scorecardresearch
Latest News

ആപ്പിൾ, ബദാം, തക്കാളി, കുക്കുമ്പർ കഴിച്ചതിന് ശേഷം തൊണ്ടയിൽ ചൊറിച്ചിൽ ഉണ്ടാകാറുണ്ടോ? ഇതാവാം കാരണം

ചില ആളുകൾക്ക് ചില പ്രത്യേക പഴങ്ങൾ, നട്സ്, പച്ചക്കറികൾ എന്നിവ അലർജി ഉണ്ടാക്കാറുണ്ട്

vegetables, fruits, ie malayalam

എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് ഏറ്റവും ആരോഗ്യകരമായ ഭക്ഷണമാണ് പഴങ്ങൾ, നട്സ്, പച്ചക്കറികൾ എന്നറിയപ്പെടുന്നു. എന്നാൽ, ചില ആളുകൾക്ക് ചില പ്രത്യേക പഴങ്ങൾ, നട്സ്, പച്ചക്കറികൾ എന്നിവ അലർജി ഉണ്ടാക്കാറുണ്ട്. എന്താണ് അതിനു കാരണം?.

ഓറൽ അലർജി സിൻഡ്രോം എന്നത് ഒരു സാധാരണ അവസ്ഥയാണ്. പൂമ്പൊടി മൂലമുണ്ടാകുന്ന SAR അല്ലെങ്കിൽ സീസണൽ അലർജിക് റിനോകോൺജങ്ക്റ്റിവിറ്റിസ് ഉള്ള രോഗികളിൽ പഴങ്ങൾ കഴിച്ച് ഏതാനും മിനിറ്റുകൾക്ക് ശേഷം പ്രതികൂല പ്രതികരണം സംഭവിക്കുന്നുവെന്ന് നാഷണൽ സെന്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷന്റെ (NCBI) 2019 ലെ പഠനം പറയുന്നു. ഇത് അലർജിയുള്ള ആളുകളുടെ വായിലും തൊണ്ടയിലും ചൊറിച്ചിൽ ഉണ്ടാക്കാം, അല്ലെങ്കിൽ അവർക്ക് ചുണ്ടുകൾ, നാവ്, തൊണ്ട എന്നിവ വീർക്കുന്നത് പോലുള്ള ലക്ഷണങ്ങൾ ഉണ്ടാകാം.

ബിർച്ച് ട്രീ പൂമ്പൊടിയോട് അലർജിയുള്ള മുതിർന്നവരിൽ 50 മുതൽ 75 ശതമാനം വരെ ഇത് സംഭവിക്കുന്നുവെന്ന് അമേരിക്കൻ അക്കാദമി ഓഫ് അലർജി ആസ്ത്മ ആൻഡ് ഇമ്മ്യൂണോളജിയിൽ നിന്നുള്ള ഗവേഷണം അഭിപ്രായപ്പെട്ടു. “ചില പഴങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്ന പ്രോട്ടീനുകൾ പൂമ്പൊടിയിൽ കാണപ്പെടുന്ന പ്രോട്ടീനുകളുമായി വളരെ സാമ്യമുള്ളതാണ്. അതിനാലാണ് ഇത് സംഭവിക്കുന്നത്. ഈ പ്രോട്ടീനുകൾ രോഗപ്രതിരോധ സംവിധാനത്തെ ആശയക്കുഴപ്പത്തിലാക്കുകയും അലർജി പ്രതിപ്രവർത്തനത്തിന് കാരണമാവുകയും അല്ലെങ്കിൽ നിലവിലുള്ള ലക്ഷണങ്ങളെ കൂടുതൽ വഷളാക്കുകയും ചെയ്യും, ഇതിനെ ക്രോസ്-റിയാക്റ്റിവിറ്റി എന്ന് വിളിക്കുന്നു. പൂമ്പൊടിയുടെയും ഭക്ഷണങ്ങളുടെയും കാര്യത്തിൽ, ക്രോസ്-റിയാക്‌റ്റിവിറ്റിയുടെ ഫലത്തെ ഓറൽ അലർജി സിൻഡ്രോം (ഒഎഎസ്) എന്നും വിളിക്കുന്നു. ഇത് പോളൻ ഫ്രൂട്ട് അലർജി സിൻഡ്രോം (പിഎഫ്എഎസ്) എന്നും അറിയപ്പെടുന്നു.

‘ക്രോസ് റിയാക്‌റ്റിവിറ്റി’ ഉണ്ടായാൽ പൂമ്പൊടിയോട് അലർജിയുണ്ടെന്ന് സംശയിക്കണം, പ്രത്യേകിച്ച് അസംസ്കൃത പഴം കഴിച്ചതിന് ശേഷം ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയാണെങ്കിലെന്ന് ഡൽഹിയിലെ മധുകർ റെയിൻബോ ഹോസ്പിറ്റലിലെ ഡോക്ടർ പ്രവീൺ ഖിൽനാനി പറഞ്ഞു. ആപ്പിൾ, ബദാം, ഹാസൽ നട്സ്, കിവി, പീച്ച്, സെലറി അല്ലെങ്കിൽ കുക്കുമ്പർ എന്നിവയ്ക്ക് അലർജിയുണ്ടാക്കാൻ കഴിയും. എന്നാൽ ഏതു പഴമാണ് അലർജി ഉണ്ടാക്കുന്നതെന്ന് ഒരാൾ അറിഞ്ഞിരിക്കണം. “ചർമ്മ പരിശോധന അത് കൂടുതൽ സ്ഥിരീകരിച്ചേക്കാം. പൂമ്പൊടി മൂലമുള്ള അലർജിയാണെങ്കിൽ, അലർജിക് റിനിറ്റിസ് കാരണം മൂക്കൊലിപ്പ് കൊണ്ട് ശ്വസന പ്രശ്നങ്ങൾ ഉണ്ടാക്കാം,” ഡോ.ഖിൽനാനി പറഞ്ഞു.

താഴെ പറയുന്ന ഭക്ഷണങ്ങൾ കഴിക്കുമ്പോൾ പൂമ്പൊടി അലർജിയുള്ള എല്ലാവർക്കും പിഎഫ്എഎസ് അനുഭവപ്പെടില്ലെങ്കിലും, അവ സാധാരണയായി ഈ അലർജികളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അമേരിക്കൻ കോളേജ് ഓഫ് അലർജി ആസ്ത്മ ആൻഡ് ഇമ്മ്യൂണോളജി (ACAAI) അഭിപ്രായപ്പെട്ടു.

ബിർച്ച് പോളൻ: ആപ്പിൾ, ബദാം, കാരറ്റ്, സെലറി, ചെറി, ഹാസൽനട്ട്, കിവി, പീച്ച്, പിയർ, പ്ലം
ഗ്രാസ് പോളൻ: സെലറി, തണ്ണിമത്തൻ, ഓറഞ്ച്, പീച്ച്, തക്കാളി
റാഗ്‌വീഡ് പോളൻ: വാഴപ്പഴം, വെള്ളരി, തണ്ണിമത്തൻ, സൂര്യകാന്തി വിത്തുകൾ

എന്ത് ചെയ്യാൻ കഴിയും?

എസിഎഎഐ പറയുന്നതനുസരിച്ച്, പിഎഫ്എസ് ബാധിച്ച ആളുകൾക്ക് പഴങ്ങളും പച്ചക്കറികളും വേവിച്ച രൂപത്തിൽ കഴിക്കാം. കാരണം ചൂടാക്കുമ്പോൾ പ്രോട്ടീനുകൾ വികലമാകുകയും രോഗപ്രതിരോധ സംവിധാനത്തിന് ഭക്ഷണത്തെ തിരിച്ചറിയാൻ കഴിയാതിരിക്കുകയും ചെയ്യും. തണ്ണിമത്തൻ പോലെ പാചകം ചെയ്ത് കഴിക്കാനാവാത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുകയെന്ന് എസിഎഎഐ അഭിപ്രായപ്പെട്ടു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: This could be why your throat itches after eating apple almond tomato or cucumber