പകൽ സമയത്ത് ആവശ്യത്തിന് വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ പ്രയോജനകരമാണെന്ന് പറയപ്പെടുന്നു. എങ്കിലും, മറ്റെല്ലാ കാര്യങ്ങളെയും പോലെ, അധിക വെള്ളം കുടിക്കുന്നത് ശരീരത്തിന് നല്ലതല്ല. ആരോഗ്യമുള്ള മുതിർന്നവർക്ക് അമിതമായി വെള്ളം കുടിക്കുന്നത് വളരെ അപൂർവമായേ പ്രശ്നമാകൂവെന്ന് മാക്സ് ഹോസ്പിറ്റലിലെ സീനിയർ ഡയറക്ടർ-ഇന്റേണൽ മെഡിസിൻ ആൻഡ് മെഡിക്കൽ അഡ്വൈസർ ഡോ. അശുതോഷ് ശുക്ല പറഞ്ഞു.
”കിഡ്നി പ്രശ്നങ്ങളുള്ളവർക്ക്, അമിത ജലാംശം ഒരു വെല്ലുവിളിയായി മാറിയേക്കാം, കാരണം വൃക്കകൾക്ക് അധിക വെള്ളം പുറന്തള്ളാൻ കഴിയില്ല. ഇത് രക്തത്തിലെ സോഡിയത്തിന്റെ അംശം നേർപ്പിക്കുകയും ഹൈപ്പോനാട്രീമിയയിലേക്ക് നയിക്കുകയും ചെയ്യുന്നു – ജീവന് ഭീഷണിയായ അവസ്ഥ,” ഡോ. അശുതോഷ് പറഞ്ഞു.
”അമിത ജലാംശം പേശികളുടെ ബലഹീനത, മലബന്ധം പോലുള്ള കൂടുതൽ ഗുരുതരമായ ലക്ഷണങ്ങൾക്ക് കാരണമാകും. നേരെമറിച്ച്, പലപ്പോഴും ദാഹം തോന്നാത്ത ആളാണെങ്കിൽ, പക്ഷേ മൂത്രത്തിന് നിറമില്ലാത്തതോ അല്ലെങ്കിൽ ഇളം മഞ്ഞയോ ആണെങ്കിൽ, നിങ്ങളുടെ ശരീരത്തിൽ ആവശ്യത്തിന് ദ്രാവകം ഉണ്ടായിരിക്കാം,” ഡോ അശുതോഷ് ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു.
എത്രമാത്രം അധികം?
ആരോഗ്യമുള്ള ഒരു മുതിർന്നയാൾക്ക് പ്രതിദിനം ശരാശരി 8 മുതൽ 12 ഗ്ലാസ് വെള്ളം ആവശ്യമാണ്. ശരീരഭാരത്തിന്റെ ഓരോ 20 കിലോയ്ക്കും 1 ലിറ്റർ വെള്ളം ആവശ്യമാണ്. അതിനാൽ, ശരീരഭാരം 60 കിലോ ആണെങ്കിൽ, പ്രതിദിനം 3 ലിറ്റർ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വ്യായാമം, പരിസ്ഥിതി, മൊത്തത്തിലുള്ള ആരോഗ്യം, ഗർഭാവസ്ഥ, മുലയൂട്ടൽ എന്നിവ ഉൾപ്പെടുന്ന നിരവധി ഘടകങ്ങളെ അടിസ്ഥാനമാക്കി ഒരു വ്യക്തിക്ക് അവരുടെ മൊത്തം ജല ഉപഭോഗത്തിൽ മാറ്റം വരുത്തേണ്ടി വരുമെന്നും ഡോ. അശുതോഷ് ചൂണ്ടിക്കാട്ടി.
പുരുഷന്മാർ ഒരു ദിവസം ഏകദേശം 3.7 ലിറ്ററും സ്ത്രീകൾ ഏകദേശം 2.7 ലിറ്ററും വെള്ളം കുടിക്കണമെന്ന് ന്യൂട്രീഷ്യനിസ്റ്റ് റിച്ച ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു. ദിവസേനയുള്ള ദ്രാവക ഉപഭോഗത്തിന്റെ 20% സാധാരണയായി ഭക്ഷണത്തിൽ നിന്നും ബാക്കിയുള്ളത് പാനീയങ്ങളിൽ നിന്നുമാണെന്ന് അവർ അഭിപ്രായപ്പെട്ടു.
ശരീരത്തിനാവശ്യമായ ജലത്തിന്റെ ആവശ്യകത നിറവേറ്റുന്നതിന്, 50% സാധാരണ വെള്ളവും 50% മറ്റ് ജലസ്രോതസ്സുകളിൽ നിന്ന് – പഴങ്ങൾ, പാൽ, പച്ചക്കറികൾ മുതലായവയിൽ നിന്ന് കഴിക്കേണ്ടത് അത്യാവശ്യമാണെന്ന് അവർ പറഞ്ഞു.
അമിത ജലാംശത്തിന്റെ ലക്ഷണങ്ങൾ
- ഓക്കാനം, ഛർദ്ദി
- തലവേദന
- ആശയക്കുഴപ്പം പോലുള്ള മാനസികാവസ്ഥയിലെ മാറ്റങ്ങൾ
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.