/indian-express-malayalam/media/media_files/2025/12/30/high-blood-pressure-2025-12-30-09-05-43.jpg)
Image Source: Freepik
ശരീരത്തിൽ കാര്യമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കാതെ തന്നെ വർഷങ്ങളോളം ആന്തരികാവയവങ്ങളെ നശിപ്പിക്കാൻ ശേഷിയുള്ള ഒന്നാണ് ഉയർന്ന രക്തസമ്മർദം അഥവാ ഹൈപ്പർടെൻഷൻ. പലരും തങ്ങൾക്ക് അസുഖമുണ്ടെന്ന് തിരിച്ചറിയുന്നത് പോലും വൈകിയാണ്. രക്തസമ്മർദം കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ അത് ഹൃദയം, മസ്തിഷ്കം, വൃക്കകൾ, കണ്ണ് എന്നിവയെ എങ്ങനെ ഗുരുതരമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
എന്തുകൊണ്ട് ഇത് അപകടകാരിയാകുന്നു?
ആകാശ് ഹെൽത്ത് കെയറിലെ സീനിയർ കൺസൾട്ടന്റ് ഡോ.പ്രഭാത് രഞ്ജൻ സിൻഹയുടെ അഭിപ്രായത്തിൽ, ഉയർന്ന രക്തസമ്മർദമുള്ളവർ പുറമെ ആരോഗ്യവാന്മാരായി കാണപ്പെടുമെങ്കിലും അവരുടെ ആന്തരികാവയവങ്ങൾ പടിപടിയായി നശിച്ചുകൊണ്ടിരിക്കുകയാവാം. തലവേദന, ക്ഷീണം, അമിതമായ ഹൃദയമിടിപ്പ് എന്നിവ പലപ്പോഴും ജോലിഭാരം മൂലമാണെന്ന് കരുതി നമ്മൾ അവഗണിക്കാറുണ്ട്. ഇത് രോഗനിർണയം വൈകാൻ കാരണമാകുന്നു.
Also Read: വയർ ഒതുങ്ങിക്കിട്ടാൻ ജീരക വെള്ളത്തിൽ തേൻ ചേർത്ത് കുടിച്ചാൽ മതിയോ?
പ്രധാന അവയവങ്ങളെ ബാധിക്കുന്നത് എങ്ങനെയാണ്?
ഹൃദയം: രക്തം പമ്പ് ചെയ്യാൻ ഹൃദയം കൂടുതൽ ആയാസപ്പെടേണ്ടി വരുന്നു. കാലക്രമേണ ഹൃദയപേശികൾക്ക് കട്ടി കൂടുകയും ഹൃദയത്തിന്റെ വലിപ്പം വർധിക്കുകയും ചെയ്യുന്നു. ഇത് ഹൃദയാഘാതത്തിലേക്കും ഹൃദയസ്തംഭനത്തിലേക്കും നയിച്ചേക്കാം.
മസ്തിഷ്കം: തലച്ചോറിലേക്കുള്ള രക്തക്കുഴലുകളെ ഇത് തകരാറിലാക്കുന്നു. ഇത് പക്ഷാഘാതം വരാനുള്ള സാധ്യത വർധിപ്പിക്കുന്നു. കൂടാതെ, ഓർമ്മശക്തിയെയും ചിന്താശേഷിയെയും സാവധാനം ബാധിക്കും.
വൃക്കകൾ: രക്തത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള വൃക്കകളുടെ ശേഷി ഹൈപ്പർടെൻഷൻ മൂലം ഇല്ലാതാകുന്നു. ഇത് വൃക്ക സ്തംഭനത്തിന് കാരണമായേക്കാം.
കണ്ണുകൾ: കണ്ണിന്റെ റെറ്റിനയിലെ സൂക്ഷ്മമായ രക്തക്കുഴലുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് കാഴ്ചശക്തി കുറയാൻ ഇടയാക്കും.
Also Read: ശൈത്യകാലത്ത് ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കേണ്ടത് എന്തുകൊണ്ട്?
അപകടസാധ്യത എപ്പോൾ?
രക്തസമ്മർദം 140/90 mmHg എന്ന നിലയിലെത്തുന്നത് ഒരു മുന്നറിയിപ്പാണ്. ഇത് 160/100 കടക്കുന്നത് അതീവ ഗുരുതരമായ സാഹചര്യമാണ്. സാധാരണ ആരോഗ്യവാനായ ഒരാൾക്ക് പോലും പെട്ടെന്നുണ്ടാകുന്ന സ്ട്രോക്കോ ഹൃദയാഘാതമോ ഹൈപ്പർടെൻഷൻ മൂലമാകാം.
പരിഹാരമാർഗങ്ങൾ
ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുക, പുകവലി ഉപേക്ഷിക്കുക, എണ്ണമയമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക, കൃത്യമായ വ്യായാമം എന്നിവ ശീലമാക്കണം. എന്നാൽ അവയവങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു തുടങ്ങിയിട്ടുണ്ടെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. 30-35 വയസ് കഴിഞ്ഞവർ കൃത്യമായ ഇടവേളകളിൽ രക്തസമ്മർദം പരിശോധിക്കുന്നത് ശീലമാക്കണം. ലക്ഷണങ്ങൾക്കായി കാത്തുനിൽക്കാതെ മുൻകരുതൽ എടുക്കുന്നത് ജീവൻ രക്ഷിക്കാൻ സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ദിവസവും ഒരു വാഴപ്പഴം കഴിക്കൂ, ഈ 8 ആരോഗ്യപ്രശ്നങ്ങൾ മാറ്റാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us