അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, ഭക്ഷണം ദഹിക്കാൻ സമയം നൽകുന്നതിനു മുൻപേ മറ്റു ഭക്ഷണങ്ങൾ കഴിക്കുക, ഉദാസീനമായ ജീവിതരീതി ഇവയൊക്കെ ദഹനപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. വിട്ടുമാറാത്ത ദഹനപ്രശ്‌നങ്ങൾക്ക് ചികിത്സ തേടണമെന്ന് വിദഗ്ധർ നിർദേശിക്കാറുണ്ട്. എന്നാൽ, വേഗത്തിലുള്ള ആശ്വാസത്തിനായി ഒരു വീട്ടുവൈദ്യം പരീക്ഷിക്കാവുന്നതാണ്.
ഗഡ് മൈക്രോബയോം സ്‌പെഷ്യലിസ്റ്റായ ഷൊണാലി സബ്ഹെർവാൾ ദഹനപ്രശ്നങ്ങൾക്ക് ഉടനടി ആശ്വാസം ലഭിക്കുന്നതിനുള്ള ഒരു പ്രതിവിധി പങ്കുവച്ചിട്ടുണ്ട്. വറുത്തെടുത്ത അയമോദകവും കുറച്ച് ഉപ്പും മാത്രമാണ് ഇതിനു വേണ്ടത്. അയമോദകം ശരിയായ രീതിയിൽ വറുത്തെടുക്കുന്നത് എങ്ങനെയെന്നും അവർ വീഡിയോയിൽ കാണിച്ചിട്ടുണ്ട്.
“ദഹന പ്രശ്നങ്ങൾ, അസിഡിറ്റി, ആസിഡ് റിഫ്ലക്സ് എന്നിവയ്ക്കുള്ള ഏറ്റവും മികച്ച പ്രകൃതിദത്ത വീട്ടുവൈദ്യം” എന്നാണ് ഡയറ്റീഷ്യൻ സതാവിഷ ബസു ഇതിനെക്കുറിച്ച് പറഞ്ഞത്. അയമോദകം ഒരു നുള്ള് ഉപ്പും ചെറുചൂടുള്ള വെള്ളവും ചേർത്ത് കഴിക്കുന്നത് ദഹനക്കേടിനും വയറുവേദനയ്ക്കും വളരെ സഹായകരമാണെന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്. അയമോദകത്തിൽ അടങ്ങിയിരിക്കുന്ന സജീവ എൻസൈമുകൾ ആമാശയത്തിലെ ആസിഡുകളുടെ ഒഴുക്ക് മെച്ചപ്പെടുത്താനും ദഹനക്കേട്, വയറു വീർക്കൽ, ഗ്യാസ് എന്നിവ ഒഴിവാക്കാനും സഹായിക്കുന്നുവെന്ന് അവർ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു.
അയമോദകത്തിലെ തൈമോളിന്റെ സാന്നിധ്യം ദഹനക്കേട്, ഗ്യാസ്, വയറിളക്കം തുടങ്ങിയ ദഹനനാളത്തിന്റെ പല തകരാറുകളും കൈകാര്യം ചെയ്യാൻ സഹായിക്കുന്നു. ആമാശയത്തിലെ ഗ്യാസ്ട്രിക് ജ്യൂസുകൾ പുറത്തുവിടാനും തൈമോൾ സഹായിക്കുന്നു, ഇത് ദഹനപ്രക്രിയ വർധിപ്പിക്കാൻ സഹായിക്കുന്നു,” ബസു പറഞ്ഞു.