ഒരു കപ്പ് ചായയോ കാപ്പിയോ ഇല്ലാതെ ദിവസം തുടങ്ങുന്നത് നമ്മളിൽ പലർക്കും ചിന്തിക്കാൻ കൂടിയാകില്ല. എന്നാൽ കഫീന്റെ പതിവ് ഉപയോഗം നേരിയ ശാരീരിക പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കാപ്പിയും ചായയും ഇഷ്ടപ്പെടുന്നവർ, അവ കുടിക്കുന്നതിനു മുൻപായി മൂന്നു കാര്യങ്ങൾ അറിഞ്ഞിരിക്കണം.
ചായയോ കാപ്പിയോ കുടിക്കുന്നത് പെട്ടെന്ന് നിർത്തുകയാണെങ്കിൽ, തലവേദന, ക്ഷീണം, ഉത്കണ്ഠ, ദേഷ്യം, വിഷാദം തുടങ്ങിയ ലക്ഷണങ്ങൾ നിങ്ങൾക്ക് ഉണ്ടാകാം. ശരീരം വേഗത്തിൽ കഫീൻ ആഗിരണം ചെയ്യും. ചില കഫീൻ മണിക്കൂറുകളോളം ശരീരത്തിൽ തങ്ങിനിൽക്കുമെന്ന് ആയുർവേദ വിദഗ്ധ ഡോ.ഡിംപിൾ ജംഗ്ദ പറഞ്ഞു.
”കഫീന്റെ ഹാഫ്-ലൈഫ് എന്നത് 5-7 മണിക്കൂറാണ്. ഒരു തന്മാത്രയുടെ യഥാർത്ഥ ഡോസിന്റെ പകുതി ശരീരം പുറന്തള്ളാൻ എടുക്കുന്ന സമയമാണ് ഹാഫ്-ലൈഫ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന്, ഏകദേശം 100 മില്ലിഗ്രാം കഫീൻ അടങ്ങിയ ഒരു കപ്പ് കാപ്പി വൈകീട്ട് മൂന്നിനോ, രാത്രി ഒൻപതിനോ കുടിക്കുകയാണെങ്കിൽ, നിങ്ങൾ ഉറങ്ങാൻ തുടങ്ങുമ്പോഴും ഏകദേശം 50 മില്ലിഗ്രാം കഫീൻ ശരീരത്തിൽ തങ്ങിനിൽക്കുന്നുണ്ടാകും. മാത്രമല്ല, ഉച്ചയ്ക്കുശേഷം ചായയോ കാപ്പിയോ കുടിക്കുന്നത് രാത്രിയിൽ ഉറക്കത്തിന്റെ നിലവാരത്തെ മോശമായി ബാധിക്കും,” ന്യൂട്രീഷ്യനിസ്റ്റ് ഇഷ്തി സലൂജ പറഞ്ഞു.
വെറും വയറ്റിൽ കഫീൻ വേണ്ട
നിങ്ങളുടെ കുടലിൽ ഇതൊരു വരണ്ട പ്രതീതി ഉണ്ടാക്കും. വയറിന്റെ വശങ്ങളിലെ മ്യൂക്കസും നല്ല കൊഴുപ്പും നീക്കം ചെയ്യുകയും ദീർഘകാല വാത (വരൾച്ചയുമായി ബന്ധപ്പെട്ട തകരാറുകൾ) അസന്തുലിതാവസ്ഥ ഉണ്ടാക്കുകയും ചെയ്യും. ചായയോ കാപ്പിയോ കുടിക്കുന്നതിനു മുൻപായി ആരോഗ്യകരമായ സമീകൃതാഹാരം കഴിച്ചുവെന്ന് ഉറപ്പു വരുത്തുക.
നല്ല കൊഴുപ്പ് ചേർക്കുക
ബദാം മിൽക്ക്, തേങ്ങാപ്പാൽ തുടങ്ങിയ സസ്യാധിഷ്ഠിത പാലുകളോ, പശു ഫാമിൽ നിന്ന് ലഭിക്കുന്ന പാലോ ഉപയോഗിക്കാൻ ഡോ.ഡിംപിൾ നിർദേശിച്ചു. പാനീയത്തിൽ ചൂടുള്ള പാൽ നേരിട്ട് ചേർക്കുക. ചായ ഇലകൾ ചേർത്ത് പാൽ കൂടുതൽ നേരം തിളപ്പിക്കരുത്. കാരണം അത് അസിഡിറ്റി ഉള്ളതായി മാറുന്നു.
സുഗന്ധവ്യജ്ഞനങ്ങൾ ചേർക്കുക
കറുവാപ്പട്ട, ഏലം, ഗ്രാമ്പൂ, ഇഞ്ചി, കുരുമുരുളക് പോലുള്ള സുഗന്ധവ്യഞ്ജനങ്ങൾ അല്ലെങ്കിൽ അശ്വഗന്ധ പോലും ചേർക്കാം. ഈ സുഗന്ധവ്യഞ്ജനങ്ങൾക്ക് നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കാനും കഫീന്റെ ദീർഘകാല പാർശ്വഫലങ്ങളില്ലാതെ ഊർജ്ജം നൽകാനും കഴിയും. പതിയെ കഫീന്റെ അളവ് കുറച്ച് സുഗന്ധവ്യജ്ഞനങ്ങളുടെ അളവ് കൂട്ടാനും ജംഗ്ദ നിർദേശിച്ചു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.