ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ചില ഭക്ഷണങ്ങൾ ഒഴിവാക്കാറുണ്ട്. ഇവ ശരീര ഭാരം കൂട്ടുമെന്ന ഭയത്താലാണ് പലരും തങ്ങൾക്ക് ഇഷ്ടപ്പെട്ട പല ഭക്ഷണവും വേണ്ടെന്നു വയ്ക്കുന്നത്. അത്തരത്തിലൊന്നാണ് പാൽ. എന്നാൽ, പാൽ കുടിച്ചാൽ ശരീര ഭാരം കൂടുമോ?. ഇക്കാര്യത്തെക്കുറിച്ച് ഡയറ്റീഷ്യൻ ശിഖ കുമാരി തന്റെ ഇൻസ്റ്റഗ്രാം പേജിൽ വിശദീകരിച്ചിട്ടുണ്ട്.
പാൽ ആരോഗ്യകരമാണ്, അതിൽ യാതൊരുവിധ സംശയവും വേണ്ട. എന്നാൽ അതിൽ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. പക്ഷേ, പാലിന് ശരീരഭാരം വർധിപ്പിക്കാൻ കഴിയില്ല. വാസ്തവത്തിൽ, ശരീര ഭാരം കുറച്ച് കുറയ്ക്കാൻ സഹായിക്കുമെന്ന് അവർ പറഞ്ഞു. ശരീര ഭാരം കുറയ്ക്കാനുള്ള ശ്രമത്തിനിടയിൽ പാലോ പാലുൽപ്പന്നങ്ങളോ ഒഴിവാക്കേണ്ടതില്ലെന്നും അവർ അഭിപ്രായപ്പെട്ടു.
”പാൽ ആരോഗ്യകരവും ഉയർന്ന നിലവാരമുള്ള പ്രോട്ടീന്റെ ഉറവിടവുമാണ്. പേശികളുടെ രൂപീകരണത്തിനും പേശികളുടെ വളർച്ചയ്ക്കും ആവശ്യമായ പോഷകമാണ്. സിങ്ക്, മഗ്നീഷ്യം, കാൽസ്യം, വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി തുടങ്ങിയ പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ എല്ലുകളെ ശക്തിപ്പെടുത്താനും പ്രതിരോധശേഷി വർധിപ്പിക്കാനും ഉപാപചയപ്രവർത്തനം വർധിപ്പിക്കാനും സഹായിക്കും. ദിവസവും പരിമിതമായ അളവിൽ പാൽ കുടിക്കുന്നത് ദോഷകരമല്ല,” അവർ വ്യക്തമാക്കി.
“പാൽ സമീകൃതാഹാരത്തിന്റെ അവിഭാജ്യ ഘടകമാണ്, ഒരു കപ്പ് പാൽ നിങ്ങളെ ഊർജസ്വലരാക്കും. ലാക്ടോസ് അസഹനീയത ഉണ്ടെങ്കിൽ മാത്രം പാൽ ഒഴിവാക്കുക. അത്തരം ആളുകൾക്ക് സോയ, നട്ട് മിൽക്ക് പോലുള്ള സസ്യാധിഷ്ഠിത ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാം,” അവർ പറഞ്ഞു.
ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഏത് തരം പാൽ കുടിക്കാം?
ഏത് തരത്തിലുള്ള പാലാണ് കുടിക്കുന്നതെങ്കിലും മിതമായിരിക്കണമെന്ന് ആരോഗ്യ പരിശീലകയും പോഷകാഹാര വിദഗ്ധയുമായ അനുപമ മേനോൻ പറയുന്നു. ”പശുവിൻ പാൽ തിരഞ്ഞെടുക്കുകയാണെങ്കിൽ കൊഴുപ്പില്ലാത്തതാണെന്ന് ഉറപ്പാക്കുക. പാലുൽപ്പന്നങ്ങൾക്ക് പകരമായി സോയ മിൽക്ക് പോലെയുള്ളവ കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് മധുരമില്ലാത്തതായിരിക്കണം. പ്രോട്ടീന്റെ അംശം കൂടുതലായതിനാൽ ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും. പശുവിൻ പാൽ അലർജിയുള്ളവർ എരുമപ്പാലിലേക്ക് മാറുന്നത് പരിഗണിക്കണം,” അവർ പറഞ്ഞു.
പാൽ കുടിക്കുന്നതിനുള്ള അനുയോജ്യമായ സമയം?
രാവിലെ ആദ്യം തന്നെ പാൽ കുടിക്കുക, എന്നാൽ വെറുംവയറ്റിൽ ആകരുതെന്നും അവർ നിർദേശിച്ചു. നിരവധി പോഷകഗുണങ്ങളുള്ളതിനാൽ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന മികച്ച ഒന്നാണ് പാൽ. ഉച്ചയ്ക്ക്ശേഷം അല്ലെങ്കിൽ ഭക്ഷണത്തിന് ശേഷം, ദഹനത്തിന് ചെറുചൂടുള്ള പാൽ ഗുണം ചെയ്യും. എന്നാൽ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഇടവേള ആവശ്യമാണ്. ഭക്ഷണത്തോടൊപ്പം പാൽ കുടിക്കരുത്, കാരണം ഇത് ദഹിക്കാൻ പ്രയാസമാണ്. പോഷകസമൃദ്ധമായതിനാൽ പാൽ മാത്രമായി കുടിക്കണം. വയർ സംബന്ധമായ പ്രശ്നങ്ങളോ മോശം ദഹനമോ ഉണ്ടെങ്കിൽ പാൽ കുടിക്കുന്നത് ഒഴിവാക്കണം,” മേനോൻ പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.