ഭക്ഷണം കഴിച്ച ഉടൻ കുളിക്കരുതെന്ന് മുതിർന്നവർ പറയാറുണ്ട്. ആയുർവേദവും ഇതിനെ അനുകൂലിക്കുന്നുണ്ട്. ഇത് മാത്രമല്ല, മറ്റു ചില ശീലങ്ങളും ദഹന പ്രക്രിയയെയും മൊത്തത്തിലുള്ള ശരീര ആരോഗ്യത്തെയും ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. ”നമ്മുടെ ശരീരം സങ്കീർണ്ണമായ രീതിയിൽ പ്രവർത്തിക്കുന്നു, അതിനാൽ നമ്മുടെ എല്ലാ പ്രവർത്തനങ്ങളും അനന്തരഫലങ്ങൾ ഉണ്ടാക്കും. അതിൽ ഒന്നാണ് കുളിക്കുക,” ഡയറ്റീഷ്യൻ ഡോ.ഗരിമ ഗോയൽ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു.
കുളിക്കുന്നതിനു മുൻപ് എപ്പോഴും ശ്രദ്ധിക്കേണ്ട മൂന്നു കാര്യങ്ങളെക്കുറിച്ച് ആയുർവേദ വിദഗ്ധ ഡോ.ഡിംപിൾ ജംഗ്ദ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.
കുളിക്കുന്നതിനു മുൻപായി ഒരു ഗ്ലാസ് വെള്ളം കുടിക്കുക
കുളിക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും. ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തെ ഉള്ളിൽ നിന്ന് ചൂടാക്കുന്നു. രക്തക്കുഴലുകൾ വികസിക്കാനും അവയിലൂടെ കൂടുതൽ രക്തം ഒഴുകാൻ അനുവദിക്കുകയും ചെയ്യുന്നു. ഇതിലൂടെ രക്തസമ്മർദ്ദം കുറയുന്നുവെന്ന് അവർ പറഞ്ഞു.
വയർ നിറയെ ഭക്ഷണം കഴിച്ച ഉടൻ കുളിക്കരുത്
ദഹനം, ആഗിരണം, പോഷകങ്ങളുടെ സ്വാംശീകരണം എന്നിവയെ സഹായിക്കുന്ന ദഹന അഗ്നിയെ ഇത് ദുർബലമാക്കുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു. ഭക്ഷണം കഴിച്ചതിനുശേഷം ദഹനപ്രക്രിയയെ സഹായിക്കുന്നതിനായി ശരീരം ദഹനവ്യവസ്ഥയിലേക്ക് രക്തം ഒഴുക്കുന്നു. കുളിക്കുന്നത് വയറ്റിൽ നിന്നുള്ള ഈ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്നുവെന്ന് അവർ വ്യക്തമാക്കി.
വയർ നിറയെ ഭക്ഷണം കഴിച്ചതിനുശേഷം കുളിക്കുന്നത് ചില സന്ദർഭങ്ങളിൽ മലബന്ധം, ദഹനക്കേട് അല്ലെങ്കിൽ വയറുവേദന എന്നിവയ്ക്ക് കാരണമാകുമെന്ന് ഡോ.ഗരിമ സമ്മതിച്ചു. ഭക്ഷണം കഴിച്ച് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞ് കുളിക്കുന്നതാണ് നല്ലത്. അതേസമയം, ഭക്ഷണത്തിന് മുമ്പ് കുളിക്കുന്നത് ശരീരത്തെ പുനരുജീവിപ്പിക്കുകയും ഊർജസ്വലമാക്കുകയും ചെയ്യുന്നുവെന്ന് അവർ പറഞ്ഞു.
സൂര്യാസ്തമയത്തിനുശേഷം കുളിക്കുന്നത് ഒഴിവാക്കുക
സൂര്യാസ്തമയത്തിനുശേഷം നമ്മുടെ ശരീരം തണുക്കാൻ തുടങ്ങുന്നു, ഇത് ഉറങ്ങാൻ സമയമായി എന്നതിന്റെ സൂചനയാണ്. ഉറങ്ങുന്നതിന് മുമ്പ് കുളിക്കുന്നത് ശരീര താപനിലയിലെ വർധനവിന് കാരണമാകും. ഇത് രാത്രി ഉറക്കത്തെ തടസപ്പെടുത്തും.
രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും സെൻസിറ്റീവ് സെൻസ് അവയവങ്ങളെ സംരക്ഷിക്കുന്നതിനും മുഖം കഴുകാനായി മുറിയിലെ താപനിലയിലുള്ള വെള്ളവും താഴേക്ക് ചെറുചൂടുള്ള വെള്ളവും ഉപയോഗിക്കുക. ചെറുചൂടുള്ള വെള്ളം കുട്ടികളും മുതിർന്ന പൗരന്മാരും അസുഖമുള്ളവരും മാത്രം ഉപയോഗിക്കുക.
കൊളാജനും മൊത്തത്തിലുള്ള ആരോഗ്യവും മെച്ചപ്പെടുത്തുന്നതിന് കുളിക്കുന്നതിന് മുമ്പ് ഫുൾ ബോഡി ഓയിൽ മസാജ് ചെയ്യാവുന്നതാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.