scorecardresearch
Latest News

ഇരുമ്പിന്റെ അളവ് കൂട്ടാനും ബ്ലഡ് ഷുഗർ കുറയ്ക്കാനും ഈ ഭക്ഷണം കഴിക്കൂ

ഉയർന്ന കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഇവ സഹായിക്കുന്നു. കൂടാതെ, പ്രമേഹത്തിന് ഗുണം ചെയ്യും, ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തെ സഹായിക്കുന്നു

ഇരുമ്പിന്റെ അളവ് കൂട്ടാനും ബ്ലഡ് ഷുഗർ കുറയ്ക്കാനും ഈ ഭക്ഷണം കഴിക്കൂ

സ്ത്രീകൾക്കിടയിൽ സാധാരണയായി കണ്ടുവരുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ് ഇരുമ്പിന്റെ കുറവ്. എന്നാൽ ഇരുമ്പിന്റെ അളവ് മെച്ചപ്പെടുത്താൻ ചില ഭക്ഷണങ്ങൾ സഹായിക്കും. അങ്ങനെയെങ്കിൽ ഇരുമ്പിന്റെ അളവ് കൂട്ടാൻ ഉലുവ സഹായിക്കുമോ?. എല്ലാ ദിവസവും ഉലുവ കഴിക്കാമോ?.

ന്യൂട്രീഷ്യനിസ്റ്റ് മൊഹിത ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്. ഇരുമ്പിന്റെ അളവ് നിലനിർത്താൻ പാടുപെടുന്നവർ ഇരുമ്പ് മാത്രമല്ല പ്രോട്ടീനും വിറ്റാമിൻ സിയും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. ഉലുവയിൽ ഇവയെല്ലാം അടങ്ങിയിട്ടുണ്ട്. മാത്രമല്ല, കലോറിയും കുറവാണ്.

അവയിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. പിസിഒഎസും ഇൻസുലിൻ പ്രതിരോധവും ഉള്ള സ്ത്രീകൾക്ക് ഉലുവ വളരെ പ്രയോജനകരമാണ്. ഉലുവയുടെ ഇലകൾ പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് അവർ പറഞ്ഞു.

പതിവായി ഒരു കപ്പ് ഉലുവ ഇലകൾ കഴിക്കാൻ അവർ നിർദേശിച്ചു. ഇലകൾ അമിതമായി പാചകം ചെയ്യരുത്. ചെറുതായി മുറിച്ച ഇലകൾ ചേർത്ത റൊട്ടികളോ പൊറോട്ടയോ തയ്യാറാക്കാം. ഇലകൾ ചെറുതായി വഴറ്റി ഭക്ഷണത്തിൽ ചേർക്കാം. കറികളിലും ചെറുതായി അരിഞ്ഞ ഉലുവയുടെ ഇല ചേർക്കാമെന്ന് അവർ വ്യക്തമാക്കി.

”ഉലുവയുടെ ഇലകൾ രക്ത ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നു, കൂടാതെ പാകം ചെയ്ത ഇലകൾ വിളർച്ച തടയാൻ സഹായിക്കും. ഒരാൾക്ക് അവരുടെ ഭക്ഷണത്തിൽ പതിവായി ഉലുവ ഉൾപ്പെടുത്താം. പ്രായപൂർത്തിയായ ഒരു പുരുഷന് പ്രതിദിനം 28 മില്ലിഗ്രാം ഇരുമ്പ് ആവശ്യമാണ്. സ്ത്രീക്ക് ഏകദേശം 30 മില്ലിഗ്രാം ഇരുമ്പ് ആവശ്യമാണ്,” ഉദയ്പൂരിലെ പറസ് ഹോസ്പിറ്റലിലെ സീനിയർ ഡയറ്റീഷ്യൻ ഡോ.ആർതി ദേവി പറഞ്ഞു.

ഉയർന്ന കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഉലുവ സഹായിക്കുന്നു. കൂടാതെ, പ്രമേഹത്തിന് ഗുണം ചെയ്യും, ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തെ സഹായിക്കുന്നു, കാൻസർ വിരുദ്ധ ഗുണങ്ങളുണ്ടെന്നും ഡോ.ആർതി ഇന്ത്യൻഎക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു.

ഉലുവ കഴിക്കുന്നതിനുള്ള ശരിയായ രീതി

രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത ഉലുവ അടുത്ത ദിവസം രാവിലെ വെള്ളം ഉൾപ്പെടെ കഴിക്കാൻ മുംബൈ അപ്പോളോ സ്പെക്ട്ര ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ ഡോ.ജിനൽ പട്ടേൽ പറഞ്ഞു. ”ഉലുവ കൊണ്ടുള്ള മറ്റു വിഭവങ്ങളും കഴിക്കാം. ഉലുവയുടെ അളവ് കണക്കാക്കാൻ എപ്പോഴും ആരോഗ്യ വിദഗ്ധരുമായി സംസാരിക്കുക. അമിതമായി കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.”

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: This winter superfood can help improve iron levels reduce blood sugar