ചൂടുകാലത്ത് ഒരു ഗ്ലാസ് നാരങ്ങ വെള്ളം കുടിച്ച് ശരീരം തണുപ്പിക്കാൻ ആഗ്രഹിക്കാത്തവരുണ്ടാകുമോ? ഇല്ലെന്നു തന്നെ പറയേണ്ടി വരും. നാരങ്ങ വെള്ളം ഇഷ്ടപ്പെടുന്ന ഏറെ പേരുണ്ട്. നാരങ്ങ വെള്ളം കുടിച്ചാൽ ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിൽ നാരങ്ങ വെള്ളം ഗുണം ചെയ്യും.
രാവിലെ ആദ്യം തന്നെ നാരങ്ങ വെള്ളം കുടിക്കുന്നതാണ് കൂടുതൽ ഗുണകരം. ചെറുചൂടുള്ള വെള്ളത്തിൽ നാരങ്ങ നീര് ചേർത്ത് കുടിക്കുന്നതാണ് നല്ലത്. കൂടാതെ, ദിവസവും എത്ര നാരങ്ങ വെള്ളം കുടിക്കുന്നുവെന്നതും പ്രധാനമാണ്. ബെംഗളൂരു ആസ്ഥാനമായുള്ള ന്യൂട്രീഷ്യനിസ്റ്റ് ഡോ. അഞ്ജു സൂദും കൺസൾട്ടന്റ് ന്യൂട്രീഷ്യനിസ്റ്റ് ഡോ. രൂപാലി ദത്തയും പറയുന്നതനുസരിച്ച്, വേനൽക്കാലത്ത് ജലാംശം നിലനിർത്താൻ പ്രതിദിനം 2 നാരങ്ങയുടെ നീര് മതിയാകും. ദിവസവും നാരങ്ങ വെള്ളം കുടിക്കുന്നത് തികച്ചും ആരോഗ്യകരമാണ്.
ശരീരത്തിൽ അസ്കോർബിക് ആസിഡ് അല്ലെങ്കിൽ വിറ്റാമിൻ സി നിറയ്ക്കാൻ നാരങ്ങ വെള്ളം നല്ലതാണ്. ഇത് ആരോഗ്യമുള്ള മുടിക്കും ഹൃദയത്തിനും പ്രധാനമാണ്. ചെറുനാരങ്ങ നീര് മലബന്ധം അകറ്റാൻ സഹായിക്കുമെന്നും വൃക്കകളിൽ കല്ലുകൾ ഉണ്ടാകുന്നത് തടയുമെന്നും വിശ്വസിക്കപ്പെടുന്നു.
അതിനാൽ, വേനൽക്കാലത്ത് ആവശ്യമായ അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാൽ എല്ലാ ദിവസവും നാരങ്ങ വെള്ളം കുടിക്കാമെന്നും രാവിലെ ചെറുചൂടുള്ള നാരങ്ങ വെള്ളം കുടിക്കാമെന്നും വിദഗ്ധർ പറയുന്നു. കൂടാതെ, സലാഡുകളിൽ ചേർക്കുന്ന നാരങ്ങ നീര് നമ്മുടെ ശരീരത്തിൽ ഇരുമ്പ് ആഗിരണം ചെയ്യുന്നതിന് നല്ലതാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.