/indian-express-malayalam/media/media_files/2025/12/24/ginger-2025-12-24-09-37-51.jpg)
Source: Freepik
നമ്മുടെ അടുക്കളയിലെ ഒരു പ്രധാന ചേരുവയാണ് ഇഞ്ചി. ഔഷധഗുണങ്ങളുടെ കലവറയാണിത്. ഇഞ്ചിയിൽ ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് സംയുക്തങ്ങൾ ഉണ്ട്. എന്നാൽ, ദിവസവും ഒരു ചെറിയ കഷ്ണം ഇഞ്ചി വീതം 60 ദിവസം തുടർച്ചയായി കഴിച്ചാൽ ശരീരത്തിൽ എന്ത് മാറ്റങ്ങളാണ് സംഭവിക്കുക?.
തൊണ്ടയിലെ അസ്വസ്ഥത ക്രമേണ കുറയ്ക്കുകയും, ശ്വാസനാളത്തിന് വിശ്രമം നൽകുകയും, രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് താനെയിലെ കിംസ് ഹോസ്പിറ്റലിലെ ചീഫ് ഡയറ്റീഷ്യൻ ഡോ.അമ്രീൻ ഷെയ്ഖ് പറഞ്ഞു. “6 മുതൽ 8 ആഴ്ച വരെ, പലർക്കും ചുമ കുറയുന്നതും, ദഹനം മെച്ചപ്പെടുന്നതും, വയറു വീർക്കുന്നതും കുറയുന്നതും കാണാം. ഇഞ്ചി ശ്വാസനാളത്തിന്റെ ആന്തരിക പാളിയെ ശമിപ്പിക്കുകയും മൊത്തത്തിലുള്ള ശ്വാസകോശ ആരോഗ്യം നിലനിർത്താൻ സഹായിക്കുകയും ചെയ്യും,” ഷെയ്ഖ് പറഞ്ഞു.
Also Read: വയറും വണ്ണവും കുറയ്ക്കുകയാണോ ലക്ഷ്യം? ഈ 4 കാര്യങ്ങൾ ഇന്ന് തന്നെ ഉപേക്ഷിക്കൂ
1. ദഹനപ്രക്രിയ ആയാസരഹിതമാക്കുന്നു
ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ ദഹനരസങ്ങളുടെ ഉൽപ്പാദനം വർധിപ്പിക്കുന്നു. ഇത് ഗ്യാസ്, വയറു വീർക്കൽ, അസിഡിറ്റി എന്നിവ കുറയ്ക്കാൻ സഹായിക്കും. 60 ദിവസം കൃത്യമായി കഴിക്കുന്നതിലൂടെ ദഹന സംബന്ധമായ അസ്വസ്ഥതകൾക്ക് സ്ഥിരമായ പരിഹാരം കാണാൻ സാധിക്കും.
2. പ്രതിരോധശേഷി വർധിപ്പിക്കുന്നു
ശരീരത്തിലെ ആന്റി-ഓക്സിഡന്റുകളുടെ അളവ് കൂട്ടാൻ ഇഞ്ചി സഹായിക്കുന്നു. വൈറൽ പനികൾ, ജലദോഷം, തൊണ്ടവേദന എന്നിവയിൽ നിന്ന് സംരക്ഷണം നൽകാൻ ഇതിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ സഹായിക്കും. ശ്വാസകോശത്തിലെ തടസങ്ങൾ നീക്കി ശ്വസനം സുഗമമാക്കാനും ഇതിന് കഴിവുണ്ട്.
Also Read: പ്രമേഹത്തെ ഭയക്കാതെ കേക്ക് ആസ്വദിക്കാം; ഇത്ര നേരം നടന്നോളൂ
3. പേശിവേദനയും സന്ധിവേദനയും കുറയ്ക്കുന്നു
സന്ധിവേദന, പേശിവേദന എന്നിവ അനുഭവിക്കുന്നവർക്ക് ഇഞ്ചി ഒരു മികച്ച പരിഹാരമാണ്. ശരീരത്തിലെ വീക്കങ്ങൾ കുറയ്ക്കാനുള്ള ഇതിന്റെ കഴിവ് സന്ധികളിലെ തേയ്മാനവും വേദനയും കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും വ്യായാമം ചെയ്യുന്നവർക്ക് പേശികൾക്കുണ്ടാകുന്ന വേദന കുറയ്ക്കാൻ ഇത് ഫലപ്രദമാണ്.
4. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
ഇഞ്ചി ദിവസവും കഴിക്കുന്നത് ഇൻസുലിൻ ഉൽപ്പാദനം ക്രമീകരിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പ്രമേഹസാധ്യത കുറയ്ക്കാൻ ഇത് ഉത്തമമാണ്.
5. കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു
ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഇഞ്ചി സഹായിക്കുന്നു. ഇത് ധമനികളിൽ കൊഴുപ്പ് അടിയുന്നത് തടയുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.
6. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
മെറ്റബോളിസം വർധിപ്പിക്കാനുള്ള കഴിവ് ഇഞ്ചിക്കുണ്ട്. ഇത് അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണത കുറയ്ക്കുകയും കാലറി എരിച്ചുകളയാൻ സഹായിക്കുകയും ചെയ്യുന്നു.
Also Read: പപ്പായയോ കിവിയോ: ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും മികച്ചത് ഏത്?
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ദിവസവും ഒരു ചെറിയ കഷ്ണം ഇഞ്ചി (ഏകദേശം 1-2 ഗ്രാം) മതിയാകും. അമിതമായി കഴിക്കുന്നത് നെഞ്ചെരിച്ചിലിനോ വയറിളക്കത്തിനോ കാരണമായേക്കാം. ഗർഭിണികൾ, പിത്തസഞ്ചിയിൽ കല്ലുള്ളവർ എന്നിവർ ഡോക്ടറുടെ നിർദ്ദേശം തേടിയ ശേഷം മാത്രം ഇത് ശീലമാക്കുക. രാവിലെ വെറും വയറ്റിലോ ഭക്ഷണത്തിന് ശേഷമോ ചെറിയ കഷ്ണം ചവച്ചരച്ച് കഴിക്കാവുന്നതാണ്.
പ്രകൃതിദത്തമായ രീതിയിൽ ആരോഗ്യം സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് പരീക്ഷിക്കാവുന്ന ഏറ്റവും ലളിതമായ മാർഗമാണിത്. പക്ഷേ, മിതമായ ഉപയോഗമാണ് ആരോഗ്യത്തിന് എപ്പോഴും നല്ലതെന്ന് ഓർക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയർന്നോ? മരുന്നോ കുത്തിവയ്പോ വേണ്ട; ഇതൊന്ന് ചെയ്ത് നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us