പ്രശ്നങ്ങൾ ഒന്നുമില്ലാത്ത ചർമ്മം ആരാണ് ആഗ്രഹിക്കാത്തത്? എന്നാൽ അത് നേടാനുള്ള ശ്രമത്തിൽ, പലപ്പോഴും ചില സാധാരണ ചർമ്മ സംരക്ഷണ മിഥ്യകൾക്ക് ഇരയാകാറുണ്ട്. ടൂത്ത് പേസ്റ്റിന് മുഖക്കുരു സുഖപ്പെടുത്താൻ കഴിയും, പുറത്തുപോകേണ്ട സമയത്ത് മാത്രം ഉപയോഹിക്കേണ്ടതാണ് സൺസ്ക്രീൻ, കൂടാതെ പ്രകൃതിദത്ത ചർമ്മ സംരക്ഷണം എല്ലായ്പ്പോഴും സുരക്ഷിതമാണ്, അങ്ങനെ പോകുന്നു മിഥ്യകളുടെ ലിസ്റ്റ്.
എന്നാൽ ഇവയ്‌ക്കും ജനപ്രിയമായി വിശ്വസിക്കപ്പെടുന്ന മറ്റു പല സങ്കൽപ്പങ്ങളുടെയും ഗുണങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ല. അമിതമായി ഉപയോഗിച്ചാൽ ഗുണത്തേക്കാളേറെ അത് ദോഷം ചെയ്‌തേക്കാം. ഈ മിഥ്യകളിലെ ചിലതിന്റെ യാഥാർഥ്യത്തെക്കുറിച്ച് ഡെർമറ്റോളജിസ്റ്റായ ഡോ. ഗീതിക മിത്തൽ ഗുപ്ത ഇൻസ്റ്റാഗ്രാമിൽ പറയുന്നു.
മിഥ്യ 1: ചൂടുവെള്ളം സുഷിരങ്ങൾ തുറക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു
സത്യം: ചൂടുവെള്ളം നിങ്ങളുടെ സുഷിരങ്ങൾ പെട്ടെന്ന് തുറക്കില്ല. മുഖം വൃത്തിയാക്കാൻ ചെറുചൂടുള്ള വെള്ളം ഉപയോഗിക്കാം. അതിനുശേഷം ശരിയായ ചർമ്മ സംരക്ഷണ നടപടികൾ പിന്തുടരുക.
“ചൂടുവെള്ളം ഉപയോഗിച്ച് നിങ്ങളുടെ സുഷിരങ്ങൾ ‘തുറക്കുക’എന്നത് അസാധ്യമാണ്. ജലത്തിന്റെ താപനില കണക്കിലെടുത്ത് സുഷിരങ്ങൾ സ്വമേധയാ തുറക്കാനും അടയ്ക്കാനും കഴിയില്ല, കാരണം അവ പേശികളല്ല. സുഷിരങ്ങളുടെ വലുപ്പമോ എണ്ണമോ മാറ്റാൻ ഒന്നിനും കഴിയില്ല. സുഷിരങ്ങൾ തുറക്കുന്നതിന് കാരണമാകില്ലെങ്കിലും നിങ്ങളുടെ സുഷിരങ്ങൾക്കുള്ളിൽ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്ക്, അഴുക്ക്, സെബം എന്നിവ വൃത്തിയാക്കാൻ ചൂടുവെള്ളത്തിന് കഴിയും,” ഗ്ലാമിയോ ഹെൽത്ത് സഹസ്ഥാപകൻ ഡോ. പ്രീത് പാൽ താക്കൂർ ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.
മിഥ്യ 2: ടൂത്ത് പേസ്റ്റ് ഒറ്റരാത്രികൊണ്ട് മുഖക്കുരു ഒഴിവാക്കാൻ സഹായിക്കുന്നു.
സത്യം: ഇത് പെട്ടെന്നുള്ള പരിഹാരമാണെന്ന് തോന്നുമെങ്കിലും, ടൂത്ത് പേസ്റ്റിന് നിങ്ങളുടെ ചർമ്മത്തെ പ്രകോപിപ്പിക്കാനും സാഹചര്യം കൂടുതൽ വഷളാക്കാനും കഴിയും.
“ടൂത്ത് പേസ്റ്റ് നിങ്ങളുടെ ചർമ്മത്തിന് ഗുണം ചെയ്യില്ല. ഇപ്പോൾ ഉള്ളതിനെക്കാൾ കൂടുതൽ പ്രകോപിതവും ചുവപ്പുനിറമുള്ളതുമായ മുഖക്കുരു നിങ്ങൾക്ക് ഉണ്ടാകാം. ടൂത്ത് പേസ്റ്റ് ഘടകങ്ങൾ ചർമ്മത്തിന് വളരെ ശക്തമോ പരുഷമോ ആയിരിക്കും. ഇത് ചുവപ്പ്, കുത്തൽ, പൊള്ളൽ, പ്രകോപനം, വീക്കം എന്നിവയ്ക്ക് കാരണമാകും,” ഡോ. പ്രീത് പറഞ്ഞു.
മിഥ്യ 3: വീടിനുള്ളിൽ സൺസ്‌ക്രീൻ ധരിക്കുന്നത് അനാവശ്യമാണ്.
സത്യം: അൾട്രാവയലറ്റ് രശ്മികൾക്ക് ജാലകങ്ങളിലൂടെ തുളച്ചുകയറാൻ കഴിയും. അതിനാൽ വീടിനുള്ളിൽ ആയിരിക്കുമ്പോൾ സൺസ്ക്രീൻ ഉപയോഗിച്ച് ചർമ്മത്തെ സംരക്ഷിക്കുന്നത് പ്രധാനമാണ്.
വീടിനുള്ളിൽ സൂര്യപ്രകാശത്തിനെതിരെ നല്ല പ്രകൃതിദത്ത സംരക്ഷണമുണ്ടെങ്കിലും 40% അൾട്രാവയലറ്റ് രശ്മികൾ പ്രതിഫലനത്തിലൂടെയും അപവർത്തനത്തിലൂടെയും വീടിനുള്ളിൽ എത്തുമെന്ന് ഓർക്കണമെന്ന് ഖാർ, പി ഡി ഹിന്ദുജ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ റിസർച്ച് സെന്ററിലെ ഡെർമറ്റോളജി കൺസൾട്ടന്റ് ഡോ. സുശീൽ തഹിലിയാനി പറഞ്ഞു.
“കൂടാതെ, ഫ്രഞ്ച് വിൻഡോകൾ, കമ്പ്യൂട്ടറുകളിൽ നിന്നും സ്മാർട്ട്‌ഫോണുകളിൽ നിന്നുമുള്ള നീല വെളിച്ചം, കൂടാതെ സിഎഫ്‌എൽ ലാമ്പുകളിൽ നിന്നുള്ള ചില യുവി രശ്മികളും ആശങ്കയുണ്ടാക്കും,”ഡോ. സുശീൽ പറഞ്ഞു.
മിഥ്യ 4: സ്വാഭാവിക ചർമ്മസംരക്ഷണം എപ്പോഴും സെൻസിറ്റീവ് ചർമ്മത്തിന് സുരക്ഷിതമാണ്.
സത്യം: ഒരു ഉൽപ്പന്നം “സ്വാഭാവികം” എന്ന് പറയപ്പെടുന്നതിനാൽ ചെയ്‌തിരിക്കുന്നതിനാൽ അത് സെൻസിറ്റീവ് ചർമ്മത്തിന് അനുയോജ്യമാണെന്ന് ഉറപ്പുനൽകുന്നില്ല. എല്ലായ്പ്പോഴും ചേരുവകൾ പരിശോധിച്ച് സെൻസിറ്റീവ് ചർമ്മ തരങ്ങൾക്കായി പ്രത്യേകം രൂപപ്പെടുത്തിയ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുക.
“സ്വാഭാവികം’, ‘വൃത്തിയുള്ളത്’ തുടങ്ങിയ ലേബലുകൾ അനിയന്ത്രിതമാണ്, അതിനാൽ നിങ്ങൾക്ക് എന്താണ് ലഭിക്കുന്നതെന്ന് യഥാർത്ഥത്തിൽ അറിയാൻ സാധിക്കില്ല. കൂടാതെ പ്രകൃതിദത്ത ചേരുവകൾ പോലും കടുത്ത അലർജി പ്രതിപ്രവർത്തനങ്ങൾക്ക് കാരണമാകും.
സെൻസിറ്റീവ് ചർമ്മമുള്ളവർക്കും ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ പ്രശ്‌നമുണ്ടാക്കും,” ബാംഗ്ലൂരിലെ ബെലേനസ് ചാമ്പ്യൻ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റും കോസ്‌മെറ്റോളജിസ്റ്റും ഹെയർ ട്രാൻസ്‌പ്ലാന്റ് സർജനുമായ ഡോ. ഉദയ് കുമാർ സോന്നപ്പ പറഞ്ഞു.