scorecardresearch

തിളക്കം മങ്ങുന്ന കുഞ്ഞുങ്ങള്‍

“സാങ്കേതിക വിദ്യ മറ്റെല്ലാം പോലെ ഉപയോഗത്തിനായി നമ്മള്‍ നിയന്ത്രിച്ച് കൈകാര്യം ചെയ്യേണ്ട ഒന്നാണ്, അത് നമ്മളെ നിയന്ത്രിക്കാന്‍ തുടങ്ങുമ്പോള്‍ അതിന് തടയിടണം, കുഞ്ഞുങ്ങള്‍ക്ക് അത് പഠിപ്പിച്ചു കൊടുക്കണം.” ഫോർത്ത് സ്ക്രീനിനോട് കുട്ടികൾക്കുള്ള ആശ്രിതത്വം സൃഷ്ടിക്കുന്ന അപകടകരമായ സാഹചര്യത്തെക്കുറിച്ചും അതുമറികടക്കേണ്ടതിനെക്കു റിച്ചും സ്പീച്ച് തെറപ്പിസ്റ്റും ലിംഗ്വിസ്റ്റുമായ ഡോ.മായ ലീല എഴുതുന്നു

തിളക്കം മങ്ങുന്ന കുഞ്ഞുങ്ങള്‍

ലോകമെമ്പാടും ഇന്ന് കടന്നുപോകുന്ന വലിയൊരു പ്രതിസന്ധിയാണ് സ്ക്രീൻ ഉപയോഗം. രണ്ടാം സ്ക്രീനിന്റെ (സെക്കൻഡ് സ്ക്രീനിന്റെ) അഥവാ ടെലിവിഷൻ പ്രചാരം നേടുന്ന കാലത്ത് നേരിടുന്ന പോലൊരു പ്രശ്നമല്ല നാലാം സ്ക്രീൻ (ഫോർത്ത് സ്ക്രീൻ) എന്ന മൊബൈൽ,ടാബ്, ലാപ് റ്റോപ് സ്ക്രീനുകളുടെ സ്വാധീനകാലത്തെ ദശാസന്ധി.

നേരത്തെ സ്ക്രീൻ പ്രശ്നം ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നുവെങ്കിലും കോവിഡ് -19 വ്യാപനം തടയുന്നതിനായി ലോകമൊട്ടാകെ സ്വീകരിച്ച അടച്ചിടൽ, സ്ക്രീൻ ഉപയോഗം അത്യധികമായി വർദ്ധിപ്പിച്ചു എന്ന വസ്തുതയുണ്ട്. കുട്ടികളും മുതിർന്നവരും മുമ്പത്തേക്കാൾ സമയം സ്ക്രീനിലേക്ക് ചുരുങ്ങി. ഒരുതരത്തിൽ പറഞ്ഞാൽ സ്ക്രീനാസക്തമായ ഒരു ജനത, ഒരു തലമുറ അതിവേഗം രൂപപ്പെടുകയും ചെയ്തു.

മുൻകാലങ്ങളിൽ (കോവിഡിന് മുമ്പ്) പലപ്പോഴും മൊബൈൽ ഫോൺ കുട്ടികൾക്ക് ലഭിക്കുക എന്നത് അത്ര സുഗമമായിരുന്നില്ല. പഠനം ഉൾപ്പടെ എല്ലാം ഓൺലൈൻ അധിഷ്ഠതമായതോടെ നാലാം സ്ക്രീൻ കേന്ദ്രീകൃമായ ലോകത്തിന് കൂടുതൽ വ്യാപനം സാധ്യമായി. ഈ ഓൺലൈൻ അധിഷ്ടിത വ്യവഹാരങ്ങൾ മൊബൈൽ സാന്ദ്രത വർദ്ധിച്ചു. വളരെ ഗുണപരമായ സാങ്കേതിവിദ്യയുടെ സാധ്യതകൾ അമിതോപയോഗം മൂലം അപകടരമായ നിലയിൽ വളരുന്നതാണ് ഇപ്പോൾ കണ്ടുവരുന്നത്.

നേരത്തെ ചില ഗെയിമുകളിലായി കുട്ടികളുടെ സ്ക്രീൻ ഡിപെൻഡൻസി പരിമിതപ്പെട്ടിരുന്നുവെങ്കിൽ ഇപ്പോഴതൊക്കെ മാറി കുട്ടികളെന്നോ മുതിർന്നവരെന്നോ വേർതിരിവില്ലാതെ അത് വ്യാപിച്ചു. സ്ക്രീൻ ഡിപൻഡെൻസി എന്നതിൽ നിന്നും സ്ക്രീൻ അഡിക്ഷൻ അഥവാ ഇന്റർനെറ്റ് അഡിക്ഷൻ എന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തി നിൽക്കുന്നു. നമ്മുടെ ജൈവബന്ധത്തെ വിർച്വൽ ലോകം ഒരു സ്ക്രീൻ കൊണ്ട് മറച്ചുപിടിക്കുന്നുവെന്ന് പറഞ്ഞാൽ പോലും അത് തെറ്റാകില്ല.

നമ്മുടെ കുഞ്ഞുങ്ങളുടെ ചുറ്റിനുമുള്ള തിളങ്ങുന്ന പാളികള്‍ മുഖമില്ലാത്ത ഒരു ശത്രുവായി മാറി അവരുടെ മെയ്യും മനവും കവര്‍ന്നുകൊണ്ട് പോവുകയാണ്. ഉപയോഗത്തിന്റെ സകല നിയന്ത്രണങ്ങളും കൈവിട്ടു പോവുകയും സാങ്കേതികവിദ്യ അവരെ ആരോഗ്യവും ഓജസ്സും നഷ്ടപ്പെട്ട നിസ്സഹായരാക്കുകയും ചെയ്യുന്നു. സ്ക്രീന്‍ ഉപയോഗിക്കുന്നത് കൊണ്ട് ശരിക്കും എന്താണ് കുഴപ്പം എന്ന് നിങ്ങളോട് അവര്‍ ചോദിക്കുന്നു, നിങ്ങളും എപ്പോഴും ഫോണില്‍ തന്നെയാണല്ലോ എന്ന് അവര്‍ വിരല്‍ചൂണ്ടുന്നു. എന്താണ് മറുപടി?

എന്തിനാണ് നിങ്ങള്‍ കൈയ്യിലെ ചതുരപ്പാളി ഉപയോഗിക്കുന്നത് എന്നതിന്റെ ന്യായങ്ങള്‍ അവര്‍ക്ക് ദഹിക്കണമെന്നില്ല, കാരണം ന്യായങ്ങള്‍ അവര്‍ക്കുമുണ്ട്. അവരുടെ ഈ ആശ്രിതത്വ ശീലം മാറ്റാന്‍ എന്താണ് നിങ്ങള്‍ പറഞ്ഞ് കൊടുക്കുക? ഭീഷണിയും ശാരീരിക ഉപദ്രവങ്ങളും ഒക്കെ പരീക്ഷിക്കുകയാണ് മാതാപിതാക്കള്‍, പക്ഷേ ശിക്ഷകളെക്കാളും ഭീഷണികളെക്കാളും ഒക്കെ വലിയ അനുഭവമാണ് സ്ക്രീനുകള്‍ പകരം നല്‍കുന്നത്. ഒരു സ്ക്രീനിലൂടെ ഒരു ഞൊടിയില്‍ ഓടിമറയുന്ന വ്യത്യസ്തമാര്‍ന്ന അനുഭവങ്ങള്‍, നേരമ്പോക്കുകള്‍ എന്നിവയുമായി നിങ്ങള്‍ക്ക് മത്സരിച്ച് ജയിക്കാനാവില്ല.

സ്ക്രീനിനോടുള്ള ആശ്രിതത്വം മുതിര്‍ന്നവരുടെ ഇടയില്‍ നിന്ന് തന്നെ പങ്കാളികളെയും കുടുംബത്തെയും ഒക്കെ പറിച്ചു മാറ്റിക്കൊണ്ട് പോവുകയാണ് അപ്പോള്‍ കുഞ്ഞുങ്ങളെ കാര്യം പറഞ്ഞ് മനസ്സിലാക്കുക എത്ര പ്രയാസമാണ്. പുതിയ ശീലങ്ങള്‍ പകരം കൊടുക്കുക സ്ക്രീനിന്റെ ഉപയോഗം എത്ര ചെറുപ്പത്തിലേ നിയന്ത്രിച്ച്‌ വളര്‍ത്താമോ അത്രയും ചെറുപ്പത്തിലേ അത് ചെയ്യുക ഇതൊക്കെയാണ് നമ്മുടെ കൈയ്യിലുള്ള ഉപാധികള്‍.

ആശയവിനിമയം നടത്താനും, വ്യവഹാരങ്ങള്‍ നടത്താനും വിദ്യാഭ്യാസത്തിനും അറിവിനും വിനോദത്തിനും ഒക്കെയും സ്ക്രീന്‍ ഉപയോഗപ്രദമായ വസ്തുവാണ്, പക്ഷേ അത് നിയന്ത്രിക്കുന്നത് വ്യക്തികളാകണം തിരിച്ചാകരുത് എന്ന വിവേചനബുദ്ധി മാതൃകാപരമായ പെരുമാറ്റത്തിലൂടെ കുട്ടികള്‍ക്ക് പകർന്ന് കൊടുക്കണം.

എന്ത് കാര്യത്തിനും, പഠിക്കാനും, വിനോദത്തിനും, ഇടപഴകലിനും ഒക്കെ, ആകെ സ്ക്രീന്‍ മാര്‍ഗമേ അവസരങ്ങള്‍ ഉള്ളൂ എന്ന ആശ്രിതത്വം വരുകയും, ഇത് കിട്ടാതെ വരുമ്പോള്‍ സ്വഭാവത്തിലും പെരുമാറ്റത്തിലും വ്യതിയാനങ്ങള്‍ സംഭവിക്കുകയും, കിട്ടുന്നത് വരെ വളരെ മനക്ലേശം അനുഭവിക്കുകയും ചെയ്യുമ്പോള്‍ ആണ് അതിനെ ആശ്രിതത്വം അഥവാ അഡിക്ഷൻ (addiction) എന്ന ഗണത്തിൽപ്പെടുത്തുക. ഇത്തരം ആശ്രിതത്വം ലോകമെമ്പാടും കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്നു.

എന്താണ് അനിയന്ത്രിത സ്ക്രീന്‍ ഉപയോഗത്തിന്റെ പാര്‍ശ്വഫലങ്ങള്‍ ?

ശാരീരികാരോഗ്യ പ്രശ്നങ്ങള്‍

കണ്ണുകളാണ് സ്ക്രീന്‍ ഉപയോഗം കൊണ്ട് ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നത്. ഒരുപാട് നേരം ഈ നീലവെളിച്ചം കണ്ണിലേക്ക് എത്തുന്നത് കണ്ണിലെ റെറ്റിനയിലെ കോശങ്ങളെ ബാധിക്കുന്നു, കൂടാതെ ഇത് കാഴ്ചയുടെ വളര്‍ച്ചയ്ക്ക് അത് ഹാനികരമാകുന്നു. കുഞ്ഞുങ്ങളില്‍ കാഴ്ചയുടെ കഴിവുകള്‍ വളരാന്‍ പ്രകൃത്യാലുള്ള പ്രകാശങ്ങള്‍ അത്യാവശ്യമാണ്. ദൂരം അളക്കാനും ആഴം അളക്കാനും അതുവഴി കാഴ്ച – ദൃഷ്ടി കേന്ദ്രീകരിക്കാനും (ഫോക്കസ്) നിയന്ത്രിക്കാനും ഉള്ള കഴിവുകള്‍ വളരണമെങ്കില്‍ കുട്ടികള്‍ വീടിനുള്ളിലും വെളിയിലും ഒരുപോലെ ചുറ്റുപാടുമായി ഇടപഴകണം.

സൂക്ഷ്മമായി ഒരു വസ്തുവില്‍ നോക്കിയിരുന്നാലും കണ്ണുയര്‍ത്തി ദൂരേക്ക് നോക്കിയാല്‍ കാഴ്ച മങ്ങുകയോ ദൃഷ്ടി കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാവുകയോ ചെയ്യുന്നില്ല. പക്ഷേ അധികസമയം സ്ക്രീനിലേയ്ക്ക് മാത്രം കാഴ്ച കേന്ദ്രീകരിച്ച് ശീലിച്ചാല്‍, കണ്ണിന് സ്വാഭാവികമായ ദൃഷ്ടി കേന്ദ്രീകരിക്കാനുള്ള കഴിവ് മന്ദിക്കും. ഇത് ഇരട്ടിച്ച കാഴ്ച (double vision), മങ്ങല്‍ (blurry vision) പോലെയുള്ള കുഴപ്പങ്ങള്‍ക്ക് കാരണമാകും. സ്ക്രീനിലേക്ക് നോക്കിയിരിക്കുന്നവരില്‍ വളരെ സാധാരണമായി കാണുന്ന ഒരു പ്രശ്നമാണ് ഇമവെട്ടാന്‍ മറന്നു പോവുന്നു എന്നത്, ഇത് കണ്ണുകളെ വരണ്ടതാക്കുകയും ചൊറിച്ചില്‍, കാഴ്ച മങ്ങല്‍, ദൂരെയുള്ള വസ്തുക്കള്‍ കാണാന്‍ ബുദ്ധിമുട്ട് എന്നീ അനുബന്ധ പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.

ഒറ്റയടിക്ക് മണിക്കൂറുകളോളം സ്ക്രീനില്‍ തന്നെ നോക്കിയിരുന്നാല്‍ കണ്ണിന് ക്ഷീണം ഉണ്ടാവുക തന്നെ ചെയ്യും. ഇടയ്ക്കിടയ്ക്ക് സ്ക്രീനില്‍ നിന്ന് കണ്ണെടുക്കുകയും ചുറ്റുപാടുകളും മറ്റ് വസ്തുക്കളുമായി ഇടപഴകുകയും ചെയ്യണം. ഇടുങ്ങിയ സ്ക്രീനില്‍ നോക്കിയിരിക്കാതെ ഇരുപതടി ദൂരത്തിലുള്ള വസ്തുക്കളെ ഇടയ്ക്കിടയ്ക്ക് നോക്കണം എന്നാണ് വിദഗ്ധാഭിപ്രായം. അങ്ങനെ കേന്ദ്രീകരിച്ച കാഴ്ചയും വിശാലമായ കാഴ്ചയും ഇടകലര്‍ന്നാല്‍ മാത്രമേ ആരോഗ്യമുള്ള കണ്ണും കാഴ്ചയും നിലനിര്‍ത്താനാകൂ.

‘ഇതും കുത്തി ഒരേ ഇരിപ്പാണ്’ എന്നത് ഏകദേശം മുഴുവന്‍ മനുഷ്യരാശിയുടെയും മുഖമുദ്രയായിട്ടുണ്ട്. കുത്തിപ്പിടിച്ച് കൂനിക്കൂടി ഇരിക്കുന്നത് ശരീരത്തിന്റെ ചലന ശേഷി, പേശികളുടെ ശേഷി എന്നിവയെ ബാധിക്കുന്നു. ചുമലുകള്‍ അകത്തേക്ക് കൂടി കഴുത്ത് വളരെ കൂനി ഇരിക്കുന്ന ആ അവസ്ഥ ശരീര വളര്‍ച്ചയെ തന്നെ പ്രശ്നത്തിലാക്കുന്നു. ഒന്നാമതായി ചലനവും ഭൗതിക പ്രവൃത്തികളും കുറവായതിനാല്‍ ശരീര ഭാരം അമിതമായി വര്‍ദ്ധിക്കുന്നു.

ദുര്‍മേദസ് ചെറിയ കുഞ്ഞുങ്ങളുടെ ശരീരത്തില്‍ അടിഞ്ഞുകൂടുന്നത് പല മാരകമായ രോഗങ്ങള്‍ക്കും കാരണമാകും. അസ്ഥികളുടെ വളര്‍ച്ചയേയും ആരോഗ്യത്തേയും ഈ ഒരേ ഇരിപ്പ് ബാധിക്കും. വ്യായാമം ഇല്ലാത്ത അവസ്ഥയില്‍ ഇരിക്കുന്നത് കൊണ്ട് കഴുത്ത് വേദന, നട്ടെല്ലിന്റെ പ്രശ്നങ്ങള്‍, താടിയെല്ലിന്റെ സന്ധികളുടെ അനാരോഗ്യം എന്നിവ കുട്ടികളില്‍ വളരെ കൂടുതലായി കാണപ്പെടുന്നു. തോളുകളുടെ അബോധ ചലനങ്ങള്‍ വിറയല്‍ എന്നിവയും കുട്ടികളില്‍ കണ്ടുവരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കുട്ടികളുടെ ശ്വസനത്തില്‍ കണ്ടു വരുന്ന അവ്യവസ്ഥകളാണ് മറ്റൊരു പ്രധാന പ്രശ്നം. കൂനിക്കൂടിയുള്ള ഈ ഇരിപ്പ് കൊണ്ട്, കുട്ടികളുടെ ശ്വാസത്തിന്റെ അളവ്, ക്രമം എന്നിവയിലെല്ലാം തകരാറ് സംഭവിക്കാം. ശ്വാസകോശവും അതിന്റെ പ്രവര്‍ത്തനവും ഘടനയും ഒക്കെ ആരോഗ്യത്തിനും ജീവന് തന്നെയും എത്ര പ്രധാനപ്പെട്ടതാണ് എന്ന് ആര്‍ക്കും സംശയമുള്ള കാര്യമല്ലല്ലോ. ഓടിയും ചാടിയും, തൊട്ടും തടവിയും, വീണും വിയര്‍ത്തും ചുറ്റുപാടുമായി ഇടപഴകി വളരേണ്ട രീതിയില്‍ ജൈവാവയങ്ങളും കഴിവുകളും ഇടകലര്‍ന്ന ജീവിയാണ് മനുഷ്യന്‍ എന്നിരിക്കേ ഉപകാരത്തിന് ഉതകേണ്ടുന്ന സ്ക്രീന്‍ നമ്മുടെ കുഞ്ഞുങ്ങളുടെ ജൈവികമായ അവസ്ഥയെ തന്നെ കാര്‍ന്നു തിന്നുകയാണ്. അവരുടെ പേശികളും അസ്ഥികളും ശ്വസനേന്ദ്രിയങ്ങളും അനാരോഗ്യകരമായ ഈ ശീലം കൊണ്ട് അപകടത്തില്‍ ആവുന്നു.

കുഞ്ഞുങ്ങളുടെ ചലനവും കായിക വ്യായാമങ്ങളും വളര്‍ച്ചയുടെ വളരെ പ്രധാന ഘടകമാണ്. സ്ക്രീന്‍ ഉപയോഗത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കുകയും ഇടയ്ക്കെല്ലാം വെളിയില്‍ ഇറങ്ങി കളിക്കുകയും ഓടുകയും ചാടുകയും സൈക്കിള്‍ ചവിട്ടുകയും ഒക്കെ ചെയ്യണം കുട്ടികള്‍, വിദൂരതയിലേക്ക് നോക്കുകയും ഇളംവെയിലേല്‍ക്കുകയും ചെയ്യുന്നത് കണ്ണിനും കാഴ്ചയ്ക്കും ശാരീരിക വളര്‍ച്ചയ്ക്കും സഹായകരമാകും. അത്തരത്തില്‍ ഉള്ള ചുറ്റുപാടുകളും സാഹചര്യങ്ങളും അവരുടെ ദിനചര്യയില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.

മാനസികാരോഗ്യ പ്രശ്നങ്ങള്‍

ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യം. കുട്ടികളുടെ മാനസികാരോഗ്യം അവര്‍ക്ക് പല കഴിവുകളും സ്വായത്തമാക്കുന്നതിനും പഠനത്തിനും ആരോഗ്യപരമായ ശീലങ്ങള്‍, സ്വഭാവം എന്നിവ വളര്‍ത്തുന്നതിനും വേണ്ടുന്ന അടിസ്ഥാന ഘടകമാണ്. ഇതില്‍ എവിടെ തടസം നേരിട്ടാലും അത് മുന്നോട്ടുള്ള മുഴുവന്‍ ജീവിതത്തെയും ബാധിക്കുന്ന തരത്തില്‍ ഗുരുതരമാണ്.

അനിയന്ത്രിത ആവേശമാണ് സ്ക്രീന്‍ ഉപയോഗം കൂടുതലുള്ള കുട്ടികളില്‍ കണ്ടുവരുന്ന ഒരു പൊതുവായ പ്രശ്നം. എടുത്തുചാട്ടം എന്ന് അതിന്റെ സ്വഭാവ രൂപത്തെ പറയാം. പക്ഷേ, ഇത് അതിലും വളരെ അടിസ്ഥാനമായ ഒരു പ്രശ്നമാവുകയാണ്. എന്തെങ്കിലും ചെയ്യാനോ പറയാനോ തോന്നിയാല്‍ അതിനു യാതൊരുവിധ നിയന്ത്രണവും സ്വന്തം കഴിവുപയോഗിച്ചു ചെലുത്താന്‍ കഴിയാതെ വരുക. അതിന്റെ ഭവിഷ്യത്തുകള്‍ ആത്മഹത്യയിലേക്ക് വരെ നീളുന്നു.

ചെയ്തികള്‍ക്ക് പെട്ടെന്നുണ്ടാവുന്ന ഫലങ്ങള്‍ ആണ് വെർച്വൽ (virtual) ലോകത്ത് മുഴുകിയിരിക്കുന്ന കുട്ടികള്‍ ശീലിക്കുന്നത്. വിരലനക്കിയാല്‍ അവിടെ എല്ലാം നടക്കുകയാണ്, അത്തരം മിഥ്യാ ലോകത്ത് നിന്ന് ജീവിതമെന്ന യാഥാര്‍ത്ഥ്യം അവര്‍ക്ക് വിരസമാകും, ഞൊടിയില്‍ കാര്യങ്ങള്‍ നേടാനും ചെയ്യാനും കഴിയുന്ന ഒരു തട്ടകമല്ല യഥാര്‍ത്ഥ ജീവിതം. അതിന്റെ വ്യത്യാസവും അതിലെ രസങ്ങളും കുട്ടികള്‍ക്ക് യാതൊരു ശീലവും പരിചയവും ഇല്ലാത്ത ഒരു മേഖലയാകുന്നു. അങ്ങനെ യഥാര്‍ത്ഥ ജീവിതത്തിലെ യാതൊന്നിനെയും നേരിടാനും മുന്നോട്ട് പോകാനും നിയന്ത്രിക്കാനും കഴിയാത്ത കുഞ്ഞുങ്ങളുടെ മനസ് താളം തെറ്റി പോവുകയാണ്.

ഓര്‍മ്മക്കുറവും, ശ്രദ്ധക്കുറവും ആണ് കുട്ടികളില്‍ കാണുന്ന മറ്റൊരു മാനസികാരോഗ്യ പ്രശ്നം. ഒരു തവണ വിരലോടിച്ചാല്‍ ഒരുപാട് വിവരങ്ങള്‍ കണ്ണിലൂടെ മറയുന്ന അസ്ഥിരതയുടെ സ്ക്രീനില്‍ നിന്ന് സ്ഥിരതയുടെ ലോകത്ത് അവര്‍ ഒന്നും ചെയ്യാന്‍ കഴിയാതെ സംഘര്‍ഷം അനുഭവിക്കേണ്ടി വരുന്നു. ഒരു പുസ്തകം വായിക്കാനോ എന്തെങ്കിലും ഒരു പ്രവൃത്തിയില്‍ മൂന്നോ നാലോ നിമിഷങ്ങള്‍ എങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാനോ അവര്‍ക്ക് കഴിയാതെ പോകുന്നു.

വീണ്ടും സ്ക്രീനിലെ ലോകവും യഥാര്‍ത്ഥ ലോകവും തമ്മിലുള്ള വ്യത്യാസം അവര്‍ക്ക് തീരെ പിടികിട്ടാത്ത വ്യവഹാരമാവുന്നു. പ്രത്യേകിച്ച് ഒന്നും ഓര്‍മ്മയില്‍ വെക്കേണ്ടതില്ലാത്ത ലോകമാണ് സ്ക്രീനില്‍. അതില്‍ ആകെ എവിടെ അമര്‍ത്തണം എവിടെ തൊടണം എന്നത് മാത്രം ഓര്‍ത്തു വെച്ചാല്‍ മതിയാവും. മറ്റ് യാതൊരു വിവരവും ജ്ഞാനവും ഓര്‍മ്മയില്‍ സൂക്ഷിക്കേണ്ട കാര്യം വരുന്നില്ല. മനുഷ്യന്റെ ഓര്‍മ്മയുടെ കഴിവിനെ ഇത്രയും അധിക്ഷേപിക്കുന്ന രീതിയില്‍ കൈകാര്യം ചെയ്യുന്നത് കൊണ്ടുതന്നെ ശാരീരിക കഴിവുകള്‍ ക്ഷയിക്കുന്നത് പോലെ തലമുറകളെ ബാധിക്കുന്ന വ്യാപ്തിയില്‍ തലച്ചോറിന്റെ ക്ഷയം സംഭവിക്കുകയാണ്.

സ്ക്രീനില്‍ നിന്ന് കിട്ടുന്ന വൈവിധ്യമാര്‍ന്ന ഉദ്ദീപനങ്ങള്‍ കിട്ടാതെ വരുന്ന സമയത്ത് കുഞ്ഞുങ്ങള്‍ സ്വഭാവ വ്യതിയാനങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങും. അനിയന്ത്രിതമായി ദേഷ്യം വരുക, നിരാശപ്പെടുക, അസ്വസ്ഥമായിരിക്കുക അങ്ങനെ കളിച്ചും ചിരിച്ചും നടക്കേണ്ടുന്ന കുഞ്ഞുങ്ങള്‍ അതില്‍ നിന്ന് വളരെ വിദൂരതയില്‍ എത്തിപ്പെടുന്നു. സ്വഭാവ വ്യതിയാനം വളര്‍ന്ന് അവര്‍ അക്രമകാരികള്‍ ആകുക വരെ ചെയ്യുന്നുണ്ട്, അവനവനെ ഹാനികരമായി ബാധിക്കുന്ന തരത്തിലെ പെരുമാറ്റങ്ങളും മറ്റുള്ളവരെ ആക്രമിക്കുന്ന തരത്തിലെ പെരുമാറ്റങ്ങളും കുഞ്ഞുങ്ങളില്‍ വളരുന്നു.

സാമൂഹിക ജീവിയായി മാത്രം ജീവിക്കാന്‍ കഴിയുന്ന മനുഷ്യന് അത്യന്താപേക്ഷിതമായി വേണ്ടതാണ് സാമൂഹിക ശേഷികള്‍. ആശയവിനിമയം നടത്താനും സഹവര്‍ത്തിത്വത്തോടെ പരസ്പരം ഇടപഴകാനും പഠിക്കാതെ നമ്മുടെ കുട്ടികള്‍ എങ്ങനെ മുന്നോട്ട് ജീവിക്കും? സ്നേഹം, സൗഹൃദം, കരുതല്‍ ആഹ്ലാദം എന്നിങ്ങനെ പല അടിസ്ഥാനപരമായ വികാരങ്ങളും സാമൂഹിക ശേഷികള്‍ ഇല്ലാതാകുന്നതു കൊണ്ട് കുട്ടികള്‍ക്ക് നഷ്ടമാകുന്നു. ജീവിതത്തില്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍ എങ്ങനെ തരണം ചെയ്യണം എന്ന് അവര്‍ക്ക് അറിയാതെ പോകുന്നു. വളരെ എളുപ്പത്തില്‍ ജീവിതത്തെ അവര്‍ ത്യജിക്കുന്നു, പ്രശ്നപരിഹാരങ്ങള്‍ക്ക് നടത്താവുന്ന ശ്രമങ്ങള്‍ ഉപേക്ഷിക്കുന്നു. ആശയവിനിമയം നടത്താന്‍ അവര്‍ക്കുള്ള കഴിവിനെ ബാധിക്കുന്ന ഏറ്റവും പ്രധാന ഘടകം വിരല്‍ത്തുമ്പിലൂടെയല്ല യഥാര്‍ത്ഥ ലോകത്തില്‍ ആശയവിനിമയം നടക്കുക എന്ന വസ്തുതയാണ്. വിരലനക്കിയാല്‍ കാര്യങ്ങള്‍ ചെയ്തു കിട്ടുന്ന സാങ്കല്‍പ്പിക ലോകത്തല്ല മനുഷ്യന്‍ ജീവിക്കുന്നത്.

ഓര്‍മ്മയിലും ശ്രദ്ധയിലും വരുന്ന വൈഷമ്യങ്ങള്‍ നേരിട്ട് കാരണമാകുന്ന മറ്റൊരു പ്രശ്നമാണ് പഠനസംബന്ധമായ ബുദ്ധിമുട്ടുകള്‍. പഠനത്തില്‍ ശ്രദ്ധിക്കാനും പഠിച്ചത് ഓര്‍മ്മയില്‍ വെയ്ക്കാനും കുട്ടികള്‍ വളരെയേറെ ബുദ്ധിമുട്ടുന്നു എന്നാണ് ലോകമെമ്പാടും നിന്ന് കേള്‍ക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇത് ചെറിയ കുട്ടികളില്‍ മാത്രം നില്‍ക്കുന്നതും ഇല്ല, യൂണിവേഴ്‌സിറ്റി തലങ്ങളില്‍ ഉള്ള വിദ്യാര്‍ഥികളില്‍ വരെ പഠനസംബന്ധമായ ബുദ്ധിമുട്ടുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഒരിടത്ത് ഇരുന്ന് ആശയങ്ങള്‍ വായിച്ചെടുക്കാനും ക്ലാസ്സില്‍ ടീച്ചറെ ശ്രദ്ധിക്കാനും ക്ലാസ്സ്‌ മറ്റ് ശല്യങ്ങളില്ലാതെ കേള്‍ക്കാനും ഉള്ള കുഞ്ഞുങ്ങളുടെ കഴിവ് സ്ക്രീനിന്റെ അമിത ഉപയോഗം കൊണ്ട് ഇല്ലാതായിരിക്കുകയാണ്. അവരുടെ ശ്രദ്ധ വളരെ വേഗം മാറിപ്പോകുന്നു, അവര്‍ക്ക് വളരെ വേഗം ബോറടിക്കുന്നു. ആശയങ്ങള്‍ ഓര്‍ത്തെടുക്കാന്‍ , അത് പ്രയോഗിക്കാനോ പരീക്ഷണത്തിനോ മനനം ചെയ്തെടുക്കാനോ ഒന്നും അവര്‍ക്ക് കഴിയാതെ വരുന്നു. എഴുത്തിലും വായനയിലും കണ്ടു വരുന്ന ബുദ്ധിമുട്ടുകള്‍ സ്ക്രീനിന്റെ അമിത ഉപയോഗം കൊണ്ടുണ്ടാവുന്നതല്ലാത്ത പഠന വൈകല്യങ്ങള്‍ ആയ ഡിസ്‌ലെക്സിയ (dyslexia), ഡിസ്ഗ്രാഫിയ (dysgraphia) എന്നിവയോട് സാദൃശ്യം പുലര്‍ത്തുന്നു. കോവിഡ് മഹാമാരി ഒഴിഞ്ഞ് കഴിയുമ്പോള്‍ യാഥാര്‍ത്ഥ്യ ലോകത്തിലേയ്ക്ക് ഇറങ്ങേണ്ടി വരുന്ന കുഞ്ഞുങ്ങള്‍ പ്രകടിപ്പിക്കാവുന്ന വലിയ പ്രതിസന്ധികളില്‍ ഒന്നാണ് സാക്ഷരത കൈവരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

2019 അവസാനത്തോടെയും അതിനു ശേഷവും ജനിച്ച കുഞ്ഞുങ്ങള്‍ സാമൂഹികമായ ഇടപെടലുകള്‍ നേരിട്ട് അനുഭവിക്കാനുള്ള സാഹചര്യങ്ങള്‍ ഇതുവരെയും ലഭിക്കാത്തവരാണ്. ആവശ്യത്തിലും കൂടുതലും ഇത്തരം സാഹചര്യങ്ങളും അവസരങ്ങളും ലഭിച്ച് കഴിവുകളെല്ലാം ശരിക്ക് വളര്‍ന്ന് വന്ന മുതിര്‍ന്നവര്‍ പോലും സ്ക്രീനില്‍ ആശ്രിതരായി ജീവിതത്തില്‍ ബുദ്ധിമുട്ടുന്നതാണ് നമ്മള്‍ കാണുന്നത്. അപ്പോള്‍ കുഞ്ഞുങ്ങളെ ഇതെങ്ങനെ എത്ര ആഴത്തില്‍ ബാധിക്കും എന്നത് നമ്മള്‍ ഗൗരവമായി കാണണം. ഇത്രയും പ്രശ്നങ്ങള്‍ വായിച്ചു കഴിയുമ്പോള്‍ ആവലാതിപ്പെടുകയോ അവഗണിക്കു കയോ ചെയ്യാതെ, ഇതൊരു അടിയന്തര പ്രശ്നമായി ലോകത്ത് പല രാജ്യങ്ങളും അംഗീകരിച്ചു കഴിഞ്ഞു എന്നത് മനസ്സിലാക്കുകയും കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനും ഭാവി തലമുറകളുടെ ആരോഗ്യത്തിനും നിലനില്‍പ്പിനും വേണ്ടി നടപടികള്‍ കൈക്കൊള്ളുകയുമാണ്‌ വേണ്ടത്. അതിനു ഒഴിവുകഴിവുളില്ലാതെ അടിയന്തരമായ ആവശ്യം എന്ന പരിഗണന കൊടുത്ത് തന്നെ ഇടപെടണം.

ജീവിതത്തില്‍ പ്രായോഗികമായ കഴിവുകള്‍ കുഞ്ഞുങ്ങള്‍ക്ക് പഠിപ്പിച്ചു കൊടുക്കണം. ഒരു മുതിര്‍ന്ന മനുഷ്യന്‍ നേരിടേണ്ടി വരുന്ന സാഹചര്യങ്ങളില്‍ എങ്ങനെ മുന്നോട്ട് പോകാം എന്നതിന് ആവശ്യമായ കഴിവുകള്‍. പാചകം ചെയ്യാനും തുണി കഴുകാനും വീട് വൃത്തിയാക്കാനും ചെടികള്‍ നട്ട് വളര്‍ത്താനും തുന്നലും നീന്തലും വികാരങ്ങളെ നിയന്ത്രിക്കാനും സൗഹൃദങ്ങള്‍ വളര്‍ത്താനും പ്രതിസന്ധികള്‍ തരണം ചെയ്യാനും സാമൂഹിക ജീവിയായി സഹവര്‍ത്തിത്വം പാലിക്കാനും – അങ്ങനെ ലൈഫ് സ്കിൽസ് (life skills) അഥവാ ജീവിത നൈപുണികൾ എന്ന് വിളിക്കുന്ന കഴിവുകളെല്ലാം കുഞ്ഞുങ്ങള്‍ക്ക് പഠിപ്പിച്ചു കൊടുക്കണം.

അതോടൊപ്പം, വൈകാരികമായ സാഹചര്യങ്ങള്‍ എങ്ങനെ നേരിടണം എന്നതും പഠിപ്പിച്ചു കൊടുത്തേ മതിയാകൂ, നിരാശ, ദേഷ്യം, സങ്കടം, അവഗണന, മോഹഭംഗം ഇതൊക്കെ എങ്ങനെ തരണം ചെയ്യണം, അവനവനും മറ്റുള്ളവര്‍ക്കും ഹാനികരമാകാത്ത രീതിയില്‍ എങ്ങനെ മുന്നോട്ട് പോകണം എന്നത് പഠിപ്പിച്ചു കൊടുക്കണം. ഇവയൊക്കെ പഠിപ്പിച്ചു കൊടുക്കാന്‍ പ്രവൃത്തികളിലും കളികളിലും വര്‍ത്തമാനത്തിലും ഒക്കെ ഏര്‍പ്പെടുന്ന നേരത്ത് സ്ക്രീന്‍ മാറ്റി വയ്ക്കാം, മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ സ്ക്രീന്‍ ഉപയോഗം നിയന്ത്രിക്കുകയും പരിധിയില്‍ നിര്‍ത്തുകയും ചെയ്യണം. സ്ക്രീനില്‍ അല്ലാത്ത ഒരുപാട് കളികളും നേരമ്പോക്കു കളും മനുഷ്യരാശിക്ക് പരിചിതമായിരുന്നു. അവയെ നിര്‍ബന്ധബുദ്ധിയോടെ ഓര്‍ത്തെടുത്ത് കുട്ടികള്‍ക്ക് പഠിപ്പിച്ചു കൊടുത്ത് അവരുടെ നിതാന്ത മടുപ്പ് എന്ന പ്രശ്നത്തിന് പരിഹാരം കണ്ടെത്താം. മനുഷ്യരുമായി, ഒരേ പ്രായത്തിലുള്ള മറ്റ് കുട്ടികളുമായി നേരിട്ട് ഇടപഴകി വര്‍ത്തമാനം പറഞ്ഞ് സമയം ചെലവഴിക്കാന്‍ കുട്ടികള്‍ക്ക് സാഹചര്യങ്ങള്‍ ഉണ്ടാക്കി കൊടുക്കുക.

ഈ ശീലം ആശ്രിതത്വത്തിന്റെ രൂപത്തില്‍ എത്തി കുഞ്ഞുങ്ങളുടെ ജീവന് തന്നെ ആപത്താകുന്ന തരം പടുകുഴികളിലേക്ക് അവരെ തള്ളി വിടാതെ നോക്കണം. അതിന് ആദ്യമായി ചെയ്യാവുന്നത് സ്ക്രീന്‍ അനിയന്ത്രിതമായി ഉപയോഗിച്ചാല്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകള്‍ അവര്‍ക്ക് വിശദീകരിച്ചു കൊടുക്കുക എന്നത് തന്നെയാണ്. പിന്നെ അവര്‍ക്ക് മാതൃകയാകുന്ന തരത്തില്‍ മുതിര്‍ന്നവര്‍ ജീവിച്ചു കാണിച്ചു കൊടുക്കണം – എങ്ങനെയാണ് സ്ക്രീന്‍ ഉപയോഗം നിയന്ത്രിക്കുക, സാങ്കേതിക വിദ്യയെ അനുഗുണമായി എങ്ങനെയാണ് ഉപയോഗിക്കുക, അത് നമ്മെ കീഴ്പ്പെടുത്താതെ എങ്ങനെയാണ് ജീവിതത്തെ കാത്തുവയ്ക്കുക എന്നെല്ലാം. സാങ്കേതിക വിദ്യ മറ്റെല്ലാം പോലെ ഉപയോഗത്തിനായി നിയന്ത്രിച്ച് കൈകാര്യം ചെയ്യേണ്ട ഒന്നാണ്, അത് നമ്മളെ നിയന്ത്രിക്കാന്‍ തുടങ്ങുമ്പോള്‍ അതിന് തടയിടണം, അത്, കുഞ്ഞുങ്ങള്‍ക്ക് പഠിപ്പിച്ചു കൊടുക്കണം.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Too much screen time may affect chilrens development and health