ഉയർന്ന രക്തസമ്മർദ്ദം പോലെ തന്നെ പ്രശ്നമുള്ള ഒന്നാണ് ലോ ബിപിയും. രക്തസമ്മർദ്ദനം സാധാരണത്തതിനേക്കാൾ കുറഞ്ഞാൽ തലച്ചോറിലേക്കുള്ള ഓക്സിജന്റെ പ്രവാഹം തടസ്സപ്പെടും. ഹൃദയസംബന്ധമായ പ്രശ്നങ്ങളിലേക്കും ലോ ബിപി നയിക്കും. ക്ഷീണം, തലകറക്കം, നെഞ്ചുവേദന, ഉറക്കം തൂങ്ങല്‍, ഉന്മേഷക്കുറവ് എന്നിവയെല്ലാം ലോ ബിപിയുടെ ലക്ഷണങ്ങളാണ്. രക്തസമ്മര്‍ദ്ദം അനിയന്ത്രിതമായി കുറയുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്കും മരണത്തിലേക്കും വരെ നയിച്ചേക്കാം.
മറ്റു രോഗങ്ങളൊന്നുമില്ലാത്ത ഒരു വ്യക്തിയുടെ ശരാശരി ബി.പി 120/80 ആണ്. സിസ്റ്റോളിക് പ്രഷര്‍ 120-ല്‍ താഴെയും ഡയസ്റ്റോളിക് പ്രഷര്‍ 80-ല്‍ താഴെയും ആവുന്നതാണ് ഹൃദയത്തിന്റെയും തലച്ചോറിന്റെയും രക്തക്കുഴലുകള്‍ ആരോഗ്യത്തോടെയിരിക്കാന്‍ നല്ലത്. ഡിഹൈഡ്രേഷനും (നിര്‍ജ്ജലീകരണം) ലോ ബിപിയ്ക്ക് കാരണമാകാറുണ്ട്. ഗർഭിണികളായ സ്ത്രീകളിൽ ബിപി കുറയാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ തുടർച്ചയായി ബിപി കുറഞ്ഞാൽ അത് അപകടകരമായ അവസ്ഥയിലേക്ക് നയിച്ചേക്കാം.
ബിപി കുറയുമ്പോൾ പെട്ടെന്ന് ആശ്വാസം കിട്ടാൻ ഉപ്പിട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്. ഉപ്പിട്ട നാരങ്ങാവെള്ളമോ കഞ്ഞിവെള്ളമോ ഒക്കെ കുടിക്കുന്നത്, ക്ഷീണം കുറയ്ക്കാൻ സഹായിക്കും. ധാരാളം വെള്ളം കുടിക്കുന്നതും സഹായകരമാണ്. ബിപി കുറവുള്ളവർ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതാണ് രക്തസമ്മർദ്ദത്തെ വരുതിയിലാക്കാനുള്ള വഴികളിലൊന്ന്. പുറത്തു പോകുമ്പോൾ ഉപ്പിട്ട് നാരങ്ങാവെള്ളം കരുതാം. ഇത് ഇടക്ക് കുടിക്കുന്നത് ഡീ ഹൈഡ്രോഷൻ തടയുന്നതിനൊപ്പം ക്ഷീണം അകറ്റാൻ സഹായിക്കുകയും ചെയ്യും.
Read more: ഹീമോഗ്ലോബിൻ കുറവാണോ? ഈ ഭക്ഷണങ്ങൾ കഴിക്കൂ
ബീറ്റ്റൂട്ട് ജ്യൂസ്, കാരറ്റ് ജ്യൂസ് എന്നിവയും രക്തസമ്മർദ്ദം സാധാരണ അളവിലാക്കാൻ സഹായിക്കുന്നവയാണ്. രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാനും കൃത്യമായ അളവില്‍ ആക്കാനും ബീറ്റ്റൂട്ട് ജ്യൂസ് സഹായിക്കും. വിറ്റാമിന്റെയും മിനറൽസിന്റെയും കലവറയായ കാരറ്റ് ജ്യൂസിനും ഇതേ ഗുണങ്ങൾ തന്നെയാണ് ഉള്ളത്. മാതള നാരങ്ങ, ഉണക്കമുന്തിരി എന്നിവയും ലോ ബിപിയുള്ളവർക്ക് രക്തസമ്മർദ്ദം വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണപദാർത്ഥങ്ങളാണ്. കാപ്പി കുടിക്കുന്നതും ഗുണകരമാണ്, കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീനും രക്തസമ്മർദ്ദത്തെ ബാലൻസ് ചെയ്യാനുള്ള കഴിവുണ്ട്. കടുപ്പത്തിലൊരു കപ്പ് കാപ്പി കഴിക്കുന്നതും ലോ ബിപിയുള്ളവർക്ക് ആശ്വാസം നൽകുന്ന കാര്യമാണ്.