സ്വാദിഷ്ടമായ പഴങ്ങൾ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞതിനാൽ മികച്ച ലഘുഭക്ഷണം കൂടിയാണ്. എന്നാൽ ചില പഴങ്ങളിൽ പഞ്ചസാരയുടെ അളവ് കൂടുതലാണ്. എന്നാൽ പേരയ്ക്ക ആ വിഭാഗത്തിൽ ഉൾപ്പെടുന്നില്ലെങ്കിലും അവയെ ആരോഗ്യകരമായ പഴമായി പലരും കണക്കാക്കുന്നില്ല.
ആളുകൾ ശരീരഭാരം കുറയാനുള്ള സൂപ്പർ ഫുഡായി പലരും പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള അവക്കാഡോ, ക്രാൻബെറി, ബ്ലൂബെറി തുടങ്ങിയ പഴങ്ങളിലേക്ക് മാറുകയാണെന്ന്, ഡയറ്റീഷ്യൻ മാക് സിങ് ഇൻസ്റ്റാഗ്രാമിൽ പറയുന്നു.
“ശരീരഭാരം കുറയാൻ സഹായിക്കുന്ന മികച്ച ഒരു ലഘുഭക്ഷണമാണ് പേരയ്ക്ക. 37 കലോറിയുള്ള പേരയ്ക്കയിൽ നിങ്ങളുടെ ശരീരത്തിനു ആവശ്യമായ ഫൈബറിന്റെ 12 ശതമാനം അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളും മിനറലുകളും അടങ്ങിയിരിക്കുന്നതിനാൽ ഇത് മറ്റു ലഘുഭക്ഷണങ്ങളെക്കാൾ സ്വാഭാവികതയുള്ളതാണ്. ഓറഞ്ചിനെക്കാൾ അഞ്ച് മടങ്ങ് വിറ്റാമിൻ സി പേരയ്ക്കയിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി മാത്രമല്ല, പേരയ്ക്കയിൽ പല ഗുണങ്ങളും അടങ്ങിയിട്ടുണ്ട്,” പേരയ്ക്കയുടെ പോഷകഗുണങ്ങൾ പങ്കുവെച്ചുകൊണ്ട് മാക് സിങ് പറഞ്ഞു.
പേരയ്ക്കയുടെ ആരോഗ്യഗുണങ്ങൾ
ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു
ഒരു ചെറിയ പേരയ്ക്കയിൽ 30-60 കലോറിയാണ് അടങ്ങിയിരിക്കുന്നത്. അതിൽ അടങ്ങിയിരിക്കുന്ന ഫൈബറും മിനറലുകളും ഇവയെ നല്ലൊരു ലഘുഭക്ഷണമാക്കുന്നു.
ആർത്തവസമയത്തെ വേദനയ്ക്ക് ശമനം
ആർത്തവസമയത്ത് ഓരോ ദിവസവും ഒരു പേരയ്ക്ക കഴിക്കുന്നത് അതുമായി ബന്ധപ്പെട്ട വേദനകളിൽനിന്നു രക്ഷിക്കുന്നു.
പ്രമേഹം കുറയ്ക്കുന്നു
ഫൈബറിനാൽ സമ്പന്നമായതിനാൽ, അത് ശരീരത്തിലെ ഇൻസുലിൻ കുറയ്ക്കുന്നു. അങ്ങനെ രക്തത്തിലെ പഞ്ചാസാരയിൽ പെട്ടെന്ന് മാറ്റം ഉണ്ടാകുന്നില്ല.
ഹ്യദയാരോഗ്യത്തിനും സഹായിക്കും
ആൻറി ഓക്‌സിഡന്റുകൾ, പൊട്ടാസ്യം, നാരുകൾ എന്നിവ അടങ്ങിയ പേരയ്ക്ക എൽഡിഎൽ കൊളസ്‌ട്രോൾ കുറയ്‌ക്കാനും അതുവഴി സ്‌ട്രോക്ക് സാധ്യതയും ഹൃദ്രോഗ സാധ്യതയും കുറയ്ക്കാനും സഹായിക്കുന്നു.
മലബന്ധത്തിനുള്ള പരിഹാരം
കൂടുതൽ പേരയ്ക്ക കഴിക്കുന്നത് ആരോഗ്യകരമായ മലവിസർജ്ജനത്തിന് സഹായിക്കും.
എന്നാൽ പേരയ്ക്ക ജ്യൂസ് എന്ന പേരിൽ വരുന്നവ കുടിക്കാതിരിക്കുക. കാരണം അവയിൽ പ്രിസർവേറ്റീവുകളുടെയും പഞ്ചസാരയുടെയും അളവ് വളരെ കൂടുതലായിരിക്കും. പേരയ്ക്ക സലാഡുകളുടെ ഒപ്പവും കഴിക്കാമെന്നും മാക് പറയുന്നു. കുറഞ്ഞ കലോറിയും ഫൈബറിനാൽ സമ്പന്നവുമായതിനാൽ, ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പറ്റുന്ന ഒരു പഴമാണ് പേരയ്ക്കയെന്ന് ഡയറ്റീഷ്യനും ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റുമായ കാജൽ അഗർവാൾ പറഞ്ഞു.
ഒരു ശരാശരി വലുപ്പമുള്ള പേരയ്ക്കയിൽ താഴെ പറയുന്ന അളവിലാണ് കലോറിയും മറ്റും അടങ്ങിയിരിക്കുന്നത്.
- കലോറി: 60 വരെ കലോറി ഉണ്ടാകും.
കാർബോഹൈഡ്രേറ്റ്: 24 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിരിക്കും.
ഫൈബർ: ഫൈബറിനാൽ സമ്പന്നമാണ് പേരക്ക. ഒരു പേരക്കയിൽ മൂന്നു -നാല് ഗ്രാം ഫൈബർ അടങ്ങിയിരിക്കും. - പ്രോട്ടീൻ: ഒരു പേരയ്ക്കയിൽ 2.5 ഗ്രാം വരെ ഉണ്ടാകാം.
കൊഴുപ്പ്: ഒരു ഗ്രാമിൽ താഴെയുള്ള കൊഴുപ്പ് മാത്രമേ ഇതിൽ ഉണ്ടാവുകയുള്ളൂ - വിറ്റാമിൻ: വിറ്റാമിൻ സിയുടെ മികച്ച സ്രോതസ്സാണ് പേരയ്ക്ക. ഇടത്തരം വലിപ്പമുള്ള പേരക്കയിൽ പ്രതിദിന ഉപഭോഗത്തിന്റെ 200 ശതമാനത്തിലധികം നൽകുന്നു. വിറ്റാമിൻ എ, വിറ്റാമിൻ ബി6, വിറ്റാമിൻ കെ എന്നിവയും പേരക്കയിൽ അടങ്ങിയിട്ടുണ്ട്.
- മിനറൽ: പൊട്ടാസ്യത്തിന്റെ നല്ല ഉറവിടമാണ് പേരക്ക. ഇടത്തരം പേരക്കയിൽ, 400 മില്ലിഗ്രാം പൊട്ടാസ്യം ഉണ്ടായിരിക്കും. ചെറിയ അളവിൽ കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്.
മൊത്തത്തിൽ, പോഷക സാന്ദ്രമായ ഒരു പഴമാണ് പേരക്ക. അതിൽ പലതരം വിറ്റാമിനുകളും ധാതുക്കളും നാരുകളും ഉൾപ്പെടുന്നു. അതേസമയം കലോറിയും കൊഴുപ്പും താരതമ്യേന കുറവാണെന്ന് കാജൽ ഇന്ത്യൻ എക്സപ്രസ് ഡോട്ട് കോമിനോട് പറയുന്നു.
എന്തുകൊണ്ടാണ് പേരയ്ക്ക സൂപ്പർ ഫുഡ് ആകുന്നത്?
പേരക്കയിൽ ആന്റിഓക്‌സിഡന്റുകൾ, ഇരുമ്പ്, കാൽസ്യം, വിറ്റാമിൻ സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. വാസ്തവത്തിൽ ഓറഞ്ചിനെക്കാൾ നാലിരട്ടി വൈറ്റമിൻ സി ഇതിൽ അടങ്ങിയിട്ടുണ്ട്, അതിനാലാണ് സൂപ്പർഫ്രൂട്ട് എന്ന പേര് ഇവയ്ക്ക് ലഭിച്ചതെന്ന്, ഹൈദരാബാദ് കെയർ ഹോസ്പിറ്റൽസ്, കൺസൾട്ടന്റ് – ക്ലിനിക്കൽ ഡയറ്റീഷ്യൻ ഡോ ജി സുഷമ ഇന്ത്യൻ എക്സ്പ്രസിനോട് പറയുന്നു.
ശരീരഭാരം കുറയ്ക്കാൻ പേരയ്ക്ക
കുറഞ്ഞ കലോറിയും നാരുകളാൽ നിറഞ്ഞതുമായ പേരയ്ക്ക ദഹനം വൈകിപ്പിക്കാനും വിശപ്പ് അനുഭവപ്പെടാതിരിക്കാനും സഹായിക്കുന്നു. “വിശപ്പ് തോന്നാതിരിക്കുമ്പോൾ, നിങ്ങൾ ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങൾ കഴിക്കാതിരിക്കും. അങ്ങനെ അത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു,” ഡോ ജി സുഷമ പറഞ്ഞു.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിനു പുറമേ, പ്രമേഹരോഗികൾക്കും പ്രമേഹ സാധ്യതയുള്ളവർക്കും പേരയ്ക്ക നല്ലതാണ്. കാരണം ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ ഉയർന്ന അളവിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും പൊട്ടാസ്യവും അടങ്ങിയിരിക്കുന്നതിനാൽ ഹൃദയാരോഗ്യത്തിനും ഉത്തമമാണ്,” ഡോ. സുഷമ പറഞ്ഞു.
പേരയ്ക്ക എല്ലാവർക്കും കഴിക്കാവുന്നതാണോ?
പേരയ്ക്ക പൊതുവെ സുരക്ഷിതവും ഉപഭോഗത്തിന് അനുയോജ്യവുമാണെന്ന് ഭൂരിഭാഗം ആളുകളും കണക്കാക്കുന്നു. എന്നാൽ ചില വ്യക്തികൾക്ക് പേരയ്ക്കയോ അതിന്റെ ഘടകങ്ങളുമായോ വിത്തുകൾ, തൊലി, പൾപ്പ് എന്നിവയോട് അലർജിയോ സെൻസിറ്റിവിറ്റിയോ ഉണ്ടാകാമെന്ന് ഡോ. കാജൽ പറയുന്നു.“കൂടാതെ, പേരയ്ക്കയുടെ അമിതമായ ഉപഭോഗം വയറിളക്കമോ വയറുവേദനയോ പോലുള്ള ദഹനപ്രശ്‌നങ്ങൾക്ക് കാരണമായേക്കാം”. ഭക്ഷണ അലർജികളോ ആരോഗ്യപ്രശ്നങ്ങളോ ഉള്ളവർ ഭക്ഷണത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്നതിന് മുൻപ് ഒരു ആരോഗ്യ വിദഗ്ധന്റെ സഹായം തേടുക, ഡോ. കാജൽ പറഞ്ഞു. ദിവസത്തിൽ ഏത് സമയത്തും പേരയ്ക്ക കഴിക്കാം. എന്നാൽ പ്രഭാതഭക്ഷണം, ലഘുഭക്ഷണം എന്നിവയായിട്ടാണ് പേരയ്ക്ക കഴിക്കാറുള്ളത്.