വിട്ടുമാറാതെയുള്ള മലബന്ധം മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. സമീകൃതാഹാരവും ജലാംശമുള്ളതും നാരുകളുമുള്ളതുമായ ഭക്ഷണവും ദിനംപ്രതിയുള്ള വ്യായാമവും മലബന്ധം തടയുവാൻ ഒരുപരിധിവരെ സഹായിക്കും. എന്നാൽ, കടുത്ത മലബന്ധം അകറ്റാൻ സഹായിക്കുന്നൊരു പഴമുണ്ട്.
“നാരുകൾ കുറഞ്ഞ ഭക്ഷണക്രമം, ഉദാസീനമായ ജീവിതശൈലി, നിർജലീകരണം, ടോയ്ലറ്റിൽ പോകാനുള്ള പ്രേരണയെ അവഗണിക്കുക, ചില മരുന്നുകൾ എന്നിവയാണ് മലബന്ധത്തിനുള്ള പ്രധാന കാരണം,” ഡയറ്റിഷ്യൻ ശിഖ കുമാരി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പറയുന്നു. “മലബന്ധം തടയാൻ പ്രകൃതിദത്തമായ വഴികൾ തേടുകയാണെങ്കിൽ പൈനാപ്പിൾ കഴിക്കുക,” അവർ പറഞ്ഞു.
നാരുകളാൽ സമ്പുഷ്ടമായ പൈനാപ്പിളോ പൈനാപ്പിൾ ജ്യൂസോ മലബന്ധത്തിനൊരു ഉത്തമ പരിഹാരമാണ്. ഒരു ബൗൾ പൈനാപ്പിളോ അല്ലെങ്കിൽ ഒരു ഗ്ലാസ് പൈനാപ്പിൾ രാവിലെ ആദ്യം തന്നെ കഴിക്കുന്നത് മലബന്ധം അകറ്റാൻ സഹായിക്കും. പൈനാപ്പിൾ നിർജലീകരണത്തിന് കാരണമായേക്കാം. അതിനാൽ പൈനാപ്പിളോ, പൈനാപ്പിൾ ജ്യൂസോ കഴിച്ചതിനുശേഷം ധാരാളം വെള്ളം കുടിക്കണമെന്ന് അവർ നിർദേശിച്ചു. വെള്ളവും പഴങ്ങളും ഒരുമിച്ച് കഴിക്കുന്നത് മലബന്ധത്തിനുള്ള മികച്ച പ്രതിവിധിയാണ്.
പൈനാപ്പിളിൽ 81.2 മുതൽ 86.2 ശതമാനം വരെ ഈർപ്പം അടങ്ങിയിട്ടുണ്ട്. ഇവ മലബന്ധം, നിർജ്ജലീകരണം പോലുള്ളവയ്ക്കുള്ള ഉത്തമ പരിഹാരമാണെന്ന് ഡയറ്റീഷ്യൻ ദീപ്തി ഖതൂജ പറഞ്ഞു. വിറ്റാമിൻ സിയുടെ കലവറയായ പൈനാപ്പിൾ ശരീരത്തിന് മിതമായ അളവിൽ കഴിക്കുന്നത് പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുമെന്നും ഖതൂജ അഭിപ്രായപ്പെട്ടു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.