/indian-express-malayalam/media/media_files/uploads/2023/06/fever-1.jpg)
മഴക്കാലത്ത് ജലജന്യ രോഗങ്ങൾ ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. (Source : Pixabay)
മഴക്കാലമായതോടെ ചുട്ടുപൊള്ളുന്ന ചൂടിൽ നിന്ന് ആശ്വാസം നൽകുകയും പരിസ്ഥിതിയെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ഇത് ജലജന്യ രോഗങ്ങളുടെ അപകടസാധ്യത വർധിപ്പിക്കുന്നു. ഇത് മലിനമായ വെള്ളം കുടിക്കുന്നത് മൂലമുണ്ടാകുന്ന വിവിധ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. കൂടാതെ, ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ആഗോളതലത്തിൽ 80 ശതമാനം രോഗങ്ങളും ജലത്തിലൂടെ പകരുന്നതായി കരുതപ്പെടുന്നു.
“മലിനമായ ജലസ്രോതസ്സുകളിൽ കാണപ്പെടുന്ന സൂക്ഷ്മാണുക്കൾ അല്ലെങ്കിൽ പരാന്നഭോജികൾ മൂലമുണ്ടാകുന്ന രോഗങ്ങളാണ് ജലജന്യ രോഗങ്ങൾ. ബാക്ടീരിയ, വൈറസ്, പ്രോട്ടോസോവ തുടങ്ങിയ വിവിധ രോഗാണുക്കൾ ഈ രോഗങ്ങൾക്ക് കാരണമാകാം. കോളറ, ടൈഫോയ്ഡ് പനി, ഹെപ്പറ്റൈറ്റിസ് എ, ജിയാർഡിയാസിസ്, ഛർദ്ദി എന്നിവയാണ് ജലജന്യ രോഗങ്ങളുടെ ചില ഉദാഹരണങ്ങൾ,” ഹൈദരാബാദിലെ കാമിനേനി ഹോസ്പിറ്റലിലെ സീനിയർ ജനറൽ ഫിസിഷ്യൻ ഡോ. ജെ ഹരികിഷൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ജലജന്യ രോഗങ്ങൾ ബാധിക്കാനുള്ള സാധ്യതയുണ്ടോ?
മഴക്കാലത്താണ് ജലജന്യ രോഗങ്ങൾ കൂടുതലായി കണ്ടുവരുന്നത്. “മഴവെള്ളം ജലസ്രോതസ്സുകൾ മലിനമാക്കുന്നതിന് ഇടയാക്കും. കവിഞ്ഞൊഴുകുന്ന മലിനജല സംവിധാനങ്ങൾ, ജലവിതരണം, അപര്യാപ്തമായ ശുചിത്വ സൗകര്യങ്ങൾ എന്നിവ ജലജന്യ രോഗങ്ങളുടെ അപകടസാധ്യത വർധിപ്പിക്കുന്നു. മാത്രമല്ല, മഴക്കാലത്തെ ഈർപ്പവും ജലത്തിലൂടെ പകരുന്ന രോഗാണുക്കളുടെ വളർച്ചയ്ക്കും നിലനിൽപ്പിനും അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നു," ഇത് വിശദീകരിച്ചുകൊണ്ട് ഡോ. ഹരികിഷൻ പറഞ്ഞു.
മഴക്കാലത്തെ ഈ രോഗങ്ങൾ എങ്ങനെ തടയാം?
ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നതിലൂടെ, ഈ രോഗങ്ങളുടെ അനന്തരഫലങ്ങളിൽ നിന്ന് നിങ്ങളെയും കുടുംബത്തെയും സംരക്ഷിക്കാൻ കഴിയും. ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷം നിലനിർത്താൻ, ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക, യുഎൻഡിഎസിലെ പൊതുജനാരോഗ്യ നേതാവ് ഡോ. സബിൻ കപാസി പറയുന്നു.
ടാപ്പ് വെള്ളം ഒഴിവാക്കുക: ടാപ്പ് വെള്ളം വേണ്ടത്ര ശുദ്ധീകരിക്കപ്പെടാത്തതിനാൽ നേരിട്ട് കുടിക്കുന്നത് ഒഴിവാക്കുക. പല്ല് തേക്കുന്നതിനും പാത്രങ്ങൾ കഴുകുന്നതിനും ശുദ്ധീകരിച്ചതോ തിളപ്പിച്ചതോ ആയ വെള്ളം ഉപയോഗിക്കുക.
കൈകൾ ഇടയ്ക്കിടെ കഴുകുക: കൈകൾ സോപ്പും ശുദ്ധജലവും ഉപയോഗിച്ച് കുറഞ്ഞത് 20 സെക്കൻഡ് നേരത്തേക്ക് കഴുകി ശരിയായ കൈ ശുചിത്വം പാലിക്കുക. ഭക്ഷണം കഴിക്കുന്നതിന് മുമ്പും ടോയ്‌ലറ്റ് ഉപയോഗിച്ചതിന് ശേഷവും, മലിനമാകാൻ സാധ്യതയുള്ള പ്രതലങ്ങളുമായി സമ്പർക്കം പുലർത്തിയതിന് ശേഷവും ഇത് കൃത്യമായി പാലിക്കുക.
പഴങ്ങളും പച്ചക്കറികളും കഴുകുക: പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിനുമുൻപ് ശുദ്ധജലത്തിൽ നന്നായി കഴുകുക. കൂടുതൽ സുരക്ഷയ്ക്കായി വെജിറ്റബിൾ വാഷ് ഉപയോഗിക്കുന്നത് പരിഗണിക്കുക അല്ലെങ്കിൽ നേർപ്പിച്ച വിനാഗിരി ലായനിയിൽ മുക്കിവയ്ക്കുക.
ചുറ്റുപാടുകൾ വൃത്തിയായി പരിപാലിക്കുക: നിങ്ങളുടെ ചുറ്റുപാടുകൾ വൃത്തിയുള്ളതും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്ന് മുക്തവുമാണെന്ന് ഉറപ്പാക്കുക. കൊതുകുകളുടെയും മറ്റ് രോഗവാഹക പ്രാണികളുടെയും പ്രജനന കേന്ദ്രമായി മാറിയേക്കാവുന്ന വെള്ളക്കെട്ടുള്ള പ്രദേശങ്ങളോ പാത്രങ്ങളോ നീക്കം ചെയ്യുക.
വെള്ളപ്പൊക്കമുള്ള സ്ഥലങ്ങളിൽ നടക്കുന്നത് ഒഴിവാക്കുക: വെള്ളപ്പൊക്കമുള്ള തെരുവുകളിൽ നിന്നോ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ നിന്നോ മാറി നിൽക്കുക. അത്തരം വെള്ളം മലിനമാകുകയും ആരോഗ്യത്തിന് അപകടമുണ്ടാക്കുകയും ചെയ്യും.
കൊതുകിനെ അകറ്റുന്ന മരുന്നുകൾ ഉപയോഗിക്കുക: കൊതുക് കടിയിൽ നിന്ന് സ്വയം പരിരക്ഷിക്കുക. ചർമ്മത്തിൽ കൊതുകിനെ അകറ്റുന്ന മരുന്നുകൾ പുരട്ടുക. ഉറങ്ങുമ്പോൾ കൊതുക് വലകൾ ഉപയോഗിക്കുക, പ്രത്യേകിച്ച് കൊതുക് പരത്തുന്ന രോഗങ്ങൾക്ക് സാധ്യതയുള്ള പ്രദേശത്താണ് താമസിക്കുന്നതെങ്കിൽ.
ലക്ഷണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക: ജലജന്യ രോഗങ്ങളുടെ പൊതുവായ ലക്ഷണങ്ങളെ കുറിച്ച് സ്വയം ബോധവൽക്കരിക്കുക. നിങ്ങൾക്ക് തുടർച്ചയായ വയറിളക്കം, ഛർദ്ദി, വയറുവേദന, പനി അല്ലെങ്കിൽ മറ്റ് അസാധാരണ ലക്ഷണങ്ങൾ എന്നിവ അനുഭവപ്പെടുകയാണെങ്കിൽ, ഉടൻ വൈദ്യസഹായം തേടുക.
ജാഗ്രത പാലിക്കുക: നീന്തൽ അല്ലെങ്കിൽ ബോട്ടിങ് പോലെയുള്ള വിനോദ ജല പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണെങ്കിൽ, വൃത്തിയുള്ളതും നന്നായി പരിപാലിക്കുന്നതുമായ സൗകര്യങ്ങൾ തിരഞ്ഞെടുക്കുക. കനത്ത മഴ കാരണം മലിനമായേക്കാവുന്ന പ്രകൃതിദത്ത ജലാശയങ്ങളിൽ നീന്തുന്നത് ഒഴിവാക്കുക.
വാക്‌സിനേഷനുകൾ: കോളറ, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ തുടങ്ങിയ രോഗങ്ങൾക്കുള്ള വാക്‌സിനേഷനുകളോ ബൂസ്റ്ററുകളോ സ്വീകരിക്കുന്നതിന് ആരോഗ്യപരിപാലന വിദഗ്ധരുമായി ബന്ധപ്പെടുക. ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരോ യാത്ര ചെയ്യുന്നവരോ ആണെങ്കിൽ ഇത് നിർബന്ധമായും പാലിക്കുക.
കമ്മ്യൂണിറ്റി ശ്രമങ്ങളെ പിന്തുണയ്ക്കുക: മഴക്കാലത്ത് ശുചിത്വം മെച്ചപ്പെടുത്തുന്നതിനും സുരക്ഷിതമായ ജലരീതികൾ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള കമ്മ്യൂണിറ്റി സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും അതിൽ പങ്കെടുക്കുകയും ചെയ്യുക.
“സുരക്ഷിത കുടിവെള്ളം ലഭ്യമാക്കുക, ശരിയായ ശുചിത്വം പാലിക്കുക, നല്ല വ്യക്തിശുചിത്വം പാലിക്കുക, ആവശ്യമായ പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ പാലിക്കുന്നതിലൂടെ, ജലജന്യ രോഗങ്ങളുടെ സാധ്യത ഗണ്യമായി കുറയ്ക്കാൻ കഴിയും. ഈ ലളിതമായ നടപടികൾ നിങ്ങളുടെ ആരോഗ്യവും നിങ്ങളുടെ സമൂഹത്തിന്റെ ആരോഗ്യവും സംരക്ഷിക്കുന്നതിനും എല്ലാവർക്കും സുരക്ഷിതവും ആരോഗ്യകരവുമായ മൺസൂൺ സീസൺ ഉറപ്പാക്കുന്നതിനു സഹായിക്കും," ഡോ. സബിൻ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us