scorecardresearch

ഒരു മാസം ദിവസവും 2 സിഗരറ്റ് വലിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കും?

ദിവസം വെറും രണ്ട് സിഗരറ്റ് വീതം ഒരു മാസം തുടർച്ചയായി ഉപയോഗിച്ചാൽ പോലും ശരീരത്തിൽ ഗുരുതരമായ മാറ്റങ്ങൾ സംഭവിക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു

ദിവസം വെറും രണ്ട് സിഗരറ്റ് വീതം ഒരു മാസം തുടർച്ചയായി ഉപയോഗിച്ചാൽ പോലും ശരീരത്തിൽ ഗുരുതരമായ മാറ്റങ്ങൾ സംഭവിക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു

author-image
Health Desk
New Update
Smoking

Source: Freepik

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ "ഞാൻ വല്ലപ്പോഴും ഒന്നോ രണ്ടോ സിഗരറ്റ് മാത്രമേ വലിക്കാറുള്ളൂ, അത് കുഴപ്പമില്ലല്ലോ" എന്ന് ചിന്തിക്കുന്നവർ നിരവധിയാണ്. പ്രത്യേകിച്ച് കോർപ്പറേറ്റ് മേഖലകളിലും മറ്റും ജോലി ചെയ്യുന്നവർക്കിടയിൽ 'ലൈറ്റ് സ്മോക്കിങ്' ഒരു ശീലമായി മാറിക്കഴിഞ്ഞു. എന്നാൽ, ദിവസം വെറും രണ്ട് സിഗരറ്റ് വീതം ഒരു മാസം തുടർച്ചയായി ഉപയോഗിച്ചാൽ പോലും ശരീരത്തിൽ ഗുരുതരമായ മാറ്റങ്ങൾ സംഭവിക്കുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Advertisment

ആസ്റ്റർ ആർവി ഹോസ്പിറ്റലിലെ സീനിയർ സ്പെഷ്യലിസ്റ്റ് പൾമോണോളജിസ്റ്റ് ഡോ. പൂജ ടി.യുടെ അഭിപ്രായത്തിൽ, ദിവസവും രണ്ട് സിഗരറ്റ് വലിക്കുന്നതിന്റെ ഫലങ്ങൾ ഒരു മാസത്തിനുള്ളിൽ തന്നെ ശ്രദ്ധേയമാകും. സിഗരറ്റ് പുക ശ്വാസനാളത്തിന്റെ ആവരണത്തെ പ്രകോപിപ്പിക്കുകയും വീക്കം ഉണ്ടാക്കുകയും അധിക കഫം ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. ചെറിയ രീതിയിലുള്ള പുകവലി പോലും ശ്വാസകോശത്തിന്റെ കാര്യക്ഷമത കുറയ്ക്കുന്നുവെന്ന് ഡോ.പൂജ പറഞ്ഞു.

Also Read: മാതളനാരങ്ങയോ ബീറ്റ്റൂട്ടോ? ബിപി കുറയ്ക്കാൻ ഏത് ജ്യൂസാണ് നല്ലത്?

1. തലച്ചോറിനെ പിടികൂടുന്ന നിക്കോട്ടിൻ

സിഗരറ്റിലെ നിക്കോട്ടിൻ അതിവേഗം പ്രവർത്തിക്കുന്ന ഒരു രാസവസ്തുവാണ്. ഇത് തലച്ചോറിലെ 'റിവാർഡ് സിസ്റ്റത്തെ' ഉത്തേജിപ്പിക്കുന്നു. വെറും ഒരു മാസം കൊണ്ട് തന്നെ ഇത് ശീലമായി മാറുകയും, പുകവലിക്കാത്ത സമയങ്ങളിൽ അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യാം.

2. ഹൃദയത്തെ ബാധിക്കുന്ന ആഘാതം

പുകവലിക്കുമ്പോൾ നിക്കോട്ടിൻ പെട്ടെന്ന് തന്നെ ഹൃദയമിടിപ്പ് വർധിപ്പിക്കുകയും രക്തസമ്മർദം ഉയർത്തുകയും ചെയ്യുന്നു. കൂടാതെ, ഇത് രക്തക്കുഴലുകളെ സങ്കോചിപ്പിക്കുന്നു. ഈ മാറ്റങ്ങൾ ഹൃദയത്തിന് അമിത ജോലിഭാരം നൽകുന്നു. രക്തത്തിൽ കട്ടപിടിക്കാനുള്ള സാധ്യത വർധിപ്പിക്കുകയും കോശങ്ങളിലേക്കുള്ള ഓക്സിജൻ പ്രവാഹം കുറയ്ക്കുകയും ചെയ്യുന്നു.

Also Read: പച്ച, ചുവപ്പ് അതോ കറുപ്പ്? ഏത് മുന്തിരിയാണ് കൂടുതൽ പോഷകസമൃദ്ധം?

3. ശ്വാസകോശത്തിലെ തകരാറുകൾ

സിഗരറ്റ് പുക ശ്വാസനാളത്തിൽ വീക്കമുണ്ടാക്കുകയും കഫം ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്നു. ഒരു മാസത്തെ ചെറിയ പുകവലി കൊണ്ട് തന്നെ തൊണ്ടയിൽ അസ്വസ്ഥത, വിട്ടുമാറാത്ത ചുമ, നെഞ്ചിൽ ഭാരം, ചെറിയ ശാരീരിക അധ്വാനം ചെയ്യുമ്പോൾ പോലും ശ്വാസംമുട്ടൽ എന്നിവ അനുഭവപ്പെടാം. പലരും ഇതിനെ കാലാവസ്ഥാ മാറ്റം മൂലമുള്ള അസുഖമായി തെറ്റിദ്ധരിക്കാറുണ്ട്.

4. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ

ശരീരത്തിന്റെ പ്രതിരോധശേഷി കുറയുക, മുറിവുകൾ ഉണങ്ങാൻ വൈകുക, വായുടെയും ചർമ്മത്തിന്റെയും ആരോഗ്യം മോശമാവുക എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. പുകവലിക്കുന്നവരിലെ ചർമ്മത്തിന് തിളക്കം കുറയുന്നതും പല്ലുകളുടെയും മോണയുടെയും നിറം മാറുന്നതും തുടക്കത്തിൽ തന്നെ ശ്രദ്ധിക്കപ്പെടാം.

Also Read: ഗ്യാസിനുള്ള മരുന്ന് സ്ഥിരമായി കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

'ലൈറ്റ്' സിഗരറ്റുകൾ സുരക്ഷിതമാണോ?

നിക്കോട്ടിൻ കുറഞ്ഞ അല്ലെങ്കിൽ 'ലൈറ്റ്' എന്ന് അവകാശപ്പെടുന്ന സിഗരറ്റുകൾ ഒട്ടും സുരക്ഷിതമല്ല. ഇത്തരം സിഗരറ്റുകൾ ഉപയോഗിക്കുന്നവർ നിക്കോട്ടിൻ കിട്ടാൻ വേണ്ടി ആഞ്ഞു വലിക്കാൻ സാധ്യതയുണ്ട്. ഇത് കൂടുതൽ വിഷാംശങ്ങൾ ശ്വാസകോശത്തിലേക്ക് എത്താൻ കാരണമാകും. കൂടാതെ, ബീഡികൾ സിഗരറ്റിനേക്കാൾ കൂടുതൽ കാർബൺ മോണോക്സൈഡും നിക്കോട്ടിനും പുറത്തുവിടുന്നുണ്ടെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു.

ഒരു മാസം മാത്രം പുകവലിച്ച ഒരാൾ അത് ഉടനെ നിർത്തുകയാണെങ്കിൽ, ശരീരത്തിനുണ്ടായ മിക്ക ദോഷങ്ങളും മാറ്റിയെടുക്കാൻ സാധിക്കും. എന്നാൽ ശ്വാസംമുട്ടലോ മറ്റ് പാരമ്പര്യരോഗങ്ങളോ ഉള്ളവർക്ക് ആഘാതം ഇതിലും കൂടുതലായിരിക്കും. പരീക്ഷണാർത്ഥം തുടങ്ങുന്ന ചെറിയ പുകവലി പോലും നിങ്ങളെ മാരകമായ രോഗങ്ങളിലേക്ക് നയിക്കാം. അത് ശീലമാകുന്നതിന് മുൻപ് തന്നെ ഉപേക്ഷിക്കുന്നതാണ് ബുദ്ധി.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: യുവാക്കളിലെ പെട്ടെന്നുള്ള മരണ കാരണം ഹൃദ്രോഗം; കോവിഡ് വാക്സിനുമായി ബന്ധമില്ലെന്ന് എയിംസ് പഠനം

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: