scorecardresearch
Latest News
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്ദന്‍ അന്തരിച്ചു

പൈനാപ്പിൾ കഴിക്കുന്നതിനു മുൻപ് പ്രമേഹ രോഗികൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

ഏതൊക്കെ പച്ചക്കറി, പഴം, ധാന്യങ്ങൾ പ്രമേഹ രോഗികൾക്ക് കഴിക്കാം, ഏതൊക്കെ ഒഴിവാക്കണം എന്നതിനെക്കുറിച്ചുള്ള സംശയം ഇപ്പോഴും പലർക്കുമുണ്ട്

pineapple, health, ie malayalam

പ്രമേഹം കാലാകാലങ്ങളായി മനുഷ്യ സമൂഹത്തിൽ കണ്ടുവരുന്ന രോഗമാണ്. വേണ്ട രീതിയിൽ ശ്രദ്ധിച്ചില്ലെങ്കിൽ അപകട അവസ്ഥയ്ക്ക് ഇടയാക്കും. ശരിയായ സമയത്ത് പ്രമേഹം ചികിത്സിച്ചില്ലെങ്കിൽ കണ്ണുകൾ, വൃക്കകൾ, ഹൃദയം എന്നിവയുൾപ്പെടെയുള്ള വിവിധ അവയവങ്ങളുടെ തകരാറിന് കാരണമാകും.

പ്രമേഹം ബാധിച്ചവരോട് പലപ്പോഴും ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ നിർദേശിക്കാറുണ്ട്. ചില ഭക്ഷണങ്ങൾ ഒഴിവാക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് എല്ലായ്പ്പോഴും നിലനിർത്തുന്നുവെന്ന് ഉറപ്പാക്കാൻ ചില പ്രത്യേക ഇനങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യണം. ഏതൊക്കെ പച്ചക്കറി, പഴം, ധാന്യങ്ങൾ പ്രമേഹ രോഗികൾക്ക് കഴിക്കാം, ഏതൊക്കെ ഒഴിവാക്കണം എന്നതിനെക്കുറിച്ചുള്ള സംശയം ഇപ്പോഴും പലർക്കുമുണ്ട്. അത്തരത്തിലുള്ള ഒരു പഴമാണ് പൈനാപ്പിൾ.

”നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ഉൾപ്പെടെയുള്ള പോഷകങ്ങളുടെ മികച്ച ഉറവിടമാണ് പഴങ്ങൾ. പക്ഷേ, പ്രമേഹമുള്ളവർ കൂടുതൽ ശ്രദ്ധിക്കുകയും ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ള പഴങ്ങൾ ഒഴിവാക്കുകയും വേണം,” മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ ആൻഡ് ഡയബറ്റിസ് ഡയറക്ടർ ഡോ.രാജീവ് ഗുപ്ത പറഞ്ഞു.

ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, എൻസൈമുകൾ എന്നിവയാൽ സമ്പന്നമായ പഴമാണ് പൈനാപ്പിൾ. പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും വീക്കം മാറ്റുന്നതിനും സഹായിക്കുന്നു. എങ്കിലും, മറ്റ് ചില പഴങ്ങളെ അപേക്ഷിച്ച് പൈനാപ്പിൾ രക്തത്തിലെ പഞ്ചസാരയെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ, ഇത് മിതമായി കഴിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

പൈനാപ്പിളിന് 51 മുതൽ 73 വരെ ഗ്ലൈസെമിക് സൂചികയുണ്ട്, ഇത് മിതമായതാണ്. “പൈനാപ്പിൾ പ്രതിദിനം 100 ഗ്രാമിൽ കൂടരുത്, കാരണം അമിത ഉപഭോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. പ്രോട്ടീനുകളുടെയും പോഷകങ്ങളുടെയും മറ്റ് ഉറവിടങ്ങളും കഴിക്കണം. പ്രമേഹരോഗികൾ ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നുവെന്ന് ഉറപ്പാക്കണം,” ഡോ.രാജീവ് പറഞ്ഞു.

പൈനാപ്പിളിന്റെ ചില ആരോഗ്യ ഗുണങ്ങൾ

  • ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമായതിനാൽ, ഇത് വീക്കം ഇല്ലാതാക്കാനും ഫ്രീ റാഡിക്കലുകളെ അകറ്റി നിർത്താനും സഹായിക്കുന്നു.
  • വൈറ്റമിൻ സിയുടെ നല്ല ഉറവിടമാണ്, പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
  • കാൻസർ സാധ്യത കുറയ്ക്കും.
  • പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന നാരുകൾ രക്തത്തിലെ പഞ്ചസാര കുറയ്ക്കാനും മലബന്ധം അകറ്റാനും കൊളസ്ട്രോൾ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Things diabetics must know before having pineapples

Best of Express