ശരീര ഭാരം കുറയ്ക്കാൻ കഠിനമായ പരിശ്രമം ആവശ്യമാണ്. എളുപ്പത്തിൽ ശരീര ഭാരം കുറയ്ക്കാമെന്ന വ്യാമോഹങ്ങൾ ആദ്യം മാറ്റിവയ്ക്കുക. ചിട്ടയായ ജീവിതരീതിയും പതിവായുള്ള വ്യായാമവും ഭക്ഷണക്രമത്തിലെ മാറ്റങ്ങളും ഈ ലക്ഷ്യം നേടിയെടുക്കാൻ നിങ്ങളെ സഹായിക്കും. ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്ന മൂന്നു ആയുർവേദ ടിപ്സുകളെക്കുറിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിവരിക്കുകയാണ് ആയുർവേദ ഡോ.ദിക്സ ഭാവ്സർ. മൂന്നാഴ്ച കൊണ്ട് ശരീര ഭാരം ഉറപ്പായും കുറയ്ക്കാൻ ഇതിലൂടെ കഴിയുമെന്നും അവർ പറഞ്ഞു.
ദിവസം മുഴുവൻ ഉണങ്ങിയ ഇഞ്ചിയിട്ട് തിളപ്പിച്ച ചെറുചൂടുവെള്ളം കുടിക്കുക
1 ലിറ്റർ വെള്ളമെടുക്കുക, അര ടീസ്പൂൺ ഉണങ്ങിയ ഇഞ്ചി ചേർത്ത് 750 മില്ലി ആകുംവരെ തിളപ്പിക്കുക. ദിവസം മുഴുവൻ കുടിക്കുക.
ഇനി പറയുന്ന വ്യായാമങ്ങൾ പതിവായി ചെയ്യുക
കപൽഭതി പ്രാണായാമം – 10-15 മിനിറ്റ്, സൂര്യനമസ്കാരം – 12 റൗണ്ടുകൾ (2 മുതൽ ആരംഭിക്കുക), നടത്തം – 40-50 മിനിറ്റ് (രാവിലെയും രാത്രിയിലും), യോഗ.
സർക്കാഡിയൻ ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പരിശീലിക്കുക
ഇത് ഇടവിട്ടുള്ള ഉപവാസത്തിന് സമാനമാണ്, പക്ഷേ സർക്കാഡിയൻ താളവുമായി സമന്വയിപ്പിക്കുന്നു.
ഇന്റർമിറ്റന്റ് ഫാസ്റ്റിങ്: നിങ്ങൾക്ക് 8-10 മണിക്കൂർ ഭക്ഷണം കഴിക്കാം
സർക്കാഡിയൻ ഉപവാസം: സൂര്യോദയത്തിന് ശേഷം പ്രഭാതഭക്ഷണവും സൂര്യാസ്തമയത്തിന് മുമ്പ് അത്താഴവും കഴിക്കുക.
സർക്കാഡിയൻ ഇന്റർമിറ്റന്റ് ഫാസ്റ്റിങ്: സൂര്യൻ ഉദിക്കുമ്പോൾ മാത്രമേ ഭക്ഷണം കഴിക്കാൻ കഴിയൂ. ഉദാഹരണത്തിന് നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും രാവിലെ 9-10-11 മുതൽ വൈകുന്നേരം 5-6-7 വരെ ഭക്ഷണം കഴിക്കാം.
ഈ 3 ആഴ്ചകളിൽ വറുത്തതും പഞ്ചസാര നിറഞ്ഞതും പായ്ക്ക് ചെയ്തതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്നും അവർ അഭിപ്രായപ്പെട്ടു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.