മഴക്കാലം എത്തിയിരിക്കുകയാണ്. ചൂടിന് ആശ്വാസം നൽകുന്നതാണെങ്കിലും ഡെങ്കിപ്പനി, മലേറിയ, വയറിളക്കം തുടങ്ങിയ സീസണൽ രോഗങ്ങളും മഴ കൊണ്ട് വരുന്നു. അതുപോലെ, മഴക്കാലത്ത് ആരോഗ്യത്തിന് കൂടുതൽ ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്. “മഴക്കാലം ചൂടിൽ നിന്ന് അൽപം ആശ്വാസം നൽകുമ്പോൾ, അത് നിരവധി രോഗങ്ങളും കൊണ്ടുവരുന്നു,” ആയുർവേദ ഡോ.നിതിക കോഹ്ലി പറഞ്ഞു.
മഴക്കാലത്ത് തണുപ്പുള്ളതിനാൽ ജലദോഷവും ചുമയും കൂടുതലാണെന്ന് അവർ പറഞ്ഞു. “ഇതുകൂടാതെ, കൊതുകുകൾ പരത്തുന്നവ ഉൾപ്പെടെ നിരവധി രോഗങ്ങളുടെ വ്യാപനവും മഴ പെയ്യാൻ തുടങ്ങുമ്പോൾ തന്നെ ഉയരുന്നു. കോവിഡ് ഇപ്പോഴും അവസാനിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ, ഈ അണുബാധകളെ മുൻകൂട്ടി നേരിടാൻ തയ്യാറാകണം,” അവർ അഭിപ്രായപ്പെട്ടു.
ഈ രോഗങ്ങളെ അകറ്റിനിർത്താൻ ലളിതവും പ്രയോജനപ്രദവുമായ ഒരു പാനീയത്തിന്റെ പാചകക്കുറിപ്പും അവർ പങ്കുവച്ചിട്ടുണ്ട്. ഈ പാനീയം കുടിക്കാൻ സ്വാദിഷ്ടമായ ഒന്നായിരിക്കില്ല, പക്ഷേ, മഴക്കാലത്ത് വളരെ ആരോഗ്യകരമാണ്. സുഗന്ധവ്യഞ്ജനങ്ങളുടെയോ പ്രകൃതിദത്ത സസ്യങ്ങളുടെയോ സഹായത്തോടെ ഈ പാനീയം തയ്യാറാക്കാമെന്ന് അവർ പറഞ്ഞു.
- വറുത്ത മല്ലി, ജീരകം, പെരുംജീരകം എന്നിവയും കുറച്ച് കുരുമുളകും എടുക്കുക.
- ഈ മസാലകൾ പൊടിച്ച് വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക.
- ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് ഒരു ടീസ്പൂൺ മസാലപ്പൊടി ചേർക്കുക.
- അരിച്ചെടുത്ത് കുടിക്കുക
ഈ മഴക്കാലത്ത് ആരോഗ്യമുള്ളവരായിരിക്കാൻ ഈ പാനീയം സഹായിക്കുമെന്ന് ഡോ.കോഹ്ലി വ്യക്തമാക്കി.