അധികമായാൽ അമൃതും വിഷം എന്നല്ലേ? അമൃത് മാത്രമല്ല ഏത് ആഹാരമായാലും കാര്യം സത്യമാണ്. യാതൊരു നിയന്ത്രണവുമില്ലാതെ അനാവശ്യമായി ഭക്ഷണം കഴിക്കുന്നത് തീർത്തും അനാരോഗ്യകരമായ പ്രവണതയാണ്. അതും ഒരേ ഭക്ഷണമെങ്കിലോ? പറയേണ്ടതില്ല. അല്ലേ?
“ഏതൊരു ഭക്ഷണമായാലും കഴിക്കാൻ തോന്നുമ്പോൾ കഴിക്കുന്നതിൽ തെറ്റില്ല. പക്ഷേ ഒരു നിയന്ത്രണവുമില്ലാതെ അധികമായി കഴിക്കുന്നത് ഈറ്റിങ് ഡിസോഡറിന്റെ ലക്ഷണമാണ്. ഇതുമൂലം നിങ്ങൾക്ക് മറ്റ് ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെയാകും. കൂടാതെ മേൽപ്പറഞ്ഞ ഭക്ഷണ പദാർത്ഥത്തോടുള്ള വൈകാരികമായ ഒരു ആശ്രിതത്വത്തിനും ഇത് കാരണമായേക്കാം,” ന്യൂട്രസി ലൈഫ്‌സ്റ്റൈൽ സിഇഒയും ന്യൂട്രീഷ്യനിസ്റ്റുമായ ഡോ.രോഹിണി പാട്ടീൽ പറയുന്നു.
എന്നാൽ മറ്റുള്ളവയേക്കാൾ കൂടുതൽ അളവിൽ കഴിക്കാവുന്ന, കഴിച്ചാൽ ആരോഗ്യപ്രശ്‍നങ്ങളിലേക്ക് നയിക്കാത്ത, ചിലതരം ഭക്ഷണങ്ങളുമുണ്ടെന്നും ഡോ.രോഹിണി പറഞ്ഞു. അവയിൽ ചിലത് ഇവയാണ്.
വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ
വിറ്റാമിൻ സി വെള്ളത്തിൽ ലയിക്കുന്നവയാണ്. ഇവ മൂത്രത്തിലൂടെ നീക്കം ചെയ്യപ്പെടുന്നതുകാരണം വലിയ അളവിൽ കഴിച്ചാലും ഇത്തരം ആഹാരങ്ങൾ ശരീരത്തെ പ്രതികൂലമായി ബാധിക്കില്ല. കൂടാതെ ശരീര കോശങ്ങളുടെ വളർച്ചയ്ക്കും വികാസത്തിനും ഇവ ആവശ്യവുമാണ്. കൊളാജന്റെ രൂപീകരണം, ഇരുമ്പിന്റെ ആഗിരണം, രോഗപ്രതിരോധ സംവിധാനത്തിന്റെ ശരിയായ പ്രവർത്തനം, പല്ലുകൾ, അസ്ഥികൾ എന്നിവയുടെ പരിപാലനം എന്നിങ്ങനെയുള്ള ശരീരപ്രവർത്തനങ്ങൾക്കും ഇവ അനിവാര്യമാണ്. കൂടാതെ, വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങളുടെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ വിട്ടുമാറാത്ത രോഗങ്ങൾക്കെതിരെയുള്ള ശരീരത്തിന്റെ പോരാട്ടത്തിലും കണ്ണുകളുടെ സംരക്ഷണത്തിലും തിമിര സാധ്യത കുറയ്ക്കുന്നതിലും മറ്റും ഫലപ്രദവുമാണ്.
ബ്ലൂബെറി
ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ ഇവയ്ക്ക് രോഗ പ്രതിരോധ ശേഷിയുമുണ്ട്. മാറാരോഗങ്ങളെ ചെറുക്കുന്നതിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലും ഇവ ഫലപ്രദമാണ്. സരസഫലങ്ങൾ കഴിക്കുന്നത് ശരിയായ ഉപാപചയപ്രവർത്തനത്തിന് സഹായിക്കും. കൂടാതെ നാരുകളുള്ള, കലോറി വളരെ കുറവായ ഇവ കഴിക്കുന്നത്തിലൂടെ ശരീരഭാരം കൂടുമെന്നും ആശങ്കപ്പെടേണ്ട.
ഉയർന്ന ജലാംശമുള്ള ഭക്ഷണങ്ങൾ
വെള്ളരിക്ക, തണ്ണിമത്തൻ തുടങ്ങിയവ ജലാംശം അധികമുള്ള എന്നാൽ കലോറി കുറഞ്ഞ ഭക്ഷണങ്ങളാണ്. ഇവ ഹൃദ്രോഗത്തെ തടയുന്നു. ഇവയിലെ ആന്റിഓക്‌സിഡന്റുകൾ കോശങ്ങളുടെ പുനരുജ്ജീവനത്തിനും പ്രായമാകൽ പ്രക്രിയയെ മന്ദഗതിയിലാക്കുന്നതിനും സഹായിക്കുന്നു. കൂടാതെ വെള്ളരിക്ക കഴിക്കുമ്പോൾ അവയുടെ തൊലി കളയാതിരിക്കാൻ ശ്രദ്ധിക്കുക. കാരണം ഇവയുടെ വിത്തുകളിലും തൊലിയിലുമാണ് ഏറ്റവും കൂടുതൽ പോഷകമൂല്യമുള്ളത്.
“ഇതൊക്കയാണെങ്കിലും എത്രത്തോളം ഒരേ ആഹാരം കഴിക്കുന്നുവെന്ന ബോധ്യം ഉണ്ടാവേണ്ടത് അനിവാര്യമാണ്. ഏത് ഭക്ഷണമായാലും അവ അമിതമായി കഴിക്കുന്നത് പാർശ്വഫലങ്ങൾ ഉണ്ടാക്കും. അത് മൊത്തത്തിലുള്ള ആരോഗ്യത്തെ ദോഷകരമായി ബാധിക്കും,” ഡോ.രോഹിണി വീണ്ടും ഓർമിപ്പിച്ചു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.