വേനൽക്കാല ചൂടിൽനിന്നും ആശ്വാസം നൽകുന്നതാണ് ശൈത്യകാലമെങ്കിലും, ജലദോഷവും ചുമയും കൊണ്ട് ബുദ്ധിമുട്ടുന്നവർ ഈ സമയത്ത് സാധാരണമാണ്. കാലാവസ്ഥ മാറ്റം മൂലമുണ്ടാകുന്ന രോഗാവസ്ഥകളിൽനിന്നും രക്ഷ നേടാൻ ചില വീട്ടുവൈദ്യങ്ങൾ സഹായിക്കും.
ജലദോഷവും ചുമയും അകറ്റി നിർത്താൻ സഹായിക്കുന്ന ഒരു പ്രതിവിധിയെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് ഷെഫ് മേഘ്ന കാംദർ. നമ്മുടെയൊക്കെ അടുക്കളയിൽ എളുപ്പത്തിൽ ലഭ്യമായ ചില ചേരുവകൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവത്തെക്കുറിച്ചാണ് അവർ പറഞ്ഞിട്ടുള്ളത്. ഇഞ്ചി, ശർക്കര, നെയ്യ്, എള്ള്, മഞ്ഞൾ പൊടി, കുരുമുളക് എന്നിവയാണ് ഈ വിഭവം തയ്യാറാക്കാൻ വേണ്ടത്.
തയ്യാറാക്കുന്ന വിധം
- 100 ഗ്രാം ഇഞ്ചി ചെറുതീയിൽ ചുട്ടെടുക്കുക
- വെള്ളം നിറച്ച പാത്രത്തിലേക്ക് മാറ്റുക
- തണുക്കുമ്പോൾ തൊലി കളഞ്ഞ് ചെറുതായി മുറിച്ചെടുക്കുക
- ഒരു പാനിൽ ഒരു ടീസ്പൂൺ നെയ്യിൽ 200 ഗ്രാം ശർക്കര ഉരുക്കിയെടുക്കുക
- ആവശ്യമെങ്കിൽ കുറച്ച് വെള്ളം തളിച്ചു കൊടുക്കാം
- ഇതിലേക്ക് കുറച്ച് ഉപ്പ്, അര ടീസ്പൂൺ മഞ്ഞൾ പൊടി, കുരുമുളക് പൊടിച്ചത്, ഇഞ്ചി എന്നിവ ചേർക്കുക
- എല്ലാം നന്നായി മിക്സ് ആയശേഷം തണുക്കാൻ മാറ്റിവയ്ക്കുക
- അതിനുശേഷം നെയ്യ് കയ്യിൽ പുരട്ടി ചെറിയ ഉരുളകളാക്കുക
- ഈ ഉരുളകൾ എള്ളിൽ മുക്കിയെടുക്കുക
- വായു കടക്കാത്ത ബോട്ടിലിൽ അടച്ചു സൂക്ഷിക്കുക
മികച്ച ഫലം ലഭിക്കാൻ ഈ മിഠായി ചവയ്ക്കരുതെന്നും വായിലിട്ട് അലിയിച്ച് കഴിക്കണമെന്നും മേഘ്ന നിർദേശിച്ചു. വായിൽ കിടന്ന് പതിയെ അലിയുന്നതിലൂടെ തൊണ്ട വേദനയ്ക്ക് ആശ്വാസം ലഭിക്കും. ഈ മിഠായി ഫ്രിഡ്ജിൽ സൂക്ഷിക്കരുതെന്നും ദിവസവും ഓരോ മിഠായി വീതം കഴിക്കണമെന്നും അവർ പറഞ്ഞു.
ജലദോഷത്തിൽനിന്നും രക്ഷ നേടാൻ ഇഞ്ചി സഹായിക്കും. ഇഞ്ചി ഒരു ഡയഫോറെറ്റിക് ആണ്, അതിനർത്ഥം ഉള്ളിൽ നിന്ന് ചൂട് അനുഭവപ്പെടാൻ സഹായിക്കുന്നുവെന്നാണ്. ”ജലദോഷം, ചുമ, പനി എന്നിവയെ ചികിത്സിക്കാൻ ഇഞ്ചി സഹായിക്കും. കൂടാതെ, ഇതിന്റെ ഔഷധ ഗുണങ്ങൾ വീക്കം കുറയ്ക്കുകയും തൊണ്ടവേദന ശമിപ്പിക്കുകയും ചെയ്യും. ഇത് ആന്റി ബാക്ടീരിയൽ കൂടിയാണ്, ഇത് കോൾഡ് വൈറസുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും,” ന്യൂട്രീഷ്യനിസ്റ്റ് ലവ്നീത് ബത്ര മുൻപൊരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞിരുന്നു.