scorecardresearch

1 മാസം ദിവസവും 3 ലിറ്റർ വെള്ളം കുടിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

ഒരു മാസത്തോളം തുടർച്ചയായി ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വഴി ചർമ്മത്തിലെ ഈർപ്പം നിലനിർത്താനും, നിർജലീകരണം മൂലമുണ്ടാകുന്ന തലവേദന കുറയ്ക്കാനും സാധിക്കും

ഒരു മാസത്തോളം തുടർച്ചയായി ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വഴി ചർമ്മത്തിലെ ഈർപ്പം നിലനിർത്താനും, നിർജലീകരണം മൂലമുണ്ടാകുന്ന തലവേദന കുറയ്ക്കാനും സാധിക്കും

author-image
Health Desk
New Update
Water

Image Source: Freepik

നമ്മുടെ ശരീരത്തിന്റെ വലിയൊരു ഭാഗം വെള്ളമാണ്. ശരീരത്തിലെ മിക്കവാറും എല്ലാ പ്രവർത്തനങ്ങൾക്കും ഇത് അത്യാവശ്യവുമാണ്. ശരീരതാപനില നിയന്ത്രിക്കാനും സന്ധികൾക്ക് സുഗമമായ ചലനം നൽകാനും പോഷകങ്ങൾ എത്തിക്കാനും കോശങ്ങളെ സംരക്ഷിക്കാനും മൂത്രത്തിലൂടെയും വിയർപ്പിലൂടെയും മാലിന്യങ്ങൾ പുറന്തള്ളാനും വെള്ളം സഹായിക്കുന്നു.

Advertisment

അങ്ങനെയെങ്കിൽ, 30 ദിവസത്തേക്ക് ദിവസവും 3 ലിറ്റർ വെള്ളം കുടിച്ചാൽ എന്ത് സംഭവിക്കും? ദിവസവും ഏകദേശം മൂന്ന് ലിറ്റർ വെള്ളം കുടിക്കുന്നത് (ഏകദേശം 100 ഔൺസ്) ശരീരത്തിന് ഗുണകരമാണെന്ന് ഫിസികോ ഡയറ്റ് ആൻഡ് ഈസ്തെറ്റിക് ക്ലിനിക്ക് സ്ഥാപകയും ഡയറ്റീഷ്യനുമായ വിധി ചൗള പറയുന്നു. പ്രത്യേകിച്ച് നിങ്ങൾ ചൂടുള്ള കാലാവസ്ഥയിൽ ജീവിക്കുന്നവരോ, കഠിനമായ ശാരീരിക അധ്വാനം ചെയ്യുന്നവരോ, അമിതമായി വിയർക്കുന്നവരോ ആണെങ്കിൽ ഇത് ഏറെ ഗുണം ചെയ്യും.

Also Read: ഡയറ്റും വ്യായാമവും ചെയ്തിട്ടും എന്തുകൊണ്ട് ഷുഗർ കുറയുന്നില്ല?

ഒരു മാസത്തോളം തുടർച്ചയായി ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വഴി ചർമ്മത്തിലെ ഈർപ്പം നിലനിർത്താനും, നിർജലീകരണം മൂലമുണ്ടാകുന്ന തലവേദന കുറയ്ക്കാനും സാധിക്കുമെന്ന് ചൗള പറയുന്നു. വെള്ളം മലബന്ധം തടയാൻ സഹായിക്കുന്നതിനാൽ ദഹനപ്രക്രിയ സുഗമമാക്കാനും ഇത് സഹായിക്കും.

"കൃത്യമായ അളവിൽ വെള്ളം കുടിക്കുന്നത് വൃക്കയിലെ കല്ല് വരാനുള്ള സാധ്യത കുറയ്ക്കുന്നു. ആവശ്യത്തിന് ദ്രാവകം ശരീരത്തിലെത്തുന്നത് മൂത്രം നേർപ്പിക്കാനും, കല്ലായി മാറാൻ സാധ്യതയുള്ള ധാതുക്കളെ ശരീരത്തിൽ നിന്ന് പുറന്തള്ളാനും സഹായിക്കുന്നു," ചൗള വ്യക്തമാക്കി. എന്നിരുന്നാലും, എല്ലാവരും ദിവസവും 3 ലിറ്റർ വെള്ളം കുടിക്കണം എന്നത് ഒരു പൊതുനിയമമല്ലെന്നും, ഒരാളുടെ ശരീരഭാരം, ശാരീരിക അധ്വാനം, ജീവിക്കുന്ന സാഹചര്യം എന്നിവ ഇതിൽ പ്രധാനമാണെന്നും ചൗള കൂട്ടിച്ചേർത്തു.

Also Read: 8 മാസത്തിൽ 31 കിലോ കുറച്ചു; ഈ മൂന്ന് മാറ്റങ്ങളാണ് പ്രധാനം

"മിതമായ കാലാവസ്ഥയിൽ കഴിയുന്ന, കാര്യമായ ശാരീരിക അധ്വാനമില്ലാത്ത ഒരാളെ സംബന്ധിച്ചിടത്തോളം 3 ലിറ്റർ വെള്ളം എന്നത് അൽപം കൂടുതലായിരിക്കാം. അമിതമായി വെള്ളം കുടിക്കുന്നത് അല്ലെങ്കിൽ വളരെ വേഗത്തിൽ കുടിക്കുന്നത് അപകടസാധ്യതകൾ ഉണ്ടാക്കുന്നു. ഇത് രക്തത്തിലെ സോഡിയത്തിന്റെയും മറ്റ് ഇലക്ട്രോലൈറ്റുകളുടെയും അളവ് കുറയ്ക്കുകയും ഹൈപ്പോനാട്രീമിയ എന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും. സോഡിയത്തിന്റെ അളവ് വളരെയധികം കുറയുമ്പോൾ കോശങ്ങൾ വീർക്കുന്നു, തലച്ചോറിൽ ഇത്തരത്തിലുണ്ടാകുന്ന വീക്കം അപകടകരമായ സമ്മർദത്തിന് കാരണമാകും. ഇത് തലവേദന, പേശിവലിവ്, ഓക്കാനം എന്നിവയ്ക്കും ഗുരുതരമായ സാഹചര്യങ്ങളിൽ അപസ്മാരം അല്ലെങ്കിൽ അബോധാവസ്ഥയിലേക്കും നയിച്ചേക്കാം," അവർ പറഞ്ഞു.

"നിങ്ങൾ കുടിക്കുന്ന വെള്ളത്തിന്റെ അളവ് കൃത്യമായി ക്രമീകരിക്കുകയും എന്നാൽ വിയർപ്പിലൂടെയോ മറ്റ് ശാരീരിക അധ്വാനങ്ങളിലൂടെയോ അധികം ജലം പുറത്തുപോകാതിരിക്കുകയും ചെയ്താൽ, നിങ്ങൾക്ക് ഇടയ്ക്കിടെ ബാത്ത്റൂമിൽ പോകേണ്ടി വന്നേക്കാം. നിലവിൽ വൃക്കരോഗമോ ഹൃദ്രോഗമോ ഉള്ളവർ അല്ലെങ്കിൽ ചില പ്രത്യേക മരുന്നുകൾ കഴിക്കുന്നവർ വൈദ്യോപദേശമില്ലാതെ അമിതമായി വെള്ളം കുടിക്കുന്നത് ശരീരത്തിലെ ദ്രാവകത്തിന്റെയും ഇലക്ട്രോലൈറ്റിന്റെയും സന്തുലിതാവസ്ഥ നിലനിർത്താൻ ശ്രമിക്കുന്ന അവയവങ്ങൾക്ക് കൂടുതൽ സമ്മർദ്ദം നൽകും,'' ചൗള പറഞ്ഞു.

Also Read: ശരീരഭാരം കുറയ്ക്കാൻ മുട്ട നല്ലതാണോ? ദിവസവും കഴിക്കാമോ? 11 ചോദ്യങ്ങൾക്ക് മറുപടിയുമായി ഡോക്ടർ

"അതുകൊണ്ട് തന്നെ, 30 ദിവസത്തേക്ക് പ്രതിദിനം 3 ലിറ്റർ വെള്ളം കുടിക്കുന്നത് നിങ്ങളെ കൂടുതൽ ഊർജസ്വലനാക്കാനും ദഹനത്തെയും വൃക്കകളുടെ ആരോഗ്യത്തെയും സഹായിക്കാനും ഒരുപക്ഷേ നിങ്ങളുടെ ചർമ്മത്തിനും മാനസികാവസ്ഥയ്ക്കും ഗുണം ചെയ്തേക്കാം. എന്നാൽ ശരീരത്തിന് അത്രയും വെള്ളം ആവശ്യമുണ്ടെങ്കിൽ മാത്രം (വ്യായാമം, ചൂട് അല്ലെങ്കിൽ അമിതമായ വിയർപ്പ് എന്നിവ കാരണം). ഈ വെള്ളം ഒറ്റയടിക്ക് കുടിച്ചു തീർക്കാതെ ഇടവേളകളിൽ കൃത്യമായി കുടിക്കേണ്ടതാണ്."

".ആവശ്യമില്ലാതെ അല്ലെങ്കിൽ വളരെ പെട്ടെന്ന് അമിതമായി വെള്ളം കുടിക്കുന്നത് തിരിച്ചടിയായേക്കാം. ഇത് ശരീരത്തിലെ ഇലക്‌ട്രോലൈറ്റുകളുടെ സന്തുലിതാവസ്ഥ തെറ്റിക്കാനോ വൃക്കകൾക്ക് അമിതഭാരം നൽകാനോ കാരണമാകും. നിങ്ങളുടെ ശരീരത്തെ ശ്രദ്ധിക്കുക എന്നതാണ് പ്രധാനം. നിശ്ചിത അളവ് ലക്ഷ്യം വെച്ച് കുടിക്കാതെ ദാഹിക്കുമ്പോൾ മാത്രം വെള്ളം കുടിക്കുക, മൂത്രത്തിന്റെ നിറം ശ്രദ്ധിക്കുക (ഇളം മഞ്ഞ നിറം സാധാരണയായി ശരിയായ ജലാംശത്തെ സൂചിപ്പിക്കുന്നു), കൂടാതെ നിങ്ങളുടെ അധ്വാനം, കാലാവസ്ഥ, ആരോഗ്യം എന്നിവയ്ക്ക് അനുസൃതമായി വെള്ളം കുടിക്കുന്ന അളവിൽ മാറ്റം വരുത്തുക," ചൗള പറഞ്ഞു.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: കടുത്ത ഡയറ്റില്ല, മുട്ടയും അമ്മ ഉണ്ടാക്കുന്ന ദോശയും പ്രിയം; ഫിറ്റ്‌നസ് രഹസ്യം വെളിപ്പെടുത്തി പൂജ ഹെഗ്‌ഡെ

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: