തുന്നു, വിറ്റാമിനുകളായ വിറ്റ് എ, വിറ്റ് ഡി, വിറ്റ് ഇ, വിറ്റ് കെ എന്നിവയുടെ ആഗിരണത്തിന് ആവശ്യമായ ആരോഗ്യകരമായ കൊഴുപ്പ് ശരീരത്തിൽ നിലനിർത്താനും സഹായിക്കുന്നു.
എരുമയുടെ നെയ്യ് ഒരു പരിധിവരെ കൊഴുപ്പുള്ളതിനാലും എല്ലാവർക്കും അനുയോജ്യമല്ലാത്തതിനാലും ഞാൻ നിർദേശിക്കുന്നില്ല. ശരീരഭാരം കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് എരുമ നെയ്യ് നല്ലതാണെന്ന് അവർ പറഞ്ഞു. എപ്പോഴും നാടൻ പശുവിൻ പാലിനും നെയ്യിനും മുൻഗണന നൽകുക. ചോറ്, മാമ്പഴം, നെയ്യ് എന്നിവയെ ഭയപ്പെടരുത്. ശരീരത്തിന്റെ ആവശ്യത്തിനനുസരിച്ച് മിതമായ അളവിൽ കഴിക്കുകയെന്ന് അവർ അഭിപ്രായപ്പെട്ടു.
Read More: മാമ്പഴം ധാരാളം കഴിക്കാമോ? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു