/indian-express-malayalam/media/media_files/uploads/2023/07/Food-1.jpg)
Source: Pixabay
നമ്മൾ കഴിക്കുന്ന ഭക്ഷണം ആരോഗ്യകരമാണോ അല്ലയോ എന്ന കാര്യത്തിൽ ശ്രദ്ധ വേണ്ടതുണ്ട്. ചിലപ്പോൾ ആരോഗ്യത്തിന് ദോഷമാണെന്ന് തെറ്റിദ്ധരിച്ച് ചില ഭക്ഷണങ്ങൾ പൂർണമായും ഉപേക്ഷിക്കാറുണ്ട്. നിങ്ങളുടെ പാത്രത്തിൽ എല്ലാത്തരം പോഷകങ്ങളുടെയും സംയുക്തങ്ങളുടെയും ശരിയായ ബാലൻസ് ഉള്ളപ്പോഴാണ് ഒരു ഭക്ഷണക്രമം ആരോഗ്യകരമാണെന്ന് പറയാനാകുക.
അനാരോഗ്യകരമാണെന്ന് കരുതി നമ്മളിൽ പലരും ഒഴിവാക്കുന്ന 5 ഭക്ഷണങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്. വാസ്തവത്തിൽ, അവ നമ്മൾ കരുതുന്നപോലെ ആരോഗ്യത്തിന് ദോഷകരമല്ല.
- ഉരുളക്കിഴങ്ങ്
നമ്മുടെയൊക്കെ അടുക്കളകളിൽ സാധാരണയായി കാണപ്പെടുന്ന പച്ചക്കറികളിൽ ഒന്നാണ് ഉരുളക്കിഴങ്ങ്. നിർഭാഗ്യകരമെന്നു പറയട്ടെ, നമ്മുടെ ആരോഗ്യകരമായ ഭക്ഷണക്രമങ്ങളിൽ അവ പലപ്പോഴും ഇടം കണ്ടെത്താറില്ല. എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ?. അന്നജത്തിന്റെ അംശമുള്ളതിനാൽ ഉരുളക്കിഴങ്ങ് കഴിച്ചാൽ ശരീര ഭാരം കൂട്ടുമെന്ന് ആളുകൾ ചിന്തിക്കുന്നു. എന്നാൽ, സത്യം ഇതിനു വിപരീതമാണ്. ഉരുളക്കിഴങ്ങിൽ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, നല്ല അളവിൽ നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ശരിയായ അളവിൽ കഴിച്ചാൽ, മികച്ച രുചിയോടൊപ്പം ഈ ഗുണങ്ങളെല്ലാം ആസ്വദിക്കാം.
- വെള്ള അരി
ആളുകൾ വെള്ള അരിക്കുപകരം ബ്രൗൺ റൈസ്, തിനകൾ എന്നിവയും മറ്റും ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നു. തിനയുടെയും മട്ട അരിയുടെയും ആരോഗ്യഗുണങ്ങളെ നിഷേധിക്കുന്നില്ലെങ്കിലും അത് വെള്ള അരിയുടെ ഗുണം കുറയ്ക്കുന്നില്ല. വെള്ള അരി ഗ്ലൂറ്റൻ രഹിതമാണ്, ധാരാളം ഊർജം നൽകുന്നു. മാത്രമല്ല, എളുപ്പത്തിൽ ദഹിക്കും. എന്നിരുന്നാലും, മിതമായ അളവിലേ കഴിക്കാവൂ.
- ചോക്ലേറ്റ്
ചോക്ലേറ്റുകൾ അനാരോഗ്യകരമല്ല. ചോക്ലേറ്റുകളിൽ, പ്രത്യേകിച്ച് ഡാർക്കിൽ, ആന്റിഓക്‌സിഡന്റുകൾ, സിങ്ക്, മഗ്നീഷ്യം, കാൽസ്യം എന്നിവയും മറ്റ് നിരവധി പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ദിവസം മുഴുവൻ ഊർജം നൽകും.
- മുട്ടയുടെ മഞ്ഞക്കരു
മുട്ട കഴിക്കുമ്പോൾ മഞ്ഞക്കരു ഉപേക്ഷിക്കാറുണ്ടെങ്കിൽ ഉടൻ തന്നെ നിർത്തുക. മുട്ടയുടെ മഞ്ഞക്കരു വിറ്റാമിനുകൾ, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവയാൽ നിറഞ്ഞിരിക്കുന്നു. മിതമായ അളവിൽ കഴിച്ചാൽ, മുട്ടയുടെ മഞ്ഞക്കരു ആരോഗ്യത്തിന് ഗുണം ചെയ്യും.
- കോഫി
അമിതമായ കഫീൻ ഉപഭോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന് കണക്കാക്കപ്പെടുന്നു. അതുകൊണ്ടാണ് പലരും ഇത് പൂർണ്ണമായും ഒഴിവാക്കാൻ ഇഷ്ടപ്പെടുന്നത്. ആരോഗ്യകരമായ ഭക്ഷണത്തിൽ മിതമായ അളവിൽ മിക്ക ആളുകൾക്കും കാപ്പി ഉപഭോഗം ഉൾപ്പെടുത്താമെന്ന് ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ ഒരു റിപ്പോർട്ട് പറയുന്നു. പ്രതിദിനം രണ്ട് കപ്പ് കാപ്പി പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, വിഷാദം, കരൾ പ്രശ്നങ്ങൾ എന്നിവയുടെ അപകടസാധ്യതകൾ കുറയ്ക്കുന്നുമെന്ന് റിപ്പോർട്ട് പറയുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗനിർദേശം തേടുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.