scorecardresearch
Latest News

ഉറക്കമില്ലായ്മ പരിഹരിക്കാം; ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കൂ

ഉറക്കക്കുറവ് പരിഹരിക്കാൻ ആയുർവേദം നിർദേശിക്കുന്ന ചില പ്രതിവിധികൾ

sleep, health,ie malayalam

വെള്ളവും വായുവും ഭക്ഷണവും പോലെ മനുഷ്യന് അത്യന്താപേക്ഷികമായ ഒന്നാണ് ഉറക്കവും. ഉറക്കമില്ലായ്മ പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങൾക്കും കാരണമാകും. ഒപ്പം ക്ഷീണം, ദഹനപ്രശ്നങ്ങൾ, ശ്രദ്ധക്കുറവ്, തലവേദന, സങ്കടവും ദുഖവുമൊക്കെ മാറിമാറിവരുന്ന മാനസികാവസ്ഥ എന്നിവയിലേക്കെല്ലാം നയിക്കുകയും ചെയ്യും. ശാരീരിക പ്രശ്നങ്ങൾ കൊണ്ടും മാനസികമായ പ്രശ്നങ്ങൾ കൊണ്ടും ഉറക്കക്കുറവ് അനുഭവപ്പെടാം. ആസ്ത്മ, ഹോർമോൺ തകരാറുകൾ എന്നിവയൊക്കെ ഉറക്കക്കുറവിനു കാരണമായേക്കാവുന്ന ശാരീരിക പ്രശ്നങ്ങളാണ്. അതേസമയം അമിതമായ സമ്മർദ്ദം, വിഷാദം, ഉത്കണ്ഠ പോലുള്ള മാനസികാവസ്ഥകളും ആളുകളിൽ ഉറക്കക്കുറവിന് കാരണമാവാറുണ്ട്.

ഉറക്കക്കുറവ് പരിഹരിക്കാൻ ആയുർവേദം പറയുന്ന പ്രതിവിധികളെ കുറിച്ച് സംസാരിക്കുകയാണ് ആയുർവേദ ഡോക്ടറായ ജസ്ന. പ്രധാനമായും നാലു പ്രതിവിധികളാണ് ഡോ. ജസ്ന നിർദ്ദേശിക്കുന്നത്.

ചിട്ടയോടെയുള്ള ദിനചര്യ
കൃത്യമായൊരു ദിനചര്യ പിന്തുടർന്ന്, നിത്യജീവിതത്തിലെ കാര്യങ്ങൾ അടുക്കോടെയും ചിട്ടയോടെയും ചെയ്യാൻ ശ്രമിക്കുക.

വ്യായാമം
ദിവസവും അരമണിക്കൂറെങ്കിലും വ്യായാമത്തിനു വേണ്ടി മാറ്റി വയ്ക്കണം. കഴിയുന്നതും ഉറങ്ങുന്നതിനു അഞ്ചു മണിക്കൂർ മുൻപായി വ്യായാമം ചെയ്യാൻ ശ്രമിക്കുക.

രാത്രിഭക്ഷണം
ലഘുവായതും ധാരാളം പ്രോട്ടീൻ അടങ്ങിയതുമായ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക.

എണ്ണ തേച്ചുകുളി
ഉറക്കപ്രശ്നങ്ങൾ പരിഹരിക്കാൻ ആയുർവേദം പറയുന്ന പ്രധാന കാര്യങ്ങളിൽ ഒന്നാണ് സ്ഥിരമായുള്ള എണ്ണതേച്ചുകുളി. എന്നാൽ തിരക്കേറിയ ജീവിതത്തിൽ പലരെ സംബന്ധിച്ചും നിത്യേനയുള്ള എണ്ണതേച്ചുകുളി ബുദ്ധിമുട്ടാവും. അതിനു പകരം പാദഭ്യംഗ ശീലമാക്കാം. ക്ഷീരഫല പോലുള്ള​ എണ്ണ ഉപയോഗിച്ച് ഉള്ളം കാലിൽ ചെറുതായി മസാജ് ചെയ്യുന്നതിനാണ് പാദഭ്യംഗ എന്നു പറയുന്നത്. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് വേണം ഇത് ചെയ്യാൻ.

ഡിജിറ്റൽ ഡിറ്റോക്സിംഗ്
എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാൻ ശ്രമിക്കുക. ഒപ്പം കിടക്കുന്നതിനു ഒരു മണിക്കൂർ മുൻപു തന്നെ മൊബൈൽ, കമ്പ്യൂട്ടർ, ലാപ്ടോപ്പ്, ടിവി പോലുള്ള ഡിജിറ്റൽ ഉപകരണങ്ങൾ എല്ലാം മാറ്റിവയ്ക്കാൻ ശീലിക്കുക. ഇവയെല്ലാം ഉറക്കത്തിൽ നിന്നും ശ്രദ്ധ അകറ്റുന്നവയാണ്.

“രൂക്ഷമായ ഉറക്കപ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നവർ നേരിട്ട് ഒരു ആയുർവേദ ഡോക്ടറെ കണ്ട് ഓരോരുത്തർക്കും അനുയോജ്യമായ രീതിയിൽ ശിരോധാര, തൈലധാര, തക്രധാര, ക്ഷീരധാര പോലുള്ള ചികിത്സാരീതികൾ സ്വീകരിക്കുന്നതാവും അഭികാമ്യം,” ഡോ. ജസ്ന കൂട്ടിച്ചേർക്കുന്നു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: These things will help you sleep better at night ayurveda

Best of Express