പ്രതിരോധശേഷി വർധിപ്പിക്കുന്നതിലും മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിലും നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. അതുപോലെ തന്നെ, തെറ്റായ ഭക്ഷണം തിരഞ്ഞെടുക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും, പ്രത്യേകിച്ച് പ്രമേഹം, രക്താതിമർദ്ദം, പിസിഒഎസ് മുതലായ രോഗങ്ങൾ ഉള്ളവരിൽ. അതുപോലെ, തൈറോയ്ഡ് സംബന്ധമായ തകരാറുള്ളവരിൽ അദ്ഭുതം സൃഷ്ടിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്.
തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ പിന്തുണയ്ക്കാൻ സഹായിക്കുന്ന അത്തരം ചില ഭക്ഷണങ്ങളെക്കുറിച്ച് ന്യൂട്രീഷ്യനിസ്റ്റ് ലവ്നീത് ബത്ര ഇൻസ്റ്റാഗ്രാമിൽ എഴുതിയിട്ടുണ്ട്.
മത്തങ്ങ വിത്തുകൾ
തൈറോയ്ഡ് ഹോർമോണായ ടി4 (തൈറോക്സിൻ)നെ ടി3 (ട്രൈയോഡോതൈറോണിൻ) ആക്കി മാറ്റുന്നതിന് ആവശ്യമായ സിങ്ക് സമൃദ്ധമായ ഉറവിടമാണ് മത്തങ്ങ വിത്തുകൾ. ഇവയിൽ സിങ്ക് ധാരാളം അടങ്ങിയിട്ടുണ്ട്. മറ്റ് വിറ്റാമിനുകളും ധാതുക്കളും ആഗിരണം ചെയ്യുന്നതിനും സജീവമല്ലാത്ത തൈറോയ്ഡ് ഹോർമോണിന്റെ സമന്വയത്തിനും പരിവർത്തനത്തിനും ഇവ ആവശ്യമാണെന്ന് ബിഎച്ച്എംഎസ് ന്യൂട്രീഷ്യനിസ്റ്റ് ആൻഡ് ഡയറ്റീഷ്യൻ ഡോ.സ്മൃതി ജുൻജുൻവാല ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു.
കറിവേപ്പില
കറിവേപ്പില ചെമ്പിന്റെ നല്ല സ്രോതസ്സാണ്. ഇത് T4 ന്റെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. കറിവേപ്പിലയിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് കാൽസ്യം. ഇത് രക്തത്തിലെ ടി 4 ഹോർമോണിന്റെ അമിതമായ ആഗിരണത്തെ തടയാൻ സഹായിക്കുന്നു. മുടി കൊഴിച്ചിൽ, ബലഹീനത തുടങ്ങിയ തൈറോയ്ഡ് ഹോർമോണുകളുടെ കുറവ് മൂലം ഉണ്ടാകുന്ന മറ്റ് ലക്ഷണങ്ങളെയും നിയന്ത്രിക്കുന്നു.
സബ്ജ സീഡ്സ്
സബ്ജ വിത്തുകളിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയായ പ്രവർത്തനത്തെ ഇത് സഹായിക്കുന്നു.
മുള്ളഞ്ചീര
T4-നെ T3-ലേക്ക് പരിവർത്തനം ചെയ്യുന്നതിന് ആവശ്യമായ സെലിനിയത്തിന്റെ സമ്പന്നമായ ഉറവിടമാണ് മുള്ളഞ്ചീര.
ചെറുപയർ
മിക്ക പയർവർഗങ്ങളെയും പോലെ ചെറുപയറും അയോഡിൻ നൽകുന്നു. മറ്റെല്ലാ പയർവർഗങ്ങളെ അപേക്ഷിച്ച് ദഹിക്കാൻ ഏറ്റവും എളുപ്പമുള്ളവയാണ്. അതിനാൽ തന്നെ തൈറോയ്ഡ് രോഗികൾക്കുള്ള സൂപ്പർഫുഡാണ്. അയോഡിൻറെ കുറവ് നികത്താൻ പര്യാപ്തമായ ഇൻഫ്യൂസ്ഡ് ധാതുക്കളോടൊപ്പം ധാരാളം നാരുകളും ഇതിലുണ്ട്.
തൈര്
തൈര് അയോഡിന്റെ മികച്ച ഉറവിടം കൂടിയാണ്. ഇതൊരു പ്രോബയോട്ടിക് സൂപ്പർഫുഡ് ആയതിനാൽ, കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. പല തൈറോയ്ഡ് പ്രശ്നങ്ങളും ഓട്ടോഇമ്മ്യൂൺ രോഗം മൂലമാണ് ഉണ്ടാകുന്നത്. തൈറോയിഡിന് ഏറ്റവും മികച്ചത് കൊഴുപ്പ് കുറഞ്ഞതോ ഗ്രീക്ക് യോഗർട്ടോ ആയിരിക്കും. ഇവയിൽ ഉയർന്ന പ്രോട്ടീനുകളും അയോഡിനും വിറ്റാമിൻ ഡിയും അടങ്ങിയിട്ടുണ്ട്. തൈറോയ്ഡ് ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുന്നതിന് അയോഡിൻ ആവശ്യമാണ്. ഓട്ടോഇമ്മ്യൂൺ തൈറോയ്ഡ് രോഗം ഒഴിവാക്കുന്നതിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും വിറ്റാമിൻ ഡി ആവശ്യമാണ്.
മാതള നാരങ്ങ
മാതള നാരങ്ങയിലെ പോളിഫെനോളുകൾ ശരീരത്തിൽ നിന്ന് ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. ഇത് വീക്കം കുറയ്ക്കുകയും തൈറോയ്ഡ് ഗ്രന്ഥിയെ സംരക്ഷിക്കുകയും ചെയ്യുന്നു. തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനം കുറയ്ക്കാൻ സഹായിക്കുന്ന എലാജിക് ആസിഡിന്റെ ഉയർന്ന ഉള്ളടക്കം മാതള നാരങ്ങയിലുണ്ട്. അതിനാൽ ഹൈപ്പർതൈറോയിഡിസമുള്ളവർക്ക് ഈ പഴങ്ങൾ ഉപയോഗിക്കാം. ഇതിലെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ഓക്‌സിഡേറ്റീവ് ഗുണങ്ങൾ ഹൈപ്പോതൈറോയിഡിസത്തിന്റെ ഫലങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു.